Connect with us

Kerala

ശീതളപാനീയം പരിശോധന ; ഏഴ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു

പരിശോധനകൾ നടന്നത് 815 സ്ഥാപനങ്ങളിൽ

Published

|

Last Updated

തിരുവനന്തപുരം | ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതള പാനീയങ്ങളുടെയും കുപ്പിവെള്ളത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. ഐസ്‌ക്രീം, കുപ്പിവെള്ളം, ശീതളപാനീയം എന്നിവയുടെ നിർമാണ വിതരണ വിപണന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഏഴ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.

815 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ 54 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 37 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. തുടർപരിശോധനകൾക്കായി 328 സർവൈലൻസ് സാമ്പിളുകളും 26 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഇവ വിദഗ്ധ പരിശോധനകൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളിലേക്ക് കൈമാറി. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.

ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ശീതള പാനീയങ്ങൾ വിപണനം നടത്തുന്ന കടയുടമകൾ പാനീയങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധമാണെന്ന് ഉറപ്പാക്കണം. കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങൾ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ സൂക്ഷിക്കുകയോ അടച്ചുറപ്പില്ലാത്ത തുറന്ന വാഹനങ്ങളിൽ കൊണ്ട് പോകുകയോ ചെയ്യരുത്.
ഉത്സവങ്ങൾ, മേളകൾ നടക്കുന്ന സ്ഥലങ്ങളിൽ വിപണനം നടത്തുന്ന ശീതള പാനീയങ്ങൾ, കുപ്പിവെള്ളം, ഐസ് കാൻഡി, ഐസ്‌ക്രീം എന്നിവ സുരക്ഷിതമായി തന്നെ വിപണനം നടത്തണം. ടൂറിസം കേന്ദ്രങ്ങളിലെ വിൽപ്പന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ കടയുടമകൾ കൂടുതൽ ശ്രദ്ധ നൽകണമെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ജാഫർ മാലിക്കിന്റെ ഏകോപനത്തിൽ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർമാരായ എസ് അജി, ജി രഘുനാഥ കുറുപ്പ്, വി കെ പ്രദീപ് കുമാർ പരിശോധനകൾക്ക് നേതൃത്വം നൽകി.

Latest