Connect with us

ആത്മായനം

തിരുനബി(സ) രൂപവത്കരിച്ച സാമൂഹിക ശ്രേണി

എല്ലാവരെയും ഒരുവരിയിൽ ചേർത്തു നിർത്തിയാണ് നമുക്ക് ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വ നിർവഹണം നടത്താനുള്ളത്. വിശുദ്ധ ഖുർആനിന്റെ അഭിസംബോധനയുടെ ഭാഷയും അതാണ്. മാനവകുലത്തെ ഒന്നായി കണ്ട് " ഓ ജനങ്ങളേ' എന്നാവർത്തിച്ചുള്ള വിളി വിശുദ്ധ ഖുർആനിൽ അലയടിച്ച് കേൾക്കാൻ കഴിയും. സാമൂഹിക ശ്രേണീകരണത്തിന്റെ സീമകളെ തകർക്കുന്ന ചിറകടി ശബ്ദമാണത്.

Published

|

Last Updated

“നിങ്ങൾ ജനതതിക്കാകമാനം മാർഗ ദർശനത്തിനായി നിയോഗിതരായ ഉത്തമ സമുദായമത്രേ. ധാർമികതയെ കൽപ്പിക്കുകയും കാലുഷ്യങ്ങളെ വിരോധിക്കുകയും അല്ലാഹുവെ വിശ്വസിക്കുകയും ചെയ്യുന്നു നിങ്ങൾ’ സൂറ: ആലുഇംറാനിന്റെ 111-ാം വാക്യം തിരുദൂത (സ) രോടും അവിടുത്തെ സമുദായത്തോടും ഉത്തരവാദിത്വമായി ഉണർത്തിയ കാര്യമിതാണ്.
ആയത്ത് ശ്രദ്ധിച്ചു നോക്കൂ…

ആർക്കു വേണ്ടിയാണ് ഈ ഉത്തരവാദിത്വം നിർവഹിക്കപ്പെടേണ്ടത്? ഈ നിർവഹണത്തിന് നമുക്കുള്ള മാതൃക എന്താണ് ? ആരാണ് ? ഈ ചോദ്യങ്ങൾക്ക് ഉത്തരമായാൽ, ആ ഉത്തരത്തെ ഹൃദയം കൊണ്ട് ഏറ്റെടുക്കുകയും ചെയ്താൽ ഇന്നത്തെ ആത്മായനം സഫലമായി.
“ലിന്നാസ്’ (ജനതതിക്കാകമാനം) എന്നതാണ് ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം. നമ്മെ ഏൽപ്പിച്ച ഇസ്്ലാം എന്ന ദർശനം മാനവന്റെ പൊതുസ്വത്താണ്, ഏതെങ്കിലും ചിലർക്ക് പതിച്ചു കൊടുക്കേണ്ടതല്ല അത്. മതിൽ കെട്ടി തിരിച്ച് “കടന്നു വരുന്നവർ’ പ്രോസിക്യൂട്ട് ചെയ്യപ്പെടുമെന്ന് ബോർഡ് സ്ഥാപിക്കേണ്ട ആശയമല്ലിത്. പ്രകോപനത്തിന്റെ ഭാഷയോ സാമുദായിക ചേരിതിരിവിന്റെ സ്വരമോ മേൽ – കീഴ് ശ്രേണീ വർഗീകരണത്തിന്റെ പ്രയോഗങ്ങളോ ഇസ്്ലാമിലില്ല.

സ്ത്രീയും പുരുഷനും ഗ്രാമീണനും നഗരവാസിയും കീഴാളനും മേലാളനും അടിമയും ഉടമയും ദരിദ്രനും സമ്പന്നനും തൊഴിലുള്ളവനും തൊഴിലില്ലാത്തവനും കറുത്തവനും വെളുത്തവനും താഴ്ന്ന കുലത്തിലെ അംഗവും ഉന്നതകുലജാതനും “നാസ്’ എന്ന പദത്തിൽ ഉൾച്ചേർന്നവരാണ്. എല്ലാവരെയും ഒരുവരിയിൽ ചേർത്തു നിർത്തിയാണ് നമുക്ക് ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വ നിർവഹണം നടത്താനുള്ളത്. വിശുദ്ധ ഖുർആനിന്റെ അഭിസംബോധനയുടെ ഭാഷയും അതാണ്. മാനവകുലത്തെ ഒന്നായി കണ്ട് ” ഓ ജനങ്ങളേ’ എന്നാവർത്തിച്ചുള്ള വിളി വിശുദ്ധ ഖുർആനിൽ അലയടിച്ച് കേൾക്കാൻ കഴിയും. സാമൂഹിക ശ്രേണീകരണത്തിന്റെ സീമകളെ തകർക്കുന്ന ചിറകടി ശബ്ദമാണത്.

