Connect with us

Kerala

സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം: ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുമായി സഹകരിച്ചാണ് 608 ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക.

Published

|

Last Updated

തിരുവനന്തപുരം | സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ് സംസ്ഥാനത്തൊട്ടാകെ ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുമായി സഹകരിച്ചാണ് 608 ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക.

എല്ലാ ബ്ലോക്കുകളിലും ഏറ്റവും അര്‍ഹമായ പട്ടികജാതി, പട്ടികവര്‍ഗ മേഖലകള്‍ തിരഞ്ഞെടുത്ത് അവിടെ ആയുര്‍വേദം ഉള്‍പ്പെടെയുള്ള ഭാരതീയ ചികിത്സാ ശാസ്ത്രങ്ങളുടെയും ഹോമിയോപ്പതിയുടെയും പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിക്കുക. ഒരു ബ്ലോക്കില്‍ നാല് ക്യാമ്പുകളാണ് ഉണ്ടാവുക.

ആയുഷ് മെഡിക്കല്‍ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഒക്ടോ: 14 ഞായര്‍) ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അധ്യക്ഷത വഹിക്കും. ഈ മാസം തന്നെ മുഴുവന്‍ ആയുഷ് മെഡിക്കല്‍ ക്യാമ്പുകളും പൂര്‍ത്തിയാക്കാനുള്ള സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

മാതൃ ശിശു ആരോഗ്യമാണ് ക്യാമ്പുകളുടെ പ്രത്യേക പരിഗണനാ വിഷയം. വിളര്‍ച്ചാ നിവാരണം, ജീവിതശൈലീ രോഗങ്ങള്‍, വയോജനാരോഗ്യം എന്നിവയ്ക്കും ഊന്നല്‍ നല്‍കും. സംസ്ഥാനത്തെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളിലേക്ക് ക്യാമ്പുകള്‍ ശ്രദ്ധ ചെലുത്തും. പൂര്‍ണമായും സൗജന്യമായ ഈ മെഡിക്കല്‍ ക്യാമ്പുകളില്‍, പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ, പ്രാഥമിക ലബോറട്ടറി സേവനങ്ങള്‍, ബോധവത്ക്കരണ ക്ലാസുകള്‍, യോഗ പരിശീലനം എന്നിവയും ഉണ്ടാകും. ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ തുടര്‍ ചികിത്സകള്‍ വിവിധ ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെ നടത്തും.

Latest