Connect with us

Kozhikode

മുസ്ലിം ലീഗിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; ഇ കെ സുന്നി പ്രവർത്തകനെ കെഎംസിസി ഭാരവാഹിത്വത്തിൽ നിന്ന് നീക്കി

ഷമീർ തോടന്നൂർ നിരന്തമായി സോഷ്യൽ മീഡിയയിൽ മുസ്ലിം ലീഗിനെ മോശമായ രീതിയിൽ ചിത്രീകരിക്കുന്ന പോസ്റ്റുകൾ ഇടുന്നത് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാ നേതൃത്വം

Published

|

Last Updated

അബുദാബി | ഇ കെ വിഭാഗം സുന്നികളും മുസ്ലിം ലീഗും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കുന്നതിനിടെ ഇ കെ വിഭാഗം സുന്നി പ്രവർത്തകനെ മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കി. അബുദാബി തിരുവള്ളൂർ പഞ്ചായത്ത് കെ എം സി സി ജനറൽ സെക്രട്ടറി ഷമീർ തോടന്നൂരിനെയാണ് പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയത്. അബുദാബി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജാഫർ തങ്ങൾ സി എച് അബുദാബി കുറ്റിയാടി മണ്ഡലം കെ എം സി സി പ്രസിഡണ്ട് അസൂറിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഷമീർ തോടന്നൂർ നിരന്തമായി സോഷ്യൽ മീഡിയയിൽ മുസ്ലിം ലീഗിനെ മോശമായ രീതിയിൽ ചിത്രീകരിക്കുന്ന പോസ്റ്റുകൾ ഇടുന്നത് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് കത്തിൽ പറയുന്നു. തുടർച്ചയായി സംഘടനാ അച്ചടക്കം ലംഘിക്കുന്ന അദ്ദേഹം തുടർന്നും നിലവിലെ സ്ഥാനത്ത് തുടരുന്നത് സംഘടനക്ക് ദോഷം ചെയ്യും എന്നതിനാൽ അദ്ദേഹത്തെ ഭാരവാഹിത്വത്തിൽ നിന്നും നീക്കം ചെയ്തതായും ജാഫർ തങ്ങൾ വ്യക്തമാക്കി.

ഷമീറിന്റെ സംഘടനാ അംഗത്വം മരവിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാതിരിക്കുന്നതിന് തക്കതായ കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ ഈ കത്ത്
കിട്ടി ഒരാഴ്ചക്കകം ജില്ലാ കമ്മിറ്റി മുൻപാകെ രേഖാമൂലം അറിയിക്കേണ്ടതാണെന്നും കത്തിൽ പറയുന്നു.

സുപ്രഭാതം പത്രവുമായി ബന്ധപ്പെട്ട് ഇ കെ വിഭാഗം സുന്നികളും മുസ്ലിം ലീഗും തമ്മിലുള്ള ശത്രുത കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയാണ് ഷമീറിനെതിരായ അച്ചടക്ക നടപടി. മുസ്ലിം ലീഗ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചും ഇ കെ വിഭാഗത്തിന്റെ നിലപാടുകൾ ഉയർത്തിപ്പിടിച്ചും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷമീർ നിരന്തരം പോസ്റ്റുകൾ ഇട്ടിരുന്നു. ഇതാണ് അച്ചടക്കനടപടിക്ക് ഇടയാക്കിയത്.

കഴിഞ്ഞ ദിവസം ഗൾഫ് സുപ്രഭാതം ഉദ്ഘാടന ചടങ്ങിൽ നിന്നും മുസ്ലിം ലീഗ് നേതാക്കൾ ഒന്നടങ്കം വിട്ടു നിന്നതും ശ്രദ്ധേയമായിരുന്നു.

Latest