Articles
അപ്പോൾ എന്ത് പ്രബുദ്ധതയാണ് നാം ആര്‍ജിച്ചത്?
നമ്മുടെ സംവിധാനങ്ങള്‍ എത്ര കാലഹരണപ്പെട്ടതാണെന്ന് ആലോചിച്ചു നോക്കൂ. വേനല്‍ കാലത്ത് പുഴകളും തോടുകളും വൃത്തിയാക്കേണ്ട രീതിയും അനിവാര്യതയും, മിന്നല്‍ മഴ വന്നാല്‍ വെള്ളത്തെ പുറത്തേക്കൊഴുക്കേണ്ട രീതി തുടങ്ങിയവയെല്ലാം ഇപ്പോഴും നമുക്കന്യമാണ്. ഉരുള്‍പൊട്ടല്‍ നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുണ്ടക്കൈ നിവാസികള്‍ക്ക് എന്തുപറ്റിയെന്ന് ഈ നാലാം വ്യാവസായിക വിപ്ലവ കാലത്ത് നാം അറിഞ്ഞില്ലെന്നത് എത്ര വേദനാജനകമാണ്.
വയനാട് ഉരുള്‍പൊട്ടല്‍ നടന്ന് രണ്ട് ദിവസം കഴിഞ്ഞ് മലപ്പുറം മുനിസിപാലിറ്റിയിലെ ചെറിയൊരു തോട്ടില്‍, എനിക്ക് പരിചയമുള്ള ഒരാള്‍ മുങ്ങിപ്പോയെന്ന വിവരം ലഭിച്ചു. ഫയര്‍ ഫോഴ്സ് മുങ്ങിത്തിരച്ചിലിന് ആവശ്യമായ ഓക്‌സിജന്‍ സിലിന്‍ഡറുകളും മറ്റുമായി സ്ഥലത്തെത്തുകയും അഞ്ചരയോടെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് തിരികെ കയറുകയും ചെയ്തു. നാട്ടുകാരുടെ ശ്രമഫലമായി അദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചുവെങ്കിലും ഒരുകൂട്ടം ചോദ്യങ്ങള്‍ ബാക്കിനിര്‍ത്തുന്ന സംഭവമായിരുന്നുവത്, മറ്റെല്ലാ മുങ്ങി മരണങ്ങള്‍ പോലെയും. ശേഷം, രണ്ട് ദിവസം കഴിഞ്ഞ് വായനാട്ടില്‍ നിന്ന് മറ്റൊരു വാര്‍ത്ത വന്നു. മണ്ണിനടിയില്‍ കുടുങ്ങിപ്പോയ മനുഷ്യരുടെ സാന്നിധ്യം കണ്ടെത്താന്‍ ഡല്‍ഹിയില്‍ നിന്ന് റോബോട്ട് ഘടിപ്പിച്ച ഡ്രോണ്‍ വരുന്നു. ടി വിയിലും വാര്‍ത്താ പോര്‍ട്ടലുകളിലുമെല്ലാം ഈ വാര്‍ത്ത നിറഞ്ഞുനിന്നു.
പ്രകൃതി ക്ഷോഭങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കൂടുതല്‍ സാധ്യതകളുള്ള നാടാണ് കേരളം. കടല്‍, മലകള്‍, പുഴകള്‍, ഡാമുകള്‍, കൊടുങ്കാറ്റുകള്‍, അലക്ഷ്യമായി വളരുന്ന മരങ്ങള്‍, നാടൊട്ടുക്കും കെട്ടിത്തൂക്കിയ വൈദ്യുതി കമ്പികള്‍, വന്യമൃഗങ്ങള്‍, മിന്നല്‍ മഴകള്‍ തുടങ്ങി ഇതിന് പലവിധ കാരണങ്ങളുണ്ട്. കേരളത്തില്‍ 17 തരം പ്രകൃതി ദുരന്തങ്ങള്‍ക്കും 22 തരം മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നത്. ഇത്രയും അപകടകരമായ ഭൂമിശാസ്ത്ര പ്രാധാന്യമുള്ള ഒരു നാടായിട്ടും മാറിമാറി വരുന്ന നമ്മുടെ സര്‍ക്കാറുകളും മറ്റു സംവിധാനങ്ങളും നാം പൊതുസമൂഹം തന്നെയും എത്രമാത്രം മുന്‍കരുതലുകളും തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് ആഴത്തില്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബഹിരാകാശവും സൂര്യനും ചന്ദ്രനും അതിനപ്പുറവുമെല്ലാം സ്വന്തമാക്കിയെന്ന് അഹങ്കരിക്കുമ്പോള്‍ തന്നെ, അപകടഘട്ടങ്ങളില്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനുള്ള എന്ത് സംവിധാനവും സാങ്കേതിക വിദ്യയുമാണ് നാം നേടിയെടുത്തത് എന്ന ചോദ്യത്തിന് വളരെയേറെ പ്രസക്തിയുണ്ട്. നമുക്ക് വേണ്ടത് ന്യൂനാല്‍ ന്യൂനപക്ഷത്തിന് പഠിക്കാനും ആസ്വദിക്കാനുമുള്ള ആകാശ പാളികളല്ലെന്നും, മറിച്ച് കോടാനുകോടി മനുഷ്യരുടെ ജീവന്‍ മുള്‍മുനയില്‍ നില്‍ക്കുന്ന അപകടാവസ്ഥയെ തരണം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങളാണെന്നും ഇനിയെങ്കിലും പറയാന്‍ മടി കാണിക്കരുത്. അത്തരം ഗവേഷണങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ എത്ര ഫണ്ട് ചെലവഴിച്ചു, എന്തെല്ലാം ചെയ്തുവെന്നെല്ലാം ഉറക്കെ ചോദിച്ചുകൊണ്ടിരിക്കണം.
