Connect with us

Book Review

ഇത്ര ബൃഹത്തായ ഇന്നലെകളോ?

അറക്കല്‍ കുടുംബത്തിൻ്റെ പുതിയാപ്ലയായിരുന്ന മായിന്‍ കുട്ടി എളയയുടെ ഖുര്‍ആന്‍ പരിഭാഷയെക്കുറിച്ച് കേട്ടുതഴമ്പിച്ച കഥയെ തള്ളിക്കളയുന്നുണ്ട് ഈ പുസ്തകം. എതിര്‍പ്പിനെ തുടര്‍ന്ന് ഭാഷാന്തരം ചെയ്ത കോപ്പികള്‍ കടലില്‍ കെട്ടിത്താഴ്ത്തിയെന്ന നുണയെ ലേഖകന്‍ ഖണ്ഡിക്കുന്നു.

Published

|

Last Updated

കണ്ണൂരിൻ്റെ ചരിത്രം കണ്ണൂരിൻ്റെ മാത്രം ചരിത്രമല്ല. ആദാനപ്രദാനങ്ങളുടെയും അധികാരത്തിൻ്റെയും അധിനിവേശത്തിൻ്റെയും വണിക്കുകളുടെയും വാണിജ്യത്തിൻ്റെയും പാണ്ടികശാലകളുടെയും പോര്‍കുതിരകളുടെയും ആനപ്പടയുടെയുമൊക്കെ പുരാവൃത്തം സമശീര്‍ഷ സ്വഭാവമുള്ള ഏതൊരു നഗരത്തിനും സാമാന്യമായുണ്ടാകും. എന്നാല്‍, അതില്‍ നിന്ന് വ്യതിരിക്തമായ എന്തുണ്ട് കണ്ണൂരിന് എന്നതിനുള്ള ഉത്തരമാണ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹനീഫ കുരിക്കളകത്തിൻ്റെ “കണ്ണൂര്‍ സിറ്റിയുടെ ഇന്നലെകള്‍’.
ആ ഇന്നലെകളില്‍ നാം കമ്മട്ടവും നാണയവുമുള്ള അപൂര്‍വം രാജ്യങ്ങളിലൊന്നിനെ കാണുന്നു. കോലത്തിരിയും ചെറുശ്ശേരി കൃഷ്ണ ഗാഥ രചിച്ച കടലായിയും വരുന്നു. ഗള്‍ഫ് കുടിയേറ്റത്തിന് തുടക്കം കുറിച്ചവരിലൊരാളെയും കൊങ്കിണികളെയും കാണുന്നു. വിദേശത്ത് ചെന്ന് ആ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് പോരാടി ഒടുവില്‍ നാടുകടത്തലില്‍ സ്വന്തം നാടുപിടിച്ച ശേഷം കാലാവസ്ഥയെക്കുറിച്ചെഴുതിയ കെ കോയയെ കണ്ടുമുട്ടുന്നു. കേരളത്തില്‍ തന്നെ വിപുലമായി നബിദിന പരിപാടികള്‍ ആദ്യമായി സംഘടിപ്പിച്ചത് അടയാളപ്പെടുത്തുന്നു. വ്യവസ്ഥാപിത രീതിയില്‍ മദ്‌റസ ആരംഭിക്കണമെന്ന് സമസ്തയുടെ 1945ലെ പതിനാറാം സമ്മേളനത്തില്‍ പ്രമേയമവതരിപ്പിച്ച മുശാവറ അംഗം പാലോട്ട് മൂസക്കുട്ടി ഹാജി കണ്ണൂര്‍ നഗരവാസിയായിരുന്നു. ആ പ്രമേയത്തെ എം എ എബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പിന്താങ്ങിയെന്ന് ചരിത്രം. മലബാര്‍ സമരത്തിലെ പ്രതിനായകനായി അറിയപ്പെടുന്ന ആമു സൂപ്രണ്ടിനെപ്പറ്റിയുമുണ്ട് പുസ്തകത്തില്‍. കുഞ്ഞാലിമരക്കാര്‍ക്ക് മുമ്പേ പറങ്കികൾ പേടിച്ചിരുന്ന അറക്കല്‍ നാവിക സേനാനായകന്‍ ബലിയ ഹസ്സൻ്റെ പോരിശയും സിറ്റിക്ക് സ്വന്തം. വടക്കന്‍പാട്ടിലൂടെ സുപരിചിതനായ പയ്യമ്പള്ളി ചന്തുവരുന്നു.

