Connect with us

anti narcotics

ലഹരി വിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടാകണം

ലഹരിയുടെ വേരുകള്‍ പൂര്‍ണമായും അറുത്തുമാറ്റിയില്ലെങ്കില്‍ അത് കൂടുതല്‍ കുട്ടികളിലേക്ക് പടര്‍ന്നുകയറും. സര്‍ക്കാറിന്റെയും അന്വേഷണ ഏജന്‍സികളുടെയും ഇടപെടല്‍ മാത്രമല്ല, സമൂഹവും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കേണ്ടതുണ്ട്.

Published

|

Last Updated

പ്രബുദ്ധ കേരളം, ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ സംസ്ഥാനം ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍ അമരുകയാണ്. പുതുതലമുറയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചു വരുന്നതിന്റെ നടുക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. കോളജ്, സ്‌കൂള്‍ തലങ്ങളില്‍ ഇത് വ്യാപകമാണ്. വരും തലമുറയിലെ മികവുറ്റ തലച്ചോറുകളെയും കഴിവുകളെയുമാണ് ഇത് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. രക്ഷിതാക്കള്‍ പ്രതീക്ഷയോടെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും അയക്കുന്ന കുട്ടികളില്‍ ഗണ്യമായൊരു വിഭാഗവും ലഹരി നുണഞ്ഞാണ് വൈകിട്ട് വീടുകളില്‍ മടങ്ങിയെത്തുന്നതെന്ന കാര്യം അവരറിയുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ലഹരി വില്‍പ്പനക്കാര്‍ പൂര്‍വോപരി വര്‍ധിച്ചിരിക്കുന്നു. മയക്കുമരുന്ന് വിപണനം തടയാന്‍ സര്‍ക്കാര്‍ പലവിധ പദ്ധതികളും തയ്യാറാക്കുന്നുണ്ടെങ്കിലും അവയെല്ലാം കടത്തിവെട്ടി ലഹരി മാഫിയ അവരുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരുകയാണ്. കേരളം ലഹരിമരുന്നുകള്‍ക്ക് മികച്ച മാര്‍ക്കറ്റായി മാറിയതായി സംസ്ഥാന എക്‌സൈസ് മന്ത്രി എം ഗോവിന്ദന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. 10-15 വയസ്സ് പ്രായത്തിലുള്ള വിദ്യാര്‍ഥികള്‍ പോലും ലഹരിയുടെ സ്ഥിരം ഉപഭോക്താക്കളായി മാറുന്നതായി പഠനങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.

എന്റെ കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുകയോ വേണ്ടാത്തരത്തില്‍ അകപ്പെടുകയോ ഇല്ലെന്ന ധാരണ വെച്ചുപുലര്‍ത്തുന്നവരാണ് രക്ഷിതാക്കളില്‍ ഏറെ പേരും. തികഞ്ഞ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും കണ്ണുകളോടെയാണ് ഓരോ രക്ഷിതാവും മക്കളെ കാണുന്നത്. എന്നാല്‍ രക്ഷിതാക്കളെയും സമൂഹത്തെയും വഞ്ചിച്ചും അവരുടെ കണ്ണു വെട്ടിച്ചും കുട്ടികള്‍ ലഹരിയുടെ മായാ ലോകത്ത് വിഹരിക്കുകയാണെന്ന വസ്തുത പലരും അറിയുന്നില്ല. കൗമാരക്കാരായ വിദ്യാര്‍ഥികളെ പോലും വലവീശാന്‍ പതുങ്ങിയിരിക്കുകയാണ് മാഫിയകള്‍ വിദ്യാലയത്തിലേക്കുള്ള ഓരോ വഴിയിലും. മികച്ച ധാര്‍മികാന്തരീക്ഷമുള്ള കുടുംബത്തിലെ കുട്ടികള്‍ പോലും മയക്കുമരുന്നിന് അടിപ്പെടുന്നതിന്റെ വാര്‍ത്തകളാണ് കേള്‍ക്കാനാകുന്നത്.
വേണ്ടാത്തരങ്ങളിലേക്ക് കുട്ടികളെ നയിക്കുന്ന ആദ്യത്തെ ഘടകം സാഹചര്യങ്ങളാണ്. ലഹരി ഉപയോഗിക്കുന്ന കൂട്ടുകാര്‍ക്കിടയില്‍ എത്തിപ്പെടുന്നവര്‍ അതില്‍ ആകൃഷ്ടരാകാനോ അകപ്പെടാനോ സാധ്യതയുണ്ട്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിലസുന്ന മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് രക്ഷിതാക്കളെയും സമൂഹത്തെയും ബോധവത്കരിക്കുന്ന, അധ്യാപകരുടെയും പോലീസ് വകുപ്പിന്റെയും ശബ്ദ, ദൃശ്യ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് നിയന്ത്രിക്കാനാകാത്ത വിധം സ്ഥിതി വഷളായിരിക്കുന്നുവെന്നാണ് ഈ സന്ദേശങ്ങളിലൂടെ അധ്യാപകര്‍ സമൂഹത്തെ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ഒരു രക്ഷിതാവും തങ്ങളുടെ കുട്ടികളില്‍ അമിതമായ വിശ്വാസം പുലര്‍ത്താതെ അവരെ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതും കുട്ടികളുടെ സ്‌കൂള്‍ ബാഗും പുസ്തകങ്ങളും സാധനസാമഗ്രികളും അവരറിയാതെ ഇടക്കിടെ പരിശോധനക്കു വിധേയമാക്കേണ്ടതും അനിവാര്യമാണ്. ഇല്ലെങ്കില്‍ ഭാവിയില്‍ ഖേദിക്കേണ്ടി വരും.