“മനുഷ്യരേ, ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമത്രേ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്, പിന്നെ നിങ്ങളെ പരസ്പരം തിരിച്ചറിയാനായി ഗോത്രങ്ങളും സമുദായങ്ങളുമാക്കി.നിങ്ങളിൽ ഏറ്റവും ദൈവഭക്തിയുള്ളവർക്കാണ് അല്ലാഹുവിങ്കൽ ഏറ്റവും ഔന്നിത്യം’ എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. വേർതിരിവുകൾ ഉണ്ടായത് തിരിച്ചറിയാൻ വേണ്ടി മാത്രമാണ്. മറിച്ച്, അഭിമാനം നടിക്കാനോ ഹുങ്കാരം പറയാനോ ചിലരെ ചൂഷണം ചെയ്യാനോ അധഃകൃതരെന്ന് മുദ്രകുത്താനോ അല്ല.
“The glories of our blood and state
Are shadows, not Substantial things’
നമ്മുടെ രക്തത്തിന്റെയും ദേശത്തിന്റെയും പ്രൗഢികളെല്ലാം നിഴലുകൾ, സ്ഥിരതയില്ലാത്തവ എന്ന് ജെയിംസ് ഷേർലി പാടിയതും മനുഷ്യരെ ഒന്നായി കണ്ടാണ്. പൗരോഹിത്യത്തിന്റെ വയറ് നിറക്കാനോ അപരന്റെ കഞ്ഞിയിൽ മണ്ണുവാരിയിടാനോ നിർമിക്കപ്പെട്ട ആചാരനിഷ്ഠകളല്ല മതം. ഇസ്്ലാം എല്ലാവർക്കു വേണ്ടിയുള്ള മതവും റസൂൽ (സ) എല്ലാവർക്കു വേണ്ടിയുള്ള വഴികാട്ടിയുമാണ്. ഈ കാര്യത്തിന്റെ നിർവഹണം എല്ലാ മനുഷ്യരിലേക്കും വ്യാപിപ്പിക്കേണ്ട ഉത്തരവാദിത്വമാണ് നമുക്കുള്ളത്. നമ്മൾ ചോദിച്ചുവെച്ച രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം പറയാം.

നമ്മെ ഏൽപ്പിക്കപ്പെട്ട ദൗത്യനിർവഹണത്തിന് നമുക്കുള്ള മാതൃക തിരുദൂത (സ) രാണ്.
“തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതരിൽ ഉത്തമമാതൃകയുണ്ട്’ (സൂറ. അഹ്സാബ് 21) എന്ന് നമ്മെ സ്രഷ്ടാവ് പഠിപ്പിക്കുകയും ചെയ്തു. റസൂലിന്റെ മാതൃകയെന്നാൽ ഖുർആനിന്റെ നേർപകർപ്പാണ്.

തിരുനബി (സ) വഹ്‌യിന്റെ അടിസ്ഥാനത്തിലാണ് സർവതും ലോകത്തിന് കൈമാറിയത്.
കീഴ്ത്തട്ടിലെന്ന് സമൂഹം തീറെഴുതിയവരെ മുഴുക്കെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമങ്ങളാണ് റസൂലിന്റെ ജീവിതത്തിലുടനീളമുണ്ടായത്. സാമൂഹിക ഘടനയുടെ പാതിയായ സ്ത്രീ ജനങ്ങളെ ഒട്ടും മൂല്യം കൽപ്പിക്കാതെ പെരുമാറിയ സമൂഹത്തെ മുച്ചൂടും തിരുത്തിയത് അവിടുന്നാണ്. എത്രയധികം പെൺകുട്ടികളാണ് അക്കാലത്ത് ദുരഭിമാനക്കൊലക്കിരയായത്! എല്ലാം തിരുത്തിയെഴുതി സ്ത്രീത്വത്തിന് അറിവും അഭിമാനവും അന്തസ്സും അനന്തരാവകാശവും നൽകി സാമൂഹിക ശ്രേണിയുടെ ഉന്നത നിലവാരത്തിലേക്ക് റസൂൽ (സ) വഴിതെളിച്ചു. റസൂലിന്റെ കാലത്തുതന്നെ പണ്ഡിതകൾ, നിയമജ്ഞർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി നിരവധി മേഖലകളിൽ പ്രാവീണ്യം നേടിയ സ്ത്രീകളുണ്ടായതങ്ങനെയാണ്. സാമ്പത്തിക പരാധീനത കൊണ്ടും വിഭവ ദൗർലഭ്യം കൊണ്ടും പ്രയാസപ്പെടുന്ന ദരിദ്രരടക്കമുള്ളവരുടെ ജീവിത നിലവാരമുയർത്തുന്നതിനു വേണ്ടി അവിടുന്ന് സദാ പ്രവർത്തിച്ചു. സകാത്ത് നൽകൽ വിശ്വാസി ലോകത്തിന്റെ ബാധ്യതയായി പഠിപ്പിച്ചു. സ്വദഖകൾ നിരന്തരം ചെയ്യാൻ പ്രേരിപ്പിച്ചു. പാവങ്ങൾക്കു വേണ്ടി സംഭാവനകൾ പിരിച്ചു. അവരുടെ സ്വപ്നങ്ങൾക്ക് ചിറക് തുന്നി. ജുലൈബീബ് (റ) പരമദരിദ്രനായ സ്വഹാബിയായിരുന്നു. കിട്ടുന്നത് തിന്ന് പള്ളിയിൽ താമസിക്കുന്ന ഒരു പാവം. അവിടുത്തെ മുഖത്ത് സൗന്ദര്യത്തെ ബാധിക്കുന്ന ഒരു തടിപ്പുമുണ്ടായിരുന്നു.
ഒരിക്കൽ ജുലൈബീബിനോട് അവിടുന്ന് ചോദിച്ചു: “ജുലൈബീബ്, നിനക്ക് വിവാഹം കഴിക്കണ്ടേ?!’

“അല്ലാഹുവിന്റെ ദൂതരേ, എന്നെ ആര് കല്യാണം കഴിക്കാനാണ്’ ജുലൈബീബ് (റ) ന്റെ ആശങ്ക.
“നിന്നെ ഞാൻ കല്യാണം കഴിപ്പിക്കും ജുലൈബീബ്’ മുത്ത് നബി (സ) പ്രതീക്ഷയുടെ വിത്തിട്ടു.
“നബിയേ…സമ്പാദ്യവും യോഗ്യതയും ഇല്ലാത്തവനാണ് ഞാനെന്ന് അങ്ങേക്കറിയാലോ’
“അല്ലെങ്കിലും, അല്ലാഹുവിന്റെ അടുക്കൽ നീ സമ്പാദ്യമില്ലാത്തവനോ യോഗ്യതയില്ലാത്തവനോ അല്ലല്ലോ?’

റസൂലുല്ലാഹി (സ) സ്വഹാബിയെ ആശ്വസിപ്പിച്ചു.
പറഞ്ഞപോലെ ജുലൈബീബിനെ തിരുനബി(സ) വിവാഹം കഴിപ്പിച്ചു. ദമ്പതികൾക്ക് മംഗളം നേർന്ന് കൊണ്ട് അവിടുന്ന് പ്രാർഥിച്ചു. ആരാരും തന്നെ പരിഗണിക്കാനില്ലെന്ന വിചാരത്തെ തിരുത്തുകയായിരുന്നു റസൂൽ (സ).

