Articles
സാമൂഹിക സുരക്ഷ അവഗണിച്ചു; ഗ്രാമീണ മേഖലയും
പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ കരകയറ്റാനും മുന്നോട്ടു നയിക്കാനും ഉതകുന്ന ഏറ്റവും നല്ല ഹൃസ്വകാല നയരേഖയാണ് ബജറ്റ്. ഓരോ പ്രതിസന്ധിയും ഓരോ അവസരങ്ങളിലേക്കും വഴി തുറക്കുന്നുണ്ട്. കൊവിഡ് മഹാമാരിക്ക് ശേഷം മോദി സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റുകളെല്ലാം രാജ്യത്തെ തൊഴിലില്ലായ്മയും വരുമാന ശോഷണവും പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അവസരമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടന്നുപോകുന്ന അവസരത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്സഭയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. കൊവിഡ് മഹാമാരി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യയുടെ കാര്‍ഷിക – വ്യാവസായിക- ഉത്പാദന മേഖലകളില്‍ പ്രതിസന്ധി പിടിമുറുക്കിയിരുന്നു. 2019 സെപ്തംബര്‍ മാസത്തില്‍ ഇന്ത്യയുടെ തൊഴിലില്ലായ്മ അതിനു മുമ്പുള്ള 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായി. കൊവിഡ് മഹാമാരിയും തുടര്‍ന്ന് കര്‍ശനമായി നടപ്പാക്കിയ ലോക്ക്ഡൗണും ഇന്ത്യയുടെ അസംഘടിത മേഖലയിലെ തൊഴിലില്ലായ്മ രൂക്ഷമാക്കി. ഇത് വേതനം കുറയുന്നതിനും ആളുകളുടെ വാങ്ങല്‍ ശേഷി കുറക്കുന്നതിനും കാരണമായി. ഉപഭോഗത്തില്‍ വന്ന കുറവ് ഉത്പാദനത്തെയും തൊഴിലിനെയും പ്രതികൂലമായി ബാധിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയുടെ ഒരു ചാക്രിക വലയത്തില്‍ അകപ്പെട്ടു. പ്രതിസന്ധിയില്‍ ഉഴറുന്ന ഗ്രാമീണ കാര്‍ഷിക ഉത്പാദന മേഖലകളോടുള്ള സര്‍ക്കാറിന്റെ പരിഗണന, ആരോഗ്യ മേഖലക്കുള്ള വകയിരുത്തല്‍, തൊഴിലില്ലായ്മയും ദാരിദ്ര്യവും അസമത്വവും പരിഹരിക്കാന്‍ ഉതകുന്ന നടപടികള്‍ എന്നിവ ഏതൊരു ബജറ്റിന്റെയും ആത്മാവ് എന്തെന്ന് കാണിച്ചുതരും. ഈ പശ്ചാത്തലത്തില്‍ കേന്ദ്രധനമന്ത്രി അവതരിപ്പിച്ച 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റിനെ സംബന്ധിച്ച് വിമര്‍ശനാത്മകമായി വിലയിരുത്താനുള്ള ശ്രമമാണ് ഇത്.
