Connect with us

anganwadi workers

സോഫ്‌റ്റ്വെയര്‍ മാറ്റം: കാസ് ഫോണില്‍ സെര്‍വര്‍ പണിമുടക്ക്; അങ്കൺവാടി വര്‍ക്കര്‍മാര്‍ ദുരിതത്തില്‍

സോഫ്റ്റ് വെയര്‍ പണിമുടക്കുന്നത് ഉത്തരവാദപ്പെട്ടവരെ അറിയിച്ചിട്ടും പരിഹാരമുണ്ടാക്കാന്‍ നടപടി ഇല്ലാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു

Published

|

Last Updated

പയ്യന്നൂര്‍ | അങ്കൺവാടികളുടെ പ്രവര്‍ത്തന വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി വര്‍ക്കര്‍മാര്‍ക്ക് അനുവദിച്ച കോമണ്‍ അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ (കാസ്) അടങ്ങിയ ഫോണ്‍ പണിമുടക്കുന്നത് പതിവായതോടെ കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കാതെ അങ്കൺവാടി വര്‍ക്കർമാര്‍ ദുരിതത്തില്‍. സോഫ്റ്റ് വെയര്‍ പണിമുടക്കുന്നത് ഉത്തരവാദപ്പെട്ടവരെ അറിയിച്ചിട്ടും പരിഹാരമുണ്ടാക്കാന്‍ നടപടി ഇല്ലാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു.

അങ്കൺവാടി വര്‍ക്കർമാർ നിത്യേനയെന്നോണം കൈകാര്യം ചെയ്യുന്ന 11 ഓളം രജിസ്റ്ററുകളില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ കാസ് ഫോണില്‍ അപ്്ലോഡ്ചെയ്യാന്‍ സാധിക്കാത്തതാണ് ദുരിതത്തിലാക്കുന്നത്. 2019 ലാണ് വിവര ശേഖരണത്തിനായി സംസ്ഥാനത്തെ അങ്കൺവാടികള്‍ക്ക് സര്‍ക്കാര്‍ കാസ് ഫോണ്‍ അനുവദിച്ചത്. അങ്കൺവാടി പരിധിയില്‍ വരുന്ന കുടുംബ വിവര രജിസ്റ്റര്‍, പ്രതിദിന ഭക്ഷണ രജിസ്റ്റര്‍, ഭവന സന്ദര്‍ശന രജിസ്റ്റര്‍, പ്രതിരോധ കുത്തിവെപ്പ് രജിസ്റ്റര്‍ തുടങ്ങി 11 രജിസ്റ്ററുകളാണ് അങ്കൺവാടികളില്‍ എഴുതി സൂക്ഷിക്കേണ്ടതിനൊപ്പം കാസ് ഫോണില്‍ അപ്്ലോഡ് ചെയ്യേണ്ടത്. ഐ സി ഡി എസ് ഓഫീസുകളിലെ നാഷനല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റർമാര്‍ക്കാണ് രജിസ്റ്റര്‍ വിവരങ്ങള്‍ നല്‍കേണ്ടത്. തുടക്കത്തില്‍ കോം കെയര്‍ എല്‍ ടി എസ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോറിച്ചാണ് രജിസ്റ്റര്‍ വിവരങ്ങള്‍ കാസ് ഫോണ്‍ വഴി നല്‍കിവന്നത്.

എന്നാല്‍ ഇപ്പോള്‍ സോഫ്റ്റ് വെയര്‍ മാറി പോഷന്‍ ട്രാക്കറിലാണ് ചെയ്യേണ്ടത്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ആദ്യ സോഫ്്റ്റ്്വെര്‍ ഉണ്ടായിരുന്ന സമയത്ത് വളരെ സുഗമമായി വിവരങ്ങള്‍ നൽകാന്‍ സാധിച്ചിരുന്നുവെന്ന് വര്‍ക്കർമാര്‍ പറയുന്നു. അങ്കൺവാടി വര്‍ക്കർമാര്‍ വര്‍ഷങ്ങളോളം വീടുകളില്‍ സർവേ നടത്തി ശേഖരിച്ച വിവരങ്ങളാണ് കാസ് ