Babari Masjid Demolition
ബാബരി ദിന ഓര്‍മകളെ പാടെ അവഗണിച്ച് രാഷ്ട്രീയ നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍
ന്യൂനപക്ഷ വിഷയങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടുന്നവരെന്ന പ്രതിച്ഛായയുള്ള രാഷ്ട്രീയക്കാർ പോലും ബാബരിയെ വിസ്മരിച്ചു.
കോഴിക്കോട് | ബാബരി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറ് ആധുനിക ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ഏടാണ്. മതേതരത്വത്തെയും ജനാധിപത്യത്തെയും നിയമവാഴ്ചയെയും ക്രമസമാധാനപാലനത്തെയും രാജ്യത്തെ തന്നെയും വെട്ടിമുറിച്ച സംഘ്പരിവാര്‍ ഭീകരതയുടെ ദിനം. എന്നാല്‍, ബാബരി ഓര്‍മകളെ പാടെ അവഗണിച്ചിരിക്കുകയാണ് മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍.
അതേസമയം, ബി ആര്‍ അംബേദ്കറുടെ ചരമ ദിനമായതിനാല്‍ അക്കാര്യം ഓര്‍മിച്ച് പല നേതാക്കളും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മഹാനായ അംബേദ്കറുടെ ചരമ ദിനമെന്നത് പോലെ പ്രധാനപ്പെട്ടതാണ് ബാബരി എന്നത് പല നേതാക്കളും മറന്നുവെന്നത് യാഥാര്‍ഥ്യമാണ്. ഇതിന് ഇടത്, കോണ്‍ഗ്രസ് വ്യത്യാസമില്ല. മുസ്ലിം പശ്ചാത്തലമുള്ള നേതാക്കള്‍ മാത്രമാണ് ബാബരി സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
ദേശീയ നേതാക്കള്‍ മാത്രമല്ല, സംസ്ഥാന നേതാക്കളും ഇക്കാര്യത്തില്‍ തുല്യരായിരുന്നു. പലപ്പോഴും ന്യൂനപക്ഷ വിഷയങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടുന്നവരെന്ന പ്രതിച്ഛായയുള്ളവര്‍ പോലും ബാബരിയെ വിസ്മരിച്ചു. മുസ്ലിം വിഷയമെന്നതിലുപരി സംഘ്പരിവാര്‍ ഭീകരതയുടെ നേര്‍ചിത്രമായ ബാബരി മസ്ജിദ് പൊളിക്കലിനെ ഇങ്ങനെ അവഗണിച്ചത് ശരിയായില്ലെന്ന് സാമൂഹിക മാധ്യമങ്ങളില്‍ തന്നെ അഭിപ്രായമുയരുന്നുണ്ട്.
ബാബരി മസ്ജിദ് വിഷയം സുപ്രീം കോടതി തീര്‍പ്പാക്കിയെന്നും അതിനാല്‍ ചര്‍ച്ച വേണ്ടെന്നുമാണ് ചിലരുടെ നിലപാട്. എന്നാല്‍, ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ആരുടെതാണെന്ന സിവില്‍ കേസാണ് സുപ്രീം കോടതി സമവായത്തിലെത്തിച്ചത്. മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കേസാണ്. ഇത് മറച്ചുവെച്ചാണ് ബാബരിയെ ഓര്‍ക്കാതിരിക്കുന്നത്.
അതേസമയം, ബാബരിയെ ഓര്‍ത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ് ശ്രദ്ധിക്കപ്പെട്ടു. ബാബരി പൊളിക്കലിന് ആഹ്വാനം ചെയ്ത് രഥയാത്ര നടത്തിയ എല്‍ കെ അഡ്വാനിയെ ബിഹാറില്‍ വെച്ച് അറസ്റ്റ് ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ലാലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.