വിലക്കയറ്റം, തൊഴിലില്ലായ്മ- ഇവ രണ്ടും ചേരുന്ന ഉത്പാദന മുരടിപ്പ്, ഉയര്‍ന്നു വരുന്ന ധനകമ്മി എന്നിവയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സ്വഭാവം. ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള കഴിവ് കേന്ദ്ര ബജറ്റിനില്ല. പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗത്തെ സംബന്ധിച്ച് വ്യക്തമായ ഒരു നിലപാട് എടുക്കാന്‍ സാധിക്കാത്തതാണ് ഈ പരാജയത്തിന് കാരണം. മോദി സര്‍ക്കാര്‍ മുറുകെ പിടിക്കുന്ന നവ ലിബറല്‍ നയങ്ങളില്‍ ഊന്നി നിന്നില്ല എങ്കില്‍ ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ താത്പര്യത്തിനു വിരുദ്ധമാകും. നിക്ഷേപ സൗഹൃദ അന്തരീക്ഷം അതുമൂലം നഷ്ടമാകുമെന്നും രാജ്യം ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും എന്നും സര്‍ക്കാര്‍ ഭയക്കുന്നു. ആ ഭയമാണ് കോര്‍പറേറ്റുകള്‍ക്ക് വലിയ രീതിയിലുള്ള നികുതി ഇളവുകള്‍ നല്‍കുന്നതിനും ഉത്പാദകര്‍ക്ക് വിഭവങ്ങള്‍ ഉദാരമായി വിതരണം ചെയ്യുന്നതിനും സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി
സമീപകാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ മിക്കതും സാമ്പത്തിക മേഖലയുടെ ഉപരി ഘടനയില്‍ രൂപപ്പെട്ട് താഴെ തലങ്ങളിലേക്ക് കിനിഞ്ഞിറങ്ങുന്ന തരം ടോപ്- ടു- ബോട്ടം പ്രതിസന്ധികള്‍ ആയിരുന്നു. 2008ല്‍ അമേരിക്കയില്‍ രൂപപ്പെട്ട് മറ്റു സമ്പദ് വ്യവസ്ഥകളിലേക്ക് പടര്‍ന്ന സാമ്പത്തിക മാന്ദ്യം ഇത്തരത്തില്‍ ഒന്നായിരുന്നു. 2019 മെയ് മാസത്തിലെ തൊഴില്‍ അതിനു മുമ്പുള്ള 17 മാസങ്ങളിലെ ഏറ്റവും കുറവ് നിരക്കാണ് കാണിച്ചത്. തൊഴില്‍ നഷ്ടം വരുമാനം കുറയുന്നതിന് കാരണമായി. വരുമാനം ഇല്ലാത്ത അവസ്ഥ രാജ്യത്തെ ജനങ്ങളുടെ ചോദനം കുറക്കുന്നതിന് കാരണമായി. ക്രമേണ ഈ പ്രതിസന്ധി ഉത്പാദന മേഖലയെയും ബാധിച്ചു. 2019 മെയ് മാസത്തോടു കൂടി ഇന്ത്യയിലെ വാഹന വിപണിയില്‍ അടക്കം പല വ്യവസായങ്ങളിലും ഉത്പന്നങ്ങള്‍ വിറ്റുപോകാത്ത അവസ്ഥ ഉടലെടുത്തു. അതായത് സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന മേഖലയില്‍ ആരംഭിച്ച് മുകളിലേക്ക് പടര്‍ന്നു കയറിയ ഒരു പ്രതിസന്ധി രണ്ടായിരത്തി പത്തൊമ്പതോടു കൂടി സ്തൂല സാമ്പത്തിക പ്രതിസന്ധിയായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉടലെടുത്തിരുന്നു എന്ന് കാണാനാകും. മഹാമാരിക്ക് മുമ്പ് തന്നെ ഇന്ത്യന്‍ സാമ്പത്തിക രംഗം ഒരു ചോദന പ്രതിസന്ധിയിലേക്ക് വഴുതിവീണു.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ രാജ്യമാണ് ഇന്ത്യ. അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതമനുഭവിച്ചു. പെട്ടെന്ന്, വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദുരിതം വര്‍ധിപ്പിച്ചു. തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നതിനും ദാരിദ്ര്യവും അസമത്വവും വര്‍ധിക്കുന്നതിനും കൊവിഡ് മഹാമാരിയെ തുടര്‍ന്നുവന്ന മാസങ്ങള്‍ സാക്ഷിയായി. കേന്ദ്ര സര്‍ക്കാറാകട്ടെ കോര്‍പറേറ്റ് നികുതി കുറച്ചും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയമപ്രകാരം നല്‍കാനുള്ള ജി എസ് ടി നഷ്ടപരിഹാരം നല്‍കാതെയും തികച്ചും ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചു. ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ വഴി ഇന്ത്യയുടെ കോര്‍പറേറ്റ് മേഖലക്ക് വീണ്ടും രാജ്യത്തിന്റെ വിഭവങ്ങള്‍ ഉദാരമായി സംഭാവന ചെയ്യുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.