ഓരോ വീടകത്തും മാതാപിതാക്കളും മക്കളും ഓരോ മൊബൈല്‍ ഫോണുമായി അവരവരുടെ സ്വന്തം ലോകത്തേക്ക് ഉള്‍വലിയുന്ന സ്ഥിതിവിശേഷമാണുള്ളത്. കുടുംബാംഗങ്ങള്‍ക്കു തമ്മില്‍ പരസ്പരം സംസാരിക്കാനും കേള്‍ക്കാനും സമയമില്ല. കുട്ടികള്‍ അവരുടെ പ്രശ്‌നങ്ങള്‍ മാതാപിതാക്കളോടു പറഞ്ഞിരുന്ന സ്വാഭാവിക വേദിയായിരുന്ന വൈകുന്നേരങ്ങളിലെ ഭക്ഷണ സമയം മൊബൈല്‍ ഫോണുകളും സാമൂഹിക മാധ്യമങ്ങളും അപഹരിച്ചു.
കുട്ടികളില്‍ അമ്പത് ശതമാനവും അവരുടെ ഒഴിവു വേളകള്‍ എങ്ങനെ ചെലവഴിക്കുന്നുവെന്ന് രക്ഷിതാക്കള്‍ അറിയുന്നില്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. തലമുറകള്‍ക്കിടയിലെ ഈ വിടവ് കുട്ടികള്‍ വഴിതെറ്റിപ്പോകാനും ലഹരിക്കും മറ്റു വേണ്ടാത്തരങ്ങളിലേക്കും ചെന്നുവീഴാനും ഇടയാക്കുന്നു. ലഹരി വാങ്ങാന്‍ പണം തികയാതെ വരുമ്പോള്‍ കൊള്ളയും പിടിച്ചുപറിയും നടത്തുന്നവര്‍ ധാരാളം. വിദ്യാര്‍ഥിനികളാകട്ടെ, മാനം വില്‍ക്കാനും തയ്യാറാകുന്നു. പ്രശ്‌നങ്ങള്‍ പരസ്പരം പറയാനും അറിയിക്കാനും സാധ്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമുള്ള സാഹചര്യങ്ങളുണ്ടായാല്‍ കുട്ടികളുടെ അപച്യുതി വലിയൊരളവോളം പരിഹരിക്കാനാകും.
കഞ്ചാവും കറുപ്പുമൊക്കെയാണ് മയക്കുമരുന്നെന്ന് കേള്‍ക്കുമ്പോള്‍ നേരത്തേ ഓര്‍മയിലെത്തിയിരുന്നത്. ഇന്ന് പക്ഷേ, ലഹരി വസ്തുക്കള്‍ക്ക് രൂപമാറ്റം വന്നുകഴിഞ്ഞു. സ്റ്റാമ്പ്, സ്റ്റിക്കര്‍, മിഠായി, ഗുളിക, ചൂയിംഗം തുടങ്ങി മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനാകാത്ത വിധം വേഷം മാറിയും വിപണിയിലെത്തുന്നുണ്ട് ഇന്ന് ലഹരി മരുന്നുകള്‍.

തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ ആമാശയത്തില്‍ നിന്ന് ഡയസെപം എന്ന മയക്കു മരുന്നിന്റെ അവശിഷ്ടം കണ്ടെത്തി. ബോധം തിരികെ കിട്ടിയപ്പോള്‍ ഡോക്ടര്‍മാരും വീട്ടുകാരും ആവര്‍ത്തിച്ചു ചോദിച്ചിട്ടും എന്തെങ്കിലും മയക്കു മരുന്ന് കഴിച്ചതായി കുട്ടിക്ക് ഓര്‍മയില്ല. കൂട്ടുകാരി നല്‍കിയ ഒരു ചോക്ലേറ്റിലായിരുന്നു അതിന്റെ അംശം ഉണ്ടായിരുന്നതെന്നാണ് പിന്നീട് കണ്ടെത്തിയത്. കാസര്‍കോട്ട് നിന്ന് മയക്കുമരുന്ന് കലര്‍ന്ന മിഠായികള്‍ കഴിച്ച് അവശരായ കുട്ടികളെക്കുറിച്ചുള്ള വാര്‍ത്ത വന്നിരുന്നു. പോലീസ് റെയ്ഡില്‍ സ്‌കൂളിനടുത്തുള്ള ഒരു പെട്ടിക്കടയില്‍ നിന്ന് ഈ മയക്കുമിഠായികള്‍ കണ്ടെടുക്കുകയും ചെയ്തു.

ലഹരിയുടെ വേരുകള്‍ പൂര്‍ണമായും അറുത്തുമാറ്റിയില്ലെങ്കില്‍ അത് കൂടുതല്‍ കുട്ടികളിലേക്ക് പടര്‍ന്നു കയറും. സര്‍ക്കാറിന്റെയും അന്വേഷണ ഏജന്‍സികളുടെയും ഇടപെടല്‍ മാത്രമല്ല, സമൂഹവും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും മത, സാമൂഹിക സംഘടനകളും മഹല്ല് കമ്മിറ്റികളും രാഷ്ട്രീയ കക്ഷികളും പി ടി എ കമ്മിറ്റികളുമെല്ലാം ഒത്തുചേര്‍ന്നുള്ള ഒരു പോരാട്ടമാണ് രൂപപ്പെടേണ്ടത്.

Latest