Kerala
സര്‍ക്കാര്‍ ശമ്പളത്തിനു പുറമെ സാമൂഹിക ക്ഷേമ പെന്‍ഷനും; ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1,458 പേര്‍ തട്ടിപ്പ് നടത്തുന്നതായി റിപോര്‍ട്ട്
കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍മാരും ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്. കര്‍ശന നടപടിയെന്ന് മന്ത്രി ബാലഗോപാല്‍.
തിരുവനന്തപുരം | സംസ്ഥാനത്ത് അനവധി സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി റിപോര്‍ട്ട്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1,458 പേരാണ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍മാരും ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്-373 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാമത്-224 പേര്‍. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
പലിശ സഹിതം തിരിച്ചുപിടിക്കും, കര്‍ശന നടപടിയുണ്ടാകും: ധനമന്ത്രി
കൈപ്പറ്റിയ പെന്‍ഷന്‍ പലിശ സഹിതം തിരിച്ചുപിടിക്കാന്‍ ധനവകുപ്പു മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് ധനവകുപ്പിന്റെ തീരുമാനം.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കുമ്പോള്‍ ചില പുഴുക്കുത്തുകള്‍ ഉണ്ടാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഇത്തരം കള്ളനാണയങ്ങളെ കണ്ടെത്തി കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.