അറക്കല്‍ കുടുംബത്തിൻ്റെ പുതിയാപ്ലയായിരുന്ന മായിന്‍ കുട്ടി എളയയുടെ ഖുര്‍ആന്‍ പരിഭാഷയെക്കുറിച്ച് കേട്ടുതഴമ്പിച്ച കഥയെ തള്ളിക്കളയുന്നുണ്ട് ഈ പുസ്തകം. എതിര്‍പ്പിനെ തുടര്‍ന്ന് ഭാഷാന്തരം ചെയ്ത കോപ്പികള്‍ കടലില്‍ കെട്ടിത്താഴ്ത്തിയെന്ന നുണയെ ലേഖകന്‍ ഖണ്ഡിക്കുന്നു. മൂലകോപ്പികള്‍ ഇന്നും നിലവിലുണ്ടെന്നും അത് ആരുടെ അടുത്തെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ പാര്‍സിയില്‍ രചിച്ച ശുഅബുല്‍ ഈമാന്‍ അറബിയിലേക്ക് മൊഴിമാറ്റിയയാളാണ് മായിന്‍ കുട്ടി എളയ. ആഖിബത്ത് മാല, റിളാമാലയൊക്കെ എഴുതിയ വ്യക്തി. ഹാജിമാര്‍ക്കായി മക്കത്ത് കേയി റുബാത്ത് പണിത അതേ ആള്‍.
ദാര്‍ശനികനായിരുന്ന ഇച്ച മസ്താനെന്ന സൂഫി പന്ത്രണ്ടായിരത്തോളം വിരുത്തുങ്ങള്‍ രചിച്ചുവെന്നാണ് പറച്ചില്‍. കണ്ണൂര്‍ വെളുത്താണ്ടി തറവാട്ടിലെ അബ്ദുല്‍ ഖാദിര്‍, പിച്ചളപ്പാത്ര കച്ചവടവുമായുള്ള അലച്ചിലില്‍ മിസ്റ്റിക് ആയ കിസ്സ പറയുന്നുണ്ട് പുസ്തകം. സഞ്ചാരത്തിനിടയില്‍ കിട്ടിയ ചെന്തമിഴിലെഴുതിയ ചെമ്പോലെ തകിടിലെ “അല്ലഫല്‍ അലിഫി’ൻ്റെ അര്‍ഥം തേടിയുള്ള യാത്ര എത്തിച്ചേര്‍ന്നത് കായല്‍പ്പട്ടണം സ്വദഖത്തുല്ലാഹില്‍ ഖാഹിരിയില്‍. അവിടെ നിന്ന് ശിഷ്യത്വവും വിശദീകരണവും കിട്ടി. അതോടെ, മലയാളം, ചെന്തമിഴ്, സംസ്‌കൃതം, ഉറുദു, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകള്‍ ചേര്‍ത്ത് വിരുത്തങ്ങളുടെ വരവായിരുന്നു. ചുമരുകളിലും കൈയില്‍ കിട്ടിയ കടലാസുതുണ്ടുകളിലും രചനകള്‍ പടര്‍ന്നു. ഇച്ചമസ്താനെ ശ്രീനാരായണ ഗുരു സന്ദര്‍ശിച്ച കഥയും പറയുന്നു പുസ്തകം.
1895ല്‍ മദ്‌റസ ആരംഭിച്ച കോയിക്ക ഇംഗ്ലീഷ്, ഉറുദു, അറബി ഭാഷകളും പഠിപ്പിച്ചു. കണ്ണൂര്‍ സിറ്റിയില്‍ അദ്യമായി ആരംഭിച്ച ദര്‍സ് 1930ല്‍ പാലമാടത്തില്‍ അറക്കല്‍ രാജാവിൻ്റെ അധ്യക്ഷതയില്‍ ഖുതുബി മുഹമ്മദ് മുസ്‌ലിയാരാണ് ഉദ്ഘാടനം ചെയ്തതെന്ന് പുസ്തകത്തില്‍ കാണാം.
കോലത്തിരിയും പടനായകന്‍ പയ്യമ്പള്ളി ചന്തുവും ആദിയിലെ ചരിത്രത്തില്‍ വരുമ്പോള്‍ തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ച സി കണ്ണനും രാഷ്ട്രീയത്തില്‍ രാജ്യാതിര്‍ത്തികള്‍ കടന്ന ഇ അഹമ്മദും പില്‍ക്കാലത്ത് ആ നാടിനെ അടയാളപ്പെടുത്തി. ലബ്ബത്തെരുവുണ്ടായതെങ്ങനെയെന്നും ഷേണായിമാരുടെയും കമ്മത്തുമാരുടെയും പൈമാരുടെയും പ്രഭുമാരുടെയും നാടുകൂടിയായി കണ്ണൂര്‍ പരിണമിച്ചതെങ്ങനെയെന്ന് പുസ്തകത്തില്‍ കാണാം. ശ്രീലങ്കന്‍ രാഷ്ട്രീയ നേതൃത്വവുമായി വലിയ ബന്ധമുണ്ടായിരുന്ന അബ്ദുര്‍റഹ്മാന്‍ ജിഫ്‌രി തങ്ങള്‍ അവിടുത്തെ വിശിഷ്ട അതിഥിയായത് ഖാദിരിയ്യ ത്വരീഖത്തിൻ്റെ ഇഴയടുപ്പത്തിലൂടെയായിരുന്നു.

