Uae
സോഫ്റ്റ് പവർ സൂചിക; യു എ ഇ ആഗോളതലത്തിൽ പത്താം സ്ഥാനത്ത്
ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗരാജ്യങ്ങളെയും ഉൾപ്പെടുത്തി 173,000-ത്തിലധികം ആളുകൾ പങ്കെടുത്ത ഏറ്റവും പ്രധാനപ്പെട്ട ആഗോള റിപ്പോർട്ടിലാണ് യു എ ഇ മുന്നേറ്റം നടത്തിയത്.

ദുബൈ| 2025ലെ ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്‌സിൽ യു എ ഇ ആഗോളതലത്തിൽ പത്താം സ്ഥാനത്തെത്തി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗരാജ്യങ്ങളെയും ഉൾപ്പെടുത്തി 173,000-ത്തിലധികം ആളുകൾ പങ്കെടുത്ത ഏറ്റവും പ്രധാനപ്പെട്ട ആഗോള റിപ്പോർട്ടിലാണ് യു എ ഇ മുന്നേറ്റം നടത്തിയത്.
“അന്താരാഷ്ട്ര സ്വാധീനത്തിൽ രാജ്യം എട്ടാം സ്ഥാനത്തും ആഗോള നയതന്ത്ര വൃത്തങ്ങളിലെ സ്വാധീനത്തിൽ ഒമ്പതാം സ്ഥാനത്തുമാണ്. റിപ്പോർട്ട് അനുസരിച്ച്, യു എ ഇയുടെ മാധ്യമ ഐഡന്റിറ്റിയുടെ മൂല്യം 2025-ൽ ഒരു ട്രില്യൺ ഡോളറിൽ നിന്ന് ഒരു ട്രില്യൺ, 223 ബില്യൺ ഡോളറായി വർധിച്ചു. കൂടാതെ മിക്ക ആഗോള സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലും യു എ ഇ മികച്ച സ്വാധീനം ചെലുത്തുന്നു.’
“എന്റെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വത്തിൽ, യു എ ഇ ഏറ്റവും ശക്തമായ അന്താരാഷ്ട്ര സാന്നിധ്യം ആസ്വദിക്കുന്നു. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന തലത്തിലുള്ള വിശ്വാസ്യത ആസ്വദിക്കുന്നു. വികസന മാതൃകയുടെ ശക്തി മനുഷ്യരാശിയുടെ നന്മക്കുള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്നു. ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ ഭാവി മികച്ചതായിരിക്കും.’ ശൈഖ് മുഹമ്മദ് തുടർന്ന് പറഞ്ഞു.