അപകടത്തില്‍ അകപ്പെടുന്ന പല മനുഷ്യരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതിരുന്നത് നമ്മുടെ സംവിധാനങ്ങളുടെ പിടിപ്പുകേട് കൊണ്ട് കൂടിയായിരുന്നു. കാലഹരണപ്പെട്ട സംവിധാനങ്ങള്‍ മാത്രമല്ല, ലോകം ഇത്രയും വികസിച്ചിട്ടും ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്നതില്‍ ഒരടി പോലും നമ്മുടെ സംവിധാനങ്ങളും ഏജന്‍സികളും സഞ്ചരിച്ചിട്ടില്ലെന്നത് ഇത്തരം സംഭവങ്ങളിലൊക്കെ സുതരാം വ്യക്തമാണ്. കടലിന്റെ ആഴങ്ങളില്‍ പോയി പ്രവര്‍ത്തിക്കുന്ന റോബോട്ടുകളും നൂറുകണക്കിന് കിലോമീറ്റര്‍ ഉയരങ്ങള്‍ താണ്ടി ബോംബ് വര്‍ഷിക്കാന്‍ കഴിയുന്ന വിമാനങ്ങളും മറ്റുമെല്ലാം കണ്ടെത്തിയിട്ടും അഞ്ച് മീറ്റര്‍ താഴ്ചയില്‍ വെള്ളത്തില്‍ കിടക്കുന്ന ഒരു മനുഷ്യനെ രക്ഷിക്കാന്‍ നമുക്കിപ്പോഴും തോണികള്‍ മാത്രമാണുള്ളത്. നൂറുകണക്കിന് മനുഷ്യര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടും നമ്മുടെ റോബോട്ട് ഡല്‍ഹിയില്‍ നിന്ന് വന്നത് ഒരാഴ്ച കഴിഞ്ഞിട്ട്! എന്ത് പ്രബുദ്ധതയാണ് നമ്മുടെ നാട് ആര്‍ജിച്ചെടുത്തതെന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്തുണ്ട് മറുപടി.