നവ ലിബറല്‍ നയങ്ങളുടെ ഭാഗമായിട്ടാണ് സര്‍ക്കാറുകളുടെ ചെലവ് കുറച്ചുകൊണ്ട് ധനകമ്മി നിയന്ത്രിക്കണം എന്ന കാഴ്ചപ്പാട് ഉരുത്തിരിഞ്ഞു വന്നത്. ആ ചെലവ് ചുരുക്കല്‍ നടപടികളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സാമ്പത്തിക പ്രതിസന്ധിയുടെ വിത്ത് പാകിയത്. നവലിബറല്‍ നടപടികള്‍ ഉദ്‌ഘോഷിക്കുന്ന ആഗോള മൂലധനത്തിന് ധനകമ്മി പഥ്യമല്ല. ധനകമ്മി നിയന്ത്രിക്കാന്‍ എന്ന പേരില്‍ സര്‍ക്കാറിന്റെ ചെലവുകള്‍ വെട്ടിച്ചുരുക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാറിന്റെ കമ്പോള ഇടപെടല്‍ ഇല്ലാതാക്കി, സ്വകാര്യ മൂലധനത്തിന് സമ്പദ് വ്യവസ്ഥയില്‍ മേല്‍ക്കൈ നല്‍കുന്ന സാമ്പത്തിക നടപടികളാണ് ബി ജെ പിക്ക് മുമ്പ് ഇന്ത്യ ഭരിച്ച യു പി എയെ നയിച്ച കോണ്‍ഗ്രസ്സ് സ്വീകരിച്ചത്. ഈ നടപടികളാണ് ആഗോളതലത്തില്‍ സമ്പദ് വ്യവസ്ഥകള്‍ ഇന്ന് ചരിക്കുന്ന ‘വളര്‍ച്ച- തകര്‍ച്ച’ രീതിയിലുള്ള കുമിള കേന്ദ്രീകൃത വളര്‍ച്ചാ രീതിയിലേക്ക് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ എത്തിച്ചത്.
ഈ പ്രതിസന്ധി എങ്ങനെയാണ് തരണം ചെയ്യാന്‍ സാധിക്കുക? തത്വദീക്ഷ ഇല്ലാതെ നടപ്പാക്കിയ നവ ലിബറല്‍ നയങ്ങള്‍ മൂലം താഴെക്കിടയിലുള്ള ജനങ്ങളുടെ ചോദനം (ഡിമാന്‍ഡ്) കുറഞ്ഞത് ആണല്ലോ പ്രതിസന്ധിക്ക് കാരണം? അപ്പോള്‍ ചോദനം വര്‍ധിപ്പിക്കുക എന്നതാണ് ഏക പോംവഴി. അതിനായി സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിക്കണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വഴിക്കല്ല ചിന്തിക്കുന്നത്. മറിച്ച് നിക്ഷേപം വര്‍ധിപ്പിച്ച് ഉത്പാദനവും തൊഴിലും വര്‍ധിപ്പിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ഇതിനായി കോര്‍പറേറ്റ് മേഖലക്ക് വാരിക്കോരി ധനസഹായം നല്‍കുന്ന പ്രൊഡക്റ്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം സര്‍ക്കാര്‍ നടപ്പാക്കി. പലിശ നിരക്ക് കുറച്ച് നിക്ഷേപം കൂട്ടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ചു. പക്ഷേ പ്രതീക്ഷിച്ച രീതിയില്‍ നിക്ഷേപങ്ങള്‍ വന്നില്ല. തകര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയില്‍ ലാഭേച്ഛ മാത്രമുള്ള ഏതു സ്വകാര്യ നിക്ഷേപകനാണ് നിക്ഷേപിക്കാന്‍ ധൈര്യപ്പെടുക? കുറഞ്ഞ കോര്‍പറേറ്റ് നികുതി കോര്‍പറേറ്റുകളുടെ ലാഭം വര്‍ധിപ്പിച്ചുവെങ്കിലും അത് അവര്‍ പുനര്‍ നിക്ഷേപം ചെയ്യാതെ ലാഭത്തിലേക്ക് മുതല്‍കൂട്ടി.
