National
തെലങ്കാന മുന്‍മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ അഴിമതിക്കേസ് നല്‍കിയ സാമൂഹിക പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി
കേസിന്റെ വിചാരണ വ്യാഴാഴ്ച തുടങ്ങാനിരിക്കെയായിരുന്നു ഇദ്ദേഹം കൊല്ലപ്പെട്ടത്

ഹൈദരാബാദ് | തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ അഴിമതിക്കേസ് നല്‍കിയ സാമൂഹികപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ജയശങ്കര്‍ ഭൂപാലപള്ളി ജില്ലയില്‍ എന്‍ രാജലിംഗ മൂര്‍ത്തി(50)യെയാണ് അജ്ഞാതര്‍ കുത്തിക്കൊലപ്പെടുത്തിയത്. ബുധനാഴ്ചയാണ് സംഭവം
കാളേശ്വരം ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അണക്കെട്ട് നിര്‍മാണത്തില്‍ കെസിആറും അനന്തരവനും മുന്‍ മന്ത്രിയുമായ ഹരീഷ് റാവുവും മറ്റ് ഉദ്യോഗസ്ഥരും അഴിമതി നടത്തിയെന്നാരോപിച്ച് 2023 ഒക്ടോബറിലാണ് രാജലിംഗ മൂര്‍ത്തി കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ വ്യാഴാഴ്ച തുടങ്ങാനിരിക്കെയായിരുന്നു ഇദ്ദേഹം കൊല്ലപ്പെട്ടത്.ബൈക്കില്‍ യാത്ര ചെയ്യവേ രാജലിംഗ മൂര്‍ത്തിയെ ഒരു സംഘം തടഞ്ഞ് നിര്‍ത്തി കുത്തിവീഴ്ത്തുകയായിരുന്നു.
കൊലപാതകത്തിനു പിന്നില്‍ കെസിആറുമായി ബന്ധപ്പെട്ടവരാണെന്ന് രാജലിംഗ മൂര്‍ത്തിയുടെ ഭാര്യ എന്‍ സരള ആരോപിച്ചു. കെസിആറിന്റെ മകനും ബിആര്‍എസ് പ്രസിഡന്റുമായ കെ ടി രാമറാവുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എംഎല്‍എ ഗന്ദ്ര വെങ്കടരമണ റെഡ്ഡിയുടെ അനുയായികളാണ് മൂര്‍ത്തിയെ ആക്രമിച്ചതെന്ന് സരള പറഞ്ഞു. അഴിമതിക്കേസ് പിന്‍വലിച്ചാല്‍ മൂര്‍ത്തിക്ക് 10 ലക്ഷം രൂപ നല്‍കാമെന്ന് കെസിആറുമായി ബന്ധപ്പെട്ടവര്‍ വാഗ്ദാനം നല്‍കിയിരുന്നെന്നും ഇതിന് വിസമ്മതിച്ചതിനാലാണ് കൊലപാതകമെന്നും അവര്‍ ആരോപിച്ചു. ബിആര്‍എസിന്റെ മുന്‍ കൗണ്‍സിലറായിരുന്ന സരള പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു