cover story
മഴവരിയിൽ നനഞ്ഞ്...
അനുഗ്രഹമായും കണ്ണീരായും സംഹാരരുദ്രയായും മലയാളിക്ക് മുന്നിലുണ്ട് എക്കാലവും മഴ. മഴയുടെ കാലവും അളവും തെറ്റിയാൽ, തെറ്റുന്ന ജീവിതമാണ് മലയാളിയുടേത്. വർഷകാല മഴയും ഇടവപ്പാതിയും കർക്കടക മഴയും വേനൽ മഴയും പുതുമഴയും എല്ലാമെല്ലാം താളം തെറ്റാതെ തുള്ളിയെത്തുമ്പോൾ മാത്രമാണ് അവന്റെ ജീവിതവും മനസ്സും താളത്തിൽ തുള്ളിയാർക്കുക.
നനഞ്ഞു തീർത്ത ഓരോ മഴക്കാലവും ഹൃദയഹാരിയായ ഗൃഹാതുരത്വമായി നെഞ്ചിലേറ്റുന്ന മലയാളിക്ക് മറ്റേതൊരു ഋതുഭേദങ്ങൾക്കുമപ്പുറം അവാച്യമായൊരനുഭൂതി സമ്മാനിക്കുന്ന ആർദ്രമായൊരു പ്രണയമുണ്ട് മഴയോട്. മഴയും മഴക്കാലവും തങ്ങളുടെ ജീവിതത്തോട് ശരിക്കും ചേർന്നു നിൽക്കുന്നു എന്നത് കൊണ്ട് കൂടിയാവാം, മലയാളി മഴയെ വല്ലാതങ്ങു ഇഷ്ടപ്പെട്ടത്.
മഴയില്ലെങ്കിൽ അവന്റെ ജീവിതം തളിർക്കുകയോ, പൂക്കുകയോ കായ്ക്കുകയോ ഇല്ല. മണ്ണിൽ മഴയുടെ നനവേറ്റ് പാടവും പാതയോരങ്ങളും പച്ചച്ചു തുടങ്ങുമ്പോഴാണ് മലയാളി ജീവിതം സ്വപ്നം കണ്ടു തുടങ്ങുക.
വർഷമേഘങ്ങൾ പെയ്യാനൊരുങ്ങുമ്പോഴാണ്, അവന്റെ കിനാക്കൾക്ക് സുവർണശോഭ പടരുന്നത്.
അനുഗ്രഹമായും കണ്ണീരായും സംഹാരരുദ്രയായും മലയാളിക്ക് മുന്നിലുണ്ട് എക്കാലവും, മഴ. മഴയുടെ കാലവും അളവും തെറ്റിയാൽ, തെറ്റുന്ന ജീവിതമാണ് മലയാളിയുടേത്.
വർഷകാല മഴയും ഇടവപ്പാതിയും കർക്കടക മഴയും വേനൽ മഴയും പുതുമഴയും എല്ലാമെല്ലാം താളം തെറ്റാതെ തുള്ളിയെത്തുമ്പോൾ മാത്രമാണ് അവന്റെ ജീവിതവും മനസ്സും താളത്തിൽ തുള്ളിയാർക്കുക.
മലയാളിയും മഴയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ പൊരുളറിയാവുന്നത് കൊണ്ടാണ് മലയാള ഭാഷയാൽ വാഗ്മയ ചിത്രങ്ങൾ വരച്ചു വെച്ച കവികളത്രയും മഴനൂലിനാൽ ഒരു കാവ്യമെങ്കിലും മലയാളിക്ക് മുന്നിൽ കുറിച്ചിട്ടത്. വരമൊഴികൾക്കുമെത്രയോ കാലം മുമ്പ് വാമൊഴികളായി, വായ്പ്പാട്ടുകളായി മഴച്ചൊല്ലുകൾ ഏറെ കേട്ടു ശീലിച്ചവരാണ് നമ്മൾ.
മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛൻ മുതൽ തുടങ്ങുന്ന മഴശീലുകളുടെ കുളിരലകൾ ഇപ്പോഴും വാക്കുകളായി, വരികളായി മലയാളിക്ക് മുന്നിൽ ചന്നം പിന്നം നിർത്താതെ ചാറി പെയ്യുന്നുണ്ട്.
മലയാളത്തിന്റെയും എഴുത്തച്ഛന്റെയും മഴക്കവിതകളിൽ ഏറെ മികച്ചു നിൽക്കുന്ന ഒന്നാണ്, ഭാഗവതം ദശമസ്കന്ധത്തിലെ ‘ഋതുവർണനം’
‘ഔഷധി സമ്പൽസമൃദ്ധികരം ഭൂവി വർഷകാലം വന്നു,
വിദ്യുതുകൾ പൊങ്ങി’
എന്നാരംഭിക്കുന്ന കവിതയിൽ,
‘വർഷസന്ധ്യാദികളാൽ സമൃദ്ധീകൃത-
പോഷകയായി ചമഞ്ഞിതു മേദിനി’
എന്നും വായിക്കാം.