ഗ്രാമീണ മേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒരു നിര്‍ദേശവും ബജറ്റ് മുന്നോട്ട് വെക്കുന്നില്ല. മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗണ്‍ ഗ്രാമീണ മേഖലയില്‍ തൊഴിലുകളുടെ എണ്ണം കുറച്ചു. കേവലം 60 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ പറ്റി മാത്രമാണ് ബജറ്റില്‍ പരാമര്‍ശമുള്ളത്. ഇത് യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്ന തൊഴില്‍രഹിതരുടെ എണ്ണത്തേക്കാള്‍ എത്രയോ കുറവാണ്. ഉയര്‍ന്ന തൊഴിലില്ലായ്മയുടെ ദൂഷ്യ വശങ്ങള്‍ പരിഹരിക്കുന്നതിന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജനങ്ങളെ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പദ്ധതി തുകയായ 98,000 കോടി രൂപയില്‍ നിന്ന് 25 ശതമാനം വെട്ടിക്കുറച്ച് 73,000 കോടി രൂപ മാത്രമാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ഏതാണ്ട് 12,300 കോടി രൂപ, ഈ പദ്ധതിയില്‍ വേതന ഇനത്തില്‍ ഇനിയും നല്‍കാനുള്ള കുടിശ്ശികയാണ്. 11 കോടി ഗ്രാമീണ തൊഴിലാളികള്‍ക്ക് ആശ്രയമായ ഒരു പദ്ധതിയെയാണ് കേന്ദ്ര സര്‍ക്കാര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.
സബ്സിഡികളും സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കുള്ള വകയിരുത്തലുകളും വന്‍തോതില്‍ വെട്ടിക്കുറക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണം, വളം, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവക്കുള്ള സബ്സിഡിയില്‍ ഈ വര്‍ഷം തന്നെ 39 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ചിലതിനും ഇത്തരത്തില്‍ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. ഉദാഹരണമായി ഉന്നത വിദ്യാഭ്യാസരംഗത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഒ ബി സി വിഭാഗക്കാര്‍ക്കും നല്‍കുന്ന ശ്രേയാസ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായുള്ള വിഭവം 450 കോടിയില്‍ നിന്ന് 364 കോടിയായി വെട്ടിക്കുറച്ചു.
മറ്റൊരു രംഗം ആരോഗ്യമാണ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കുടുംബങ്ങളുടെ ആരോഗ്യ ചെലവ് വര്‍ധിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തെ തുടര്‍ന്ന് എക്സ്റേ, ഇ സി ജി, ടെസ്റ്റുകള്‍ എന്നിവയുടെ വില 5.7 ശതമാനമാണ് 2021ല്‍ വര്‍ധിച്ചത്. മഹാമാരിയില്‍ ഉഴലുന്ന ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് പൊള്ളയായ വാക്കുകളില്‍ പരിതപിക്കുമ്പോഴും മേഖലക്ക് മാറ്റിവെച്ച വിഭവത്തില്‍ .08 ശതമാനത്തിന്റെ കുറവാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാണാനാകുന്നത്. ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയ 86,606 കോടി രൂപയെന്നത് സര്‍ക്കാറിന്റെ മൊത്തം ചെലവിന്റെ കേവലം 2.2 ശതമാനം മാത്രമാണ്. രാജസ്ഥാനില്‍ മാത്രമാണ് 80 ശതമാനത്തിലധികം കുടുംബങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ളത്. ഗുജറാത്ത്, മധ്യപ്രദേശ്, യു പി, കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 20 ശതമാനം കുടുംബങ്ങള്‍ക്ക് പോലും ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമായിട്ടില്ല. ആരോഗ്യ രംഗത്തെ ഉയര്‍ന്ന ചെലവ് കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യ രേഖക്ക് താഴേക്കു വലിച്ചിടുന്നതിന് കാരണമാകും.
