Kerala
വിമത നീക്കം ശക്തമാക്കി ശോഭ സുരേന്ദ്രന്‍; പാലക്കാട് അനുകൂലികളുടെ യോഗം സംഘടിപ്പിച്ചു
ചിറ്റൂരില്‍, പത്മദുര്‍ഗം സേവാസമിതി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എന്ന പേരില്‍ തന്നെ അനുകൂലിക്കുന്നവരുടെ യോഗം നടത്തിയാണ് പരസ്യമായ വിമത നീക്കത്തിന് ഇവര്‍ തുടക്കം കുറിച്ചിരിക്കുന്നത്
പാലക്കാട് | ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമത നീക്കം സജീവമാക്കി ശോഭ സുരേന്ദ്രന്‍. പാലക്കാട് ചിറ്റൂരില്‍, പത്മദുര്‍ഗം സേവാസമിതി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എന്ന പേരില്‍ തന്നെ അനുകൂലിക്കുന്നവരുടെ യോഗം നടത്തിയാണ് പരസ്യമായ വിമത നീക്കത്തിന് ഇവര്‍ തുടക്കം കുറിച്ചിരിക്കുന്നത്. വിമത കണ്‍വെന്‍ഷന്‍ പൊളിക്കുന്നതിനായി ബിജെപി സമാന്തര പരിപാടി സംഘടിപ്പിച്ചെങ്കിലും ഇതിനെ അവഗണിച്ച് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ യോഗത്തിനെത്തി.
ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നവരും നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരും ചേര്‍ന്നാണ് ചിറ്റൂരില്‍ വിമത കണ്‍വെന്‍ഷന്‍ നടത്തിയത്. പത്മദുര്‍ഗം സേവാ സമിതിയുടെ പേരില്‍ സംഘടിപ്പിച്ച വിമതയോഗം ബിജെപി ദേശീയ നിര്‍വ്വാഹക സമതിയംഗം ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍, എസ് ആര്‍ ബാലസുബ്രഹ്‌മണ്യം, വി നടേശന്‍ തുടങ്ങിയ ബിജെപി നേതാക്കളും പരിപാടിക്കെത്തി. നൂറ് കണക്കിന് പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.
എന്നാല്‍ പാലക്കാട്ട് നടന്നത് വിമത കണ്‍വെന്‍ഷന്‍ അല്ലെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ നിലപാട്. വിമത യോഗം നടക്കുന്നതറിഞ്ഞ് ബിജെപി ജില്ലാ നേതൃത്വം ചിറ്റൂരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മറ്റൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചെങ്കിലും കാര്യമായ പ്രവര്‍ത്തക പങ്കാളിത്തമുണ്ടായില്ല. വരും ദിവസങ്ങളില്‍ ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമാകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.