യാചനയുമായി റസൂലിന്റെ സദസ്സിലെത്തിയവനോട് നബി (സ) ചോദിച്ചത് “നിങ്ങളുടെ വീട്ടിൽ വല്ലതുമുണ്ടോ?’ എന്നായിരുന്നു.
ഒരു പുതപ്പും ഒരു പാത്രവുമുണ്ടെന്ന് അയാൾ മറുപടി കൊടുത്തു.
“എങ്കിൽ, അതെടുത്ത് വരൂ’.
അയാൾ പോയി തിരിച്ചു വന്നു. അയാൾ കൊണ്ടുവന്നതിനെ റസൂൽ (സ) രണ്ട് ദിർഹമിന് ലേലം ചെയ്തു. ആ സംഖ്യ അയാൾക്ക് നൽകി.
“ഒരു ദിർഹം കൊണ്ട് നീ കുടുംബത്തിനാവശ്യമായ ഭക്ഷണം വാങ്ങി നൽകണം. ബാക്കി ദിർഹം കൊണ്ട് ഒരു കോടാലിയും വാങ്ങി വരണം’. വൈകാതെ സാധനങ്ങൾ വാങ്ങി അദ്ദേഹം തിരിച്ചുവന്നു.
പ്രവാചകർ (സ) സ്വന്തം കൈകൾ കൊണ്ട് തന്നെ ഒരു മരത്തടി കൊണ്ട് കോടാലിക്ക് പിടി വെച്ച് കൊടുത്തു.
“നീ കാട്ടിൽ പോയി വിറക് ശേഖരിച്ചു വിൽപ്പന നടത്തണം. പതിനഞ്ച് ദിവസം നിങ്ങളെ ഇവിടെ കാണാൻ പാടില്ല’.

പതിനഞ്ച് ദിനം കഴിഞ്ഞ് പതിനഞ്ച് ദിർഹമുമായി അയാൾ തിരികെ വന്നു. സന്തോഷപൂർവം തിരുദൂതർ (സ) അയാളോട് പറഞ്ഞു:
“കുറച്ച് കാശുകൊണ്ട് ഭക്ഷണവും വസ്ത്രവും വാങ്ങുക. യാചനയുടെ അടയാളവുമായി അന്ത്യദിനത്തിൽ വരുന്നതിനേക്കാൾ നിനക്ക് മികച്ചത് ഇതാണ് .’

സുസ്ഥിരമായ ജീവിത മാർഗങ്ങൾ സംവിധാനിക്കുക വഴി മനുഷ്യർക്ക് അഭിമാനത്തെയും തൊഴിൽ മാർഗത്തെയും തുറന്ന് കൊടുക്കുന്ന ശാസ്ത്രീയ രീതിയാണ് തിരുനബി (സ) സ്വീകരിച്ചത്.
കാലിച്ചന്തക്കു സമാനം അടിമച്ചന്ത വിപണിയുടെ ഭാഗമായിരുന്ന കാലമായിരുന്നു റസൂലിന്റെ നൂറ്റാണ്ട്. അടിമകളും മൃഗങ്ങളും സമം. പൗരപ്രമുഖനായ ഉമയ്യത് വിലപേശി വാങ്ങിയ നീഗ്രോ വംശജനായ അടിമയായിരുന്നു ബിലാൽ. എല്ലാവരുടെയും ആശാകേന്ദ്രമായ വിശുദ്ധ ഗേഹത്തിന്റെ (ഖഅ്ബ) മുകളിൽ കയറി വിപ്ലവത്തിന്റെ വാങ്കൊലി നടത്താൻ റസൂൽ (സ) നിയോഗിച്ചത് ബിലാൽ (റ) നെയായിരുന്നു.

സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഈ അവസരം. അടിമകൾക്ക് വിശുദ്ധ ഗേഹത്തിന്റെ പരിസരത്തേക്ക് അടുക്കാൻ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്തോടുള്ള സമര വിളിയായിരുന്നു ആ വാങ്കൊലി. പൊടുന്നനെയുള്ള വിമോചന പ്രവർത്തനങ്ങൾ തീർത്തും അശാസ്ത്രീയമാണെന്നിരിക്കെ പതിയെ പരിവർത്തിപ്പിക്കുന്ന രീതിയാണ് റസൂൽ (സ) അടിമവിമോചന പ്രവർത്തനങ്ങളിൽ സ്വീകരിച്ചത്. പല തെറ്റുകളുടെയും പ്രായശ്ചിത്തമായി അടിമ മോചനത്തെ നിശ്ചയിച്ചു. അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകി.