ഉത്പാദന ക്ഷമതയും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനായി പൊതു മൂലധന ചെലവ് വര്‍ധിപ്പിക്കും എന്നാണ് സര്‍ക്കാറിന്റെ വാദം. പ്രധാനമന്ത്രി ഗതിശക്തി പോലെയുള്ള പദ്ധതികള്‍ക്കായി അടങ്കല്‍ 35 ശതമാനം വര്‍ധിപ്പിച്ച് 7.5 ലക്ഷം കോടി രൂപ 2022 -23 കാലയളവില്‍ നല്‍കും എന്ന സര്‍ക്കാറിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഉത്പാദനത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും ചോദനം വര്‍ധിക്കുന്നതിനും ഈ മൂലധന നിക്ഷേപം കാരണമാകും. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പയായി ഒരു ലക്ഷം കോടി രൂപ നല്‍കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. സാമൂഹിക സുരക്ഷാ ചെലവുകള്‍ മുന്നില്‍ നിന്ന് നിര്‍വഹിക്കുന്ന ഭരണ സംവിധാനങ്ങളാണ് സംസ്ഥാനങ്ങള്‍. എന്നാല്‍ ജി എസ് ടി നടപ്പാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ തനതു വിഭവ സമാഹരണ ശേഷിയില്‍ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കടം എടുക്കുന്നതിനും വലിയ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി പരിരക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ജി എസ് ടി നഷ്ടപരിഹാരം അടുത്ത അഞ്ച് വര്‍ഷത്തേക്കു കൂടി നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ടുവരുന്നത്. ഈ ആവശ്യത്തോട് അനുഭാവപൂര്‍ണമായ നിലപാടല്ല കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
എല്‍ ഐ സി പോലെയുള്ള പൊതു സംവിധാനങ്ങളുടെ സ്വകാര്യവത്കരണം തന്നെയാണ് ലക്ഷ്യം എന്ന് ബജറ്റ് അടിവരയിടുന്നു. പശ്ചാത്തല സൗകര്യങ്ങളായ റോഡുകളുടെയും റെയില്‍വേയുടെയും വികസനം ലക്ഷ്യമിട്ടുകൊണ്ട് ഉയര്‍ന്ന വകയിരുത്തലുകള്‍ ബജറ്റില്‍ നടത്തിയിട്ടുണ്ട്. പൊതു ചെലവ് വര്‍ധിപ്പിച്ചുകൊണ്ട് ഉയര്‍ന്ന സാമ്പത്തിക വികസനം നേടാനാകുമെന്ന കാഴ്ചപ്പാടും ബജറ്റിലുണ്ട്. അതേസമയം, ഗ്രാമീണ സാമൂഹിക മേഖലകള്‍ക്കുള്ള വിഭവ വിതരണം ഈ ബജറ്റില്‍ തികച്ചും അപര്യാപ്തമാണ്. പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ കരകയറ്റാനും മുന്നോട്ടു നയിക്കാനും ഉതകുന്ന ഏറ്റവും നല്ല ഹൃസ്വകാല നയരേഖയാണ് ബജറ്റ്. ഓരോ പ്രതിസന്ധിയും ഓരോ അവസരങ്ങളിലേക്കും വഴി തുറക്കുന്നുണ്ട്. കൊവിഡ് മഹാമാരിക്ക് ശേഷം മോദി സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റുകളെല്ലാം രാജ്യത്തെ തൊഴിലില്ലായ്മയും വരുമാന ശോഷണവും പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അവസരമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്.