ഇന്ത്യന്‍ നീതിപീഠത്തിന് കണ്ണൂര്‍ നഗരം നല്‍കിയ സംഭാവനയായ ജസ്റ്റിസ് വി ഖാലിദ്; ശാബാനു കേസ്, ഇന്ദിരാ ഗാന്ധി വധക്കേസ്, രാജന്‍ കേസ് തുടങ്ങിയവയില്‍ വിധി പറഞ്ഞു. പോരാട്ടങ്ങളുടെ പര്യായമായ സി കണ്ണന്‍, സിനമാ സംഗീത സംവിധായകന്‍ എ ടി ഉമ്മര്‍, മുജാഹിദ് പ്രചാരകനായ പി അബ്ദുല്‍ ഖാദിര്‍ മൗലവി, പി എം മുസ്തഫ പൂക്കോയ തങ്ങള്‍, ലീഗ് സംഘാടകനും പത്രപ്രവര്‍ത്തകനുമായ ഒ കെ മുഹമ്മദ് കുഞ്ഞി, ബ്രിട്ടീഷ് ദിവാന്‍ നാടുകടത്തിയപ്പോള്‍ കണ്ണൂരിലെത്തിയ ദളിത് സ്ത്രീയെ വിവാഹം ചെയ്തതിനാല്‍ പുലച്ചിപ്പിള്ളയെന്ന് ആക്ഷേപത്തിനിരയായ കെ വാസുദേവ പിള്ള, കച്ചവട പ്രമുഖനായ ഹാജി കെ അസൈനാര്‍ അങ്ങനെ ഒരുപാട് മനുഷ്യര്‍. ദീനുല്‍ ഇസ്‌ലാം സഭ, മൗലാ മഖാം, നേര്‍ച്ചകള്‍, നേര്‍ച്ചപ്പാട്ട്, അരട്ടക്കപ്പള്ളി മഖാം, ബംഗാളി മൊഹല്ല, ആനയിടുക്ക്, അഹ്മദികളുടെ കഥകള്‍, മാമൂലുകള്‍, അങ്ങനെ അങ്ങനെയൊരുപാട് സാമൂഹിക ചരിത്രങ്ങള്‍. മപ്പിള ബേ… ഇങ്ങനെ ചുരുക്കിയും പരത്തിയും പറയാവുന്ന വലിയൊരു ഭൂതകാലത്തെ വഹിക്കുന്നുണ്ട് കണ്ണൂര്‍ സിറ്റി.
വലിയ പഠനങ്ങള്‍ക്ക് വിധേയമായ ഒരു നാട് കൂടിയാണ് ഇത്. സഞ്ചാരികളായ ബുക്കാനിൻ്റെയും പിറാഡ് ഡിറവേലിൻ്റെയും വിവരണങ്ങള്‍ മുതല്‍ “അറക്കല്‍ വംശം’ എഴുതിയ കെ കെ എന്‍ കുറുപ്പ് വരെ. അറക്കല്‍ രാജവംശത്തെപ്പറ്റി പരത്തിപ്പഠിച്ച നോവിയേ വ ബുഷേം ഫ്രഞ്ച് ഭാഷയിലാണ് കണ്ണൂരിൻ്റെ കഥ പറഞ്ഞത്. ഇപ്പോഴിതാ, എഴുപത്തേഴ് മുതല്‍ എഴുത്തുകാരനും രണ്ടര പതിറ്റാണ്ടോളം പത്രക്കാരനുമായ ഒരു കണ്ണൂര്‍ സിറ്റിക്കാരന്‍ സ്വന്തം നാടിൻ്റെ കഥ എഴുതിയിരിക്കുന്നു. പരന്നുകിടക്കുന്ന ആ നാടിൻ്റെ ചരിത്രം പരിഗണിക്കുമ്പോള്‍ ഹ്രസ്വമെന്നു തോന്നാമെങ്കിലും സമഗ്രമായി സമര്‍ഥിക്കുന്നതാണ് ഹനീഫ കുരക്കളകത്തിൻ്റെ കണ്ണൂര്‍ സിറ്റിയുടെ ഇന്നലെകള്‍. ചരിത്രം വായിക്കുമ്പോഴുള്ള സഹജമായ മടുപ്പ് ഒരിക്കൽ പോലും തോന്നിപ്പിക്കാതെ വായിക്കാവുന്ന പുസ്തകം. പ്രസാധകർ സിറ്റി സ്‌നേഹ തീരം, വിതരണം വചനം ബുക്‌സ്. വില 300 രൂപ.

സീനിയർ സബ് എഡിറ്റർ, സിറാജ്

Latest