കേവലം തിയറികളിൽ ചുരുങ്ങിയതല്ല. മറിച്ച്, നിങ്ങൾ കഴിക്കുന്ന ഭക്ഷണം തന്നെയാകണം അവർക്കു നൽകേണ്ടത്, നിങ്ങൾ ധരിക്കുന്ന വസ്ത്രമാകണം അവരെ അണിയിക്കേണ്ടത്, ജോലികളിൽ അവരെ സഹായിക്കണം, താങ്ങാനാവാത്ത തൊഴിലെടുപ്പിക്കരുത്, അടിമകളുടെ മുഖത്തടിച്ചാൽ അവരെ മോചിപ്പിക്കലാണ് പ്രതിവിധി. താൻ ധരിക്കുന്ന വസ്ത്രം തന്നെ അടിമകളെ ധരിപ്പിച്ച അബൂദർറുൽ ഗിഫാരി(റ) യും വിവേചനമേതുമില്ലാതെ അവരിലൊരാളായി അടിമകളുടെ കൂടെ നിന്ന അബ്ദുറഹ്മാൻ ബ്നു ഔഫും (റ) ചരിത്രത്തിൽ പതിഞ്ഞ ചിത്രങ്ങളാണ്. അവഹേളനത്തിന്റെ വാക്ക് അവരോട് പ്രയോഗിക്കരുതെന്നും അടിമത്തത്തെ പ്രകടിപ്പിക്കുന്ന വാക്കിനു പകരം സ്നേഹത്തിന്റെ വാക്ക് ഉപയോഗിക്കണമെന്നും റസൂൽ(സ) എല്ലാവരെയും പഠിപ്പിച്ചു. വിയോഗ നേരത്ത് സമൂഹത്തിന് കൈമാറിയ വസ്വിയത്തിൽ പോലും അടിമകളോട് കാണിക്കേണ്ട മര്യാദയെയാണ് റസൂൽ (സ) പഠിപ്പിച്ചത്. ഇതൊക്കെ അടിമകളുടെ കാര്യം! അങ്ങനെയിരിക്കെ നമ്മുടെ സേവകരോടും സ്റ്റാഫുകളോടും എങ്ങനെ വർത്തിക്കണമെന്ന് സുവ്യക്തമാണല്ലോ.

ഭിന്നശേഷിക്കാരെ റസൂൽ (സ) നല്ലതുപോലെ പ്രോത്സാഹിപ്പിച്ചു. അബ്ദുല്ലാഹിബ്നു മസ്ഊദി (റ) നോട് മുത്ത് നബി (സ) മരത്തിൽ കയറി എന്തോ എടുത്തു കൊടുക്കാൻ പറഞ്ഞു. സ്വഹാബി മരത്തിൽ കയറവെ അവിടുത്തെ നേർത്തു മെലിഞ്ഞ് തൂങ്ങിയാടുന്ന ഒരു കാൽ നോക്കി കൂട്ടുകാരൊക്കെ ചിരിക്കുന്നുണ്ടായിരുന്നു. തിരുനബി അവരോട് ചോദിച്ചു; നിങ്ങൾ എന്തിനാണ് ചിരിക്കുന്നത്? അബ്ദുല്ലയുടെ കാൽ അന്ത്യനാളിൽ, നന്മ തിന്മകളെ തൂക്കുന്ന വേളയിൽ, ഉഹ്ദിനേക്കാൾ ഭാരമേറിയതായിരിക്കും.

പരിമിതികളെ മറച്ചുവെച്ച് മനുഷ്യരെ ഒന്നാകെ ഉമ്മതുൻ വസത്വ (മധ്യമ സമൂഹം) എന്ന ശ്രേണിയിലേക്ക് ചേർത്തു നിർത്തുന്ന ശ്രമമായിരുന്നു അവിടുത്തെ ജീവിതം.

Latest