കേരളം കണ്ട വിപത്തുകളെ മുന്‍നിര്‍ത്തി നാം പൂര്‍ണമായും മാറുകയാണ് വേണ്ടത്. ചെറിയൊരു മാറ്റമോ തിരഞ്ഞുപിടിച്ച മിനുക്കു പണികളോ അല്ല ഇനിയാവശ്യം. സമ്പൂര്‍ണ മാറ്റം അനിവാര്യമാണ്; അല്ലെങ്കില്‍ മാറാനുള്ള നമ്മുടെ അവസാന അവസരമാണെന്നും പറയാം. സര്‍ക്കാറുകളും കൂട്ടത്തില്‍ മീഡിയകളുമാണ് ഈ മാറ്റത്തിന് നേതൃത്വം നല്‍കേണ്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് നമ്മുടെ ഡിസ്സാസ്റ്റര്‍ മാനേജ്മന്റ് സംവിധാനം പൂര്‍ണമായും പരിഷ്‌കരിക്കണം. കടലില്‍ പോയവനെയും പുഴയില്‍ മുങ്ങിയവനെയും മണ്ണിനടിയില്‍ കുടുങ്ങിയവനെയും ഞൊടിയിടയില്‍ പൊക്കിക്കൊണ്ടുവരാന്‍ കഴിയുന്ന എ ഐ റോബോട്ടുകളെ നാം വിന്യസിക്കണം. മനുഷ്യരെക്കാളും ലക്ഷക്കണക്കിനിരട്ടി ശക്തിയോടെ ഏത് മലവെള്ളപ്പാച്ചിലിലും മനുഷ്യരെ രക്ഷിക്കാനാകുന്ന റോബോട്ടുകളും നമുക്ക് വേണം. മനുഷ്യരെക്കാള്‍ കൂടുതല്‍ റോബോട്ടുകളും ഡ്രോണുകളും മറ്റു സംവിധാനങ്ങളും പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇത്രയും വലിയ അപകടങ്ങളെ തരണം ചെയ്യാന്‍ കഴിയൂവെന്നത് വ്യക്തമാണല്ലോ. കൂടാതെ ഉരുള്‍പൊട്ടല്‍, മിന്നല്‍ മഴകള്‍, പ്രളയം, കൊടുങ്കാറ്റുകള്‍ തുടങ്ങി എല്ലാം പ്രവചിക്കാന്‍ കഴിയുന്ന എ ഐ ഘടിപ്പിച്ച സംവിധാനങ്ങള്‍ വ്യാപകമായി സജ്ജീകരിക്കേണ്ടിയിരിക്കുന്നു.
ഡിസ്സാസ്റ്റര്‍ മാനേജ്‌മെന്റ് നമുക്കിപ്പോഴും ജില്ലാ ഓഫീസുകളിലും ഒന്നുരണ്ട് സ്റ്റേറ്റ് ഓഫീസുകളിലും ഒതുങ്ങുന്ന ഏര്‍പ്പാടാണെന്ന് പറയുന്നതില്‍ പരിഭവപ്പെടരുത്. കേരളത്തിലെ എല്ലാ കോഴ്സുകളിലും വരേണ്ട അനിവാര്യ പാഠ്യപദ്ധതിയായി ഇത് മാറേണ്ടിയിരിക്കുന്നു- സ്‌കൂള്‍ പുസ്തകങ്ങളില്‍ പോലും. കൂടാതെ, ഡിസ്സാസ്റ്റര്‍ മാനേജ്മന്റ് കോഴ്‌സ് അനുയോജ്യമായ രീതിയില്‍ ലഭിക്കാത്ത ഒരാളും കേരളത്തിലില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഡിസ്സാസ്റ്റര്‍ ലിറ്ററസി പദ്ധതികള്‍ ഇതിനായി സര്‍ക്കാര്‍ ക്രമപ്പെടുത്തുകയും വേണം. കേരളത്തിന്റെ ഏറ്റവും അനിവാര്യമായ ഒരാവശ്യമെന്ന നിലയില്‍ വിദേശ നിക്ഷേപങ്ങളും പഠന സംവിധാനങ്ങളും യൂനിവേഴ്‌സിറ്റികളും ഈ മേഖലയില്‍ വരാനും വളരാനും അവസരം നല്‍കുന്നതും നന്നായിരിക്കും. കൂടാതെ, മീഡിയ, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി തുടങ്ങിയ ഒട്ടനേകം മേഖലകളിലുള്ളവര്‍ക്കും കേരളത്തില്‍ പരന്നുകിടക്കുന്ന സന്നദ്ധ സേവകര്‍ക്കും പ്രത്യേകം കോച്ചിംഗുകളും നിര്‍ബന്ധ കോഴ്സുകളും നടപ്പാക്കേണ്ടതുണ്ട്. കേരള സ്റ്റേറ്റ് ഡിസ്സാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റി എന്ന നമ്മുടെ അത്യുന്നത ബോഡിയെ ശക്തിപ്പെടുത്തണം. കാരണം ഇന്ത്യയിലെ ആദ്യ നാല് റാങ്കിലും നമ്മുടെ സംസ്ഥാനം എത്തിയിട്ടില്ല.
