Kerala
സന്നിധാനത്ത് ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ
അഞ്ച് അണലികളെയും 14 കാട്ടുപാമ്പുകളെയും ഉള്‍പ്പെടെയാണ് പിടികൂടിയത്
പത്തനംതിട്ട | ശബരിമല തീര്‍ഥാടനം തുടങ്ങിയ ശേഷം സന്നിധാനത്തുനിന്ന് ഇതുവരെ 33 പാമ്പുകളെ വനം വകുപ്പ് പിടികൂടി ഉള്‍വനത്തില്‍ വിട്ടു.
അഞ്ച് അണലികളെയും 14 കാട്ടുപാമ്പുകളെയും ഉള്‍പ്പെടെയാണ് പിടികൂടിയത്. തീര്‍ഥാടന കാലം സുരക്ഷിതമാക്കുന്നതിന് വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സന്നിധാനത്തെ വനം വകുപ്പ് സ്പെഷ്യല്‍ ഓഫീസര്‍ ടി ലിതേഷ് പറഞ്ഞു. സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉള്‍വനത്തില്‍ വിട്ടു. അംഗീകൃത പാമ്പ് പിടുത്തക്കാരും എലിഫന്റ് സ്‌കോഡുകളും ഉള്‍പ്പെടെയുള്ള വനപാലകര്‍ തീര്‍ഥാടകരുടെ സുരക്ഷ ഒരുക്കാന്‍ സജ്ജരാണ്.
സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറുക്ക് വഴികളിലൂടെ യാത്ര ചെയ്യുന്നത് അപകടസാധ്യതകള്‍ ഉണ്ടാക്കും. ആദിവാസി വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെടുന്ന വനംവകുപ്പിന്റെ എക്കോ ഗാര്‍ഡുകളും തീര്‍ഥാടകര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്.
പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂമാണ് വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ശബരിമലയിലെ വനംവകുപ്പ് കണ്‍ട്രോള്‍ റൂം നമ്പര്‍: 04735-202077.