“പാരിച്ചു ചോരുന്ന പേമഴതാനുമ-
നേരറ്റു നിന്നൊരു പാഴിടിയും
കുന്നിനെത്തള്ളുന്ന വങ്കാറ്റുമന്നപ്പോൾ മുന്നേതിലേറ്റവും വന്നുതല്ലോ
പാരിച്ചു വന്നൊരു കൂരിരുട്ടന്നേരം പാരിടമെങ്ങുമെ മൂടി നിന്നു
കാറ്റേറ്റു നിന്നുള്ള വന്മരെമെല്ലാമ-
ങ്ങേറ്റം ഞെരിഞ്ഞു മറിഞ്ഞു
പിന്നെ നമ്മുടെ ചൂഴവും വീഴുന്ന നേരത്ത്
നമ്മുടെ വേദനയാരറിഞ്ഞോർ..?”
ചെറുശ്ശേരിയുടെ കുചേലസദ്ഗതിയിൽ മഴയുടെ ഭാവം രൗദ്രമാണ്.
മഴത്തുള്ളികളെ ഭൂമിയിൽ പതിക്കുന്ന പുതു താരകങ്ങളോടും പുതുതായി ഭൂമിയിലേക്കെത്തുന്ന സുമനസ്സുകളോടും ഉപമിച്ചത് ഉള്ളൂരാണ്, ഒരു മഴത്തുള്ളി എന്ന കവിതയിൽ.
‘സ്ഥാനംപിഴച്ചംബര
വീഥിവിട്ട് താഴത്തിറങ്ങും പുതു താരപോലെ,
പുണ്യക്ഷയത്തിൽ ത്രിദിവം ത്യജിച്ചു ഭൂലോകമെത്തും സുമനസ്സ് പോലെ.’
“കാലവർഷമേ നന്ദി’യിൽ മഹാകവി പി കുഞ്ഞിരാമൻ നായർ മഴയെ വർണിക്കുന്നത് ഏഴകൾക്കെല്ലാം വല്ലി വാരിക്കോരി കൊടുക്കാനെത്തുന്ന ‘തായ’യോടാണ്.
‘എങ്ങു നിന്നോ നിന്നോ പാഞ്ഞു വരും കറുമ്പിപ്പശു പോലവേ,
പൂട്ടി കിടക്കും പത്തായ-
പുരപ്പൂട്ട് തുറക്കുവാൻ.
ഏഴകൾക്കൊക്കെയും വല്ലി വാരിക്കോരി കൊടുക്കുവാൻ,
കൊടുക്കുകന്നതൊഴികെ യൊന്നുമോരാത്ത തായയായ്
ആരും വിളിക്കാതെ വന്നു
വീണ്ടും നീ കാലവർഷമേ’
“മിഴിക്കു നീലാഞ്ജനപുഞ്ജമായും,
ചെവിക്കു സംഗീതകസാരമായും മെയ്യിന്നു കർപ്പൂരകപൂരമായും പുലർന്നുവല്ലോ പുതുവർഷകാലം
കവിക്ക്, കാമിക്ക്, കൃഷീവലന്ന് കരൾക്കൊരാഹ്ലാദരസം വളർത്തി
ആവിർഭവിപ്പൂ നവനീലമേഘം;
അഹോ കറുപ്പിൻ കമനീയഭാവം!”
(വർഷാഗമം- വൈലോപ്പിള്ളി )
1987ൽ കാലയവനികക്കപ്പുറത്തേക്ക് കടന്നു പോയ കവി അന്ന് കുറിച്ചിട്ട മഴക്കാല കെടുതിക്ക് ഇന്ന് പ്രസക്തിയേറി വരികയാണ്. കവികൾ പ്രവചിക്കുന്നവരായേക്കുമെന്ന വായ്പ്പാട്ട് എൻ എൻ കക്കാടിന്റെ ‘വെറുതെ’വായിക്കുമ്പോൾ വെറുതെയല്ലെന്ന് തോന്നും.
” ഒരു വെള്ളപ്പൊക്കത്തിനുള്ള സാധ്യത ഇപ്പോഴും ഇല്ലായ്കയില്ല
മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു.
തോടുകൾക്കും ചാലുകൾക്കും പുഴകൾക്കും
ആഴം കുറഞ്ഞു വരികയാണ്.
ഉരുൾപൊട്ടി, മണ്ണിടിഞ്ഞു അവ നികന്നുകൊണ്ടേ ഇരിക്കുന്നു.
സഹ്യന്റെ ദൈന്യം ഇരട്ടിച്ചിരിക്കുന്നു.