നാം ചെയ്തതെല്ലാം ശരിയാണെന്ന് പറഞ്ഞ് കൈകഴുകുന്നതാവില്ല ഇപ്പോള്‍ ബുദ്ധിപരം. അത് മരണപ്പെട്ടവരോടുള്ള ക്രൂരത മാത്രമാകില്ല, ജീവിച്ചിരിക്കുന്നവരോട് കൂടി കാണിക്കുന്ന ശക്തമായ അപരാധമായിരിക്കും. ശാസ്ത്രീയമായ കാര്യങ്ങൾ ഇപ്പോഴും പഠിച്ചിട്ടില്ല. കേരളത്തിലെ ഓരോ ഡാമും പൊട്ടിയാല്‍ എത്ര അടി വരെ വെള്ളമുയരുമെന്നോ ഏതെല്ലാം പ്രദേശം വെള്ളത്തിനടിയിലാകുമെന്നോ പഠനങ്ങള്‍ വന്നിട്ടില്ല. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒരു അവബോധവും നല്‍കിയിട്ടുമില്ല. മുല്ലപ്പെരിയാര്‍ ഡാമിന്റെ വിഷയത്തില്‍ പോലും ഇതാണവസ്ഥ. മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഉരുള്‍പൊട്ടലിനെക്കുറിച്ചോ അനന്തര പ്രക്രിയകളെക്കുറിച്ചോ അവബോധം നല്‍കിയിട്ടില്ലെന്നതാണ് സത്യം. പുഴകളുടെ സമീപം താമസിക്കുന്നവരുടെയും കടലോരത്തുള്ളവരുടെയും അവസ്ഥ ഇതുതന്നെ. കേരളത്തിലെ ഓരോ വില്ലേജിലും ഓരോ തരത്തിലുള്ള അപകടങ്ങളാണ് പതിയിരിക്കുന്നത്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇതുവരെ വല്ല അവബോധവും നല്‍കിയിട്ടുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. ചില വില്ലേജുകളും മലയോരങ്ങളുമെല്ലാം നൂറുകണക്കിന് ക്വാറികളുടെ കരവലയത്തിലാണ്-ഊരകം മല പോലെ. ഇവിടങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പോലും ഇവയെക്കുറിച്ച് വേണ്ടത്ര ഡാറ്റയുണ്ടോയെന്നത് സംശയകരമാണ്. ഇതിനെക്കാളും ലജ്ജാകരമാണ് ഇപ്പോള്‍ ചാലിയാറില്‍ നടക്കുന്നത്. മൃതദേഹമുണ്ടോ എന്നന്വേഷിക്കാന്‍ തോണിയുമായി നടക്കുന്ന പുരാതന രീതിശാസ്ത്രം. നമ്മുടെ സംവിധാനങ്ങള്‍ എത്ര കാലഹരണപ്പെട്ടതാണെന്ന് ആലോചിച്ചു നോക്കൂ.
വേനല്‍ കാലത്ത് പുഴകളും തോടുകളും വൃത്തിയാക്കേണ്ട രീതിയും അനിവാര്യതയും, മിന്നല്‍ മഴ വന്നാല്‍ വെള്ളത്തെ പുറത്തേക്കൊഴുക്കേണ്ട രീതി തുടങ്ങിയവയെല്ലാം ഇപ്പോഴും നമുക്കന്യമാണ്. ഉരുള്‍പൊട്ടല്‍ നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുണ്ടക്കൈ നിവാസികള്‍ക്ക് എന്തുപറ്റിയെന്ന് ഈ നാലാം വ്യാവസായിക വിപ്ലവ കാലത്ത് നാം അറിഞ്ഞില്ലെന്നത് എത്ര വേദനാജനകമാണ്. ഡ്രോണുകളെപ്പോലും ശാസ്ത്രീയമായി ഉപയോഗിച്ചില്ലെന്നര്‍ഥം. അപകടങ്ങള്‍ പതിയിരിക്കുന്നിടത്തെല്ലാം ഏത് തരം മരങ്ങളാണ് നടേണ്ടതെന്ന് ഇപ്പോഴും ചര്‍ച്ചകളോ പഠനങ്ങളോ വന്നിട്ടില്ല. ചുരുക്കത്തില്‍, ഈ പട്ടിക നീളുകയാണ്. ഇനിയും ഇവ്വിഷയത്തില്‍ ചര്‍ച്ചകള്‍ മീഡിയകള്‍ വഴിയും മറ്റെല്ലാ തുറകളിലും നടക്കുമെന്ന് പ്രതീക്ഷിക്കാം.
നിലവിലുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും വന്ന വീഴ്ചകള്‍ ഇതിലപ്പുറമാണല്ലോ. അതുകൊണ്ട് തന്നെ, ഇപ്പോഴൊരു അവസരമാണ്. സമഗ്രമായ മാറ്റത്തിന്റെ, കേരള ജനതയെ രക്ഷപ്പെടുത്തേണ്ട സാധ്യതകളെ മനസ്സിലാക്കുന്ന മാറ്റങ്ങളുടെ അവസരം. ഈ അവസരം ഉപയോഗിച്ചില്ലെങ്കില്‍ അടുത്ത തലമുറ നമുക്കെതിരെ വിരല്‍ചൂണ്ടും.