Haryana
അനുമതിയില്ലാതെ വി എച്ച് പി നടത്തുന്ന ശോഭയാത്ര ഇന്ന്; നുഹിൽ കനത്ത ജാഗ്രത
1,900 സംസ്ഥാന പോലീസിനെയും 24 കമ്പനി അര്‍ധ സൈനിക വിഭാഗത്തെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

ചണ്ഡീഗഢ് | ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഹരിയാനയിലെ നുഹിൽ തീവ്ര ഹിന്ദുത്വ സംഘടനകളായ വിശ്വ ഹിന്ദു പരിഷത് (വി എച്ച് പി), ബജ്റംഗ്ദൾ എന്നിവ നടത്തുന്ന ശോഭായാത്ര ഇന്ന്. കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. 1,900 സംസ്ഥാന പോലീസിനെയും 24 കമ്പനി അര്‍ധ സൈനിക വിഭാഗത്തെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലാണ് ഇവരെ വിന്യസിച്ചത്.
സെപ്തംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ നുഹില്‍ ജി20 ഷെര്‍പ യോഗം നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് യാത്രക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റും കൂട്ടമായുള്ള എസ് എം എസും നിരോധിച്ചു. റാലിക്ക് മുന്നോടിയായി സാമുദായിക ഐക്യം തകർക്കൽ ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനാണ് സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തലാക്കിയത്. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി വി എസ് എൻ പ്രസാദാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുൻകരുതൽ നടപടിയായി നാലോ അതിലധികമോ പേർ ഒത്തുകൂടുന്നത് തടഞ്ഞുള്ള സി ആർ പി സി സെക്ഷൻ 144ഉം ഏർപ്പെടുത്തി. 28 വരെ ലൈസൻസുള്ള തോക്കുകൾ, മഴു, ലാത്തി പോലുള്ള ആയുധങ്ങൾ തുടങ്ങിയവ കൈവശം വെക്കുന്നതിനും നിരോധമുണ്ട്. കഴിഞ്ഞ ജൂലൈ 31ന് വി എച്ച് പി നടത്തിയ ശോഭായാത്രക്കിടെ നുഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപം വിവിധ ജില്ലകളിലേക്ക് വ്യാപിച്ചിരുന്നു. തുടർന്നാണ് മതപരമായ ഘോഷയാത്രകൾക്ക് ജില്ലാഭരണകൂടം വിലക്കേർപ്പെടുത്തിയത്. നുഹിലും ഗുരുഗ്രാമിലുമുണ്ടായ വ്യാപക അക്രമത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.