ഇന്ദ്രപ്രസ്ഥത്തിൽ യമുനാതീരത്തു വിഷവിത്ത് നട്ടിരിക്കുന്നു,
കാളിന്ദി വീണ്ടും കറുക്കും
ഗംഗ കലങ്ങും
പക്ഷെ നാമിതൊക്കെ എന്തിനോർക്കുന്നു..? വെറുതെ,
വെറുതെയാണോ..
(എൻ എൻ കക്കാട് – വെറുതെ )
മലയാളത്തിന്റെ മാറിൽ വിപ്ലവജിഹ്വകളാൽ തീ പടർത്തിയ വയലാറിന് മഴയും തൊഴിലാളി വർഗത്തിന്റെ സമരഭൂമിയിലെ വിയർപ്പാവുകയാണ്.
‘വേർപ്പണിഞ്ഞതാം വേലക്കാരുടെ തോപ്പകൾക്കുള്ളിലിങ്ങനെ,
നൂറു കൊല്ലമായന്തരീക്ഷത്തിൽ
നീറിപ്പൊന്തിയ നീരല
കാലമൂതുന്ന കാറ്റിലങ്ങനെ കാലവർഷമായി മാറണം.!’
(വയലാർ- പ്രളയം)
മഴയെ കുറിച്ചെഴുതുമ്പോൾ, ഒരു ഭ്രാന്തിയെ പോലെ കടന്നു വന്നു നമ്മെ പാടെ അസ്വസ്ഥരാക്കിയ രാത്രിമഴയെ കുറിച്ച് ഓർക്കാതെങ്ങനെ.!
പഠിച്ച നാൾ തൊട്ട് മനസ്സിൽ പതിഞ്ഞു പോയൊരു നോവാണ് സുഗതകുമാരിയുടെ ‘രാത്രിമഴ’.
“രാത്രിമഴ ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിർത്താതെ പിറുപിറുത്തും
നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ.
(സുഗതകുമാരി – രാത്രിമഴ)
“മഴത്തോറ്റം’എന്ന കവിതയിൽ പി കെ ഗോപി മഴയെ കുറിച്ചെഴുതിയത് വായിക്കുമ്പോൾ ഇടിയും മഴയുമെല്ലാം അന്നോളം അറിഞ്ഞനുഭവിച്ചതിനുമപ്പുറം മറ്റൊരു ഭാവത്തിലും താളത്തിലും നമുക്ക് മുന്നിൽ തിമിർത്തു പെയ്യുകയാണ്.
“ഋതുഭേദ നവഭാവന നടനാങ്കണങ്ങളിൽ
ജനി മൃതി താളം ചവിട്ടി,
തിറയാടും അജ്ഞാത മൂർത്തി പ്രവാഹത്തിൽ
അസുരവാദ്യങ്ങൾ മുഴക്കി,
മകുടജടയുലയും മഹാശൈല സംഗീത
ഗഗന കൊടുംകാടിളക്കി,
ഇതിഹാസ വ്യസനങ്ങളുരുകി
തളം കെട്ടും ഉറവപ്രദേശങ്ങൾ പൊട്ടി
ഇട വിടാതുതിരുന്ന മിഴിനീർ പ്രവാഹത്തെ മഴയെന്ന് ചൊല്ലുന്നതാര്..?
(പി കെ ഗോപി- മഴത്തോറ്റം)
” രാത്രിവീണയുമായി,
ഏകാകിയാം യാത്രികൻ വന്നു, വീണ്ടുമീ കർക്കടം’
എന്നാരംഭിക്കുന്ന ‘മഴ’എന്ന കവിതയിൽ വിജയലക്ഷ്മി എഴുതിയ മനോഹരമായ വരികളുണ്ട്.
” ഓർമ്മകൾക്കില്ല, ചാവും ചിതകളും
ഊന്നുകോലും
ജരാനര ദുഃഖവും-
നാമൊരിക്കൽ നനഞ്ഞോരാഷാഡ്ഡവും ചൂടിയന്ന്
നടന്ന വഴികളിൽ
വേനലായ് മഞ്ഞു വന്നു പോയ്…’
വായിക്കപ്പെടുന്പോഴെല്ലാം ഉള്ളിൽ നീറ്റലുളവാക്കുന്ന ഷെൽവി മഴയെ കുറിച്ചെഴുതിയത് വായിക്കുമ്പോഴും നമ്മൾ നീറുകയാണ്. മഴ എല്ലാ ഓർമകളെയും നനച്ചു ഇല്ലാതാക്കുമെന്ന് ഷെൽവി ആശങ്കപ്പെടുകയോ ആശ്വസിക്കുകയോ ചെയ്യുന്നുണ്ട്, “മഴ എന്നെ മറക്കുമ്പോൾ’ എന്ന കവിതയിൽ.
“നനഞ്ഞ സായന്തനങ്ങൾ
പ്രിയേ നീ അതിജീവിക്കുന്നതെങ്ങനെ?
ദൈവം, ഭൂമിയിൽ മറന്നുവെച്ച-
കാസയിൽ
വിസ്‌മൃതിയുടെ വീഞ്ഞ് പതയുമ്പോൾ,
ഇല്ല ഞാനുണ്ടായിരുന്നില്ല!
മഴയിൽ എല്ലാം മറക്കപ്പെടും’
“കറുത്ത വാവിലെ
കടൽത്തിരയ്ക്കൊപ്പം
കുരച്ചു ചാടുന്നു
കനത്ത രാമഴ!
കടുത്തു കർക്കടകം
മുടിഞ്ഞ ദുർഘടം
ദുരിതമാണെങ്ങും
ദുരന്തം ദുസ്സഹം’
കർക്കടകത്തിന്റെ കഷ്ടകാല കെടുതിയെ കുറിച്ചെഴുതിയത്,
ഗിരീഷ് പുത്തഞ്ചേരിയാണ്. അദ്ദേഹത്തിന്റെ കർക്കടകത്തിൽ എന്ന കവിതയിൽ.
മരച്ചക്രം എന്ന് പേരിട്ട കവിതയുടെ തുടക്കത്തിൽ തന്നെ,
“മഴ മുടിയഴിച്ചിടം,
തെളി വെയിലൊളിച്ചിടം’
എന്ന് ആര്യാ ഗോപി മഴയെ പരാമർശിക്കുന്നുണ്ട്.
എം പി പവിത്രക്ക്,
“മഴ സ്നേഹത്തിലേക്കുള്ള രണ്ടക്ഷരപ്പാലമാണ്.
പെരുവിരലറ്റം വരെ ചുരുങ്ങി
പൊങ്ങിപ്പൊട്ടിമുടിയിഴകളോളം പരന്ന്
ഉൾവലിവുകളിൽ കുടുങ്ങി
ആ രണ്ടക്ഷരം ചിലപ്പോൾ ശല്യമാകുന്നു.
(മേഘജലം)
‘മഴയും പ്രണയവും ചിലപ്പോഴെല്ലാം ഒരുപോലെയാണ്,
ഒറ്റ പെയ്ത്തു മതി ജീവിതകാലമത്രയും ചോർന്നൊലിക്കാൻ’
ജീവിതത്തോട് ചേർത്തുവെക്കാവുന്ന വരികൾ എഴുതിയത് യുവ കവികളിലൊരാളാണ്.
ഓരോ മഴയും നനയാൻ മോഹിക്കുന്ന നമ്മെ , മഴയെ ഏറ്റവും മനോഹരമായി ആസ്വദിച്ച നമ്മുടെ കുട്ടിക്കാലത്തിലേക്ക്, സ്കൂൾ കാലത്തിലേക്ക് എളുപ്പം കൈപിടിച്ചാനയിക്കുന്നുണ്ട്, ഒ എൻ വിയുടെ വരികൾ.
ഒ എൻ വി ‘മഴ’യിലെഴുതുന്നു..
‘കൊട്ടിപ്പാടുന്നു മഴ!
നടവരമ്പത്തൊരു കുട്ടിയുണ്ടതിൻ,
കൈയിൽ പുസ്തകം, പൊതിച്ചോറും കുടയായൊരു തൂശ-
നിലയും-
അത് കൊത്തിക്കുടയുന്നുവോ
മഴക്കാറ്റിന്റെ കാക്കക്കൂട്ടം..’
“എപ്പോ പെയ്താലും ആ മഴയിൽ ഞാനൊന്ന് നനയും. “മഴയ്ക്ക് മണ്ണിനോട്’ എന്ന ശീർഷകത്തിന് കീഴെ കൊതിയോടെ കുറിച്ചിട്ട വരികളിൽ, മഴക്ക് മണ്ണിനോടുള്ള ആർദ്ര പ്രണയഭാവങ്ങൾ പകർത്തിവെക്കാനുള്ള ശ്രമമുണ്ട്, മോഹമുണ്ട്.
“കാട് വെട്ടി, മല ഇടിച്ചു
വയൽ നികത്തി, പുഴ വറ്റിച്ച്
വരാനുള്ള വഴികളെല്ലാം തടഞ്ഞിട്ടും
മഴ,
പിന്നെയും വരുന്നുണ്ടെങ്കിൽ
തീർച്ച.
മണ്ണിനോടത്രമേൽ പ്രണയമുള്ളതോണ്ടാവും
ഒന്ന് കാണാനാവും
ഒരിത്തിരി നേരമെങ്കിലുമൊന്ന്
പുണർന്നിരിക്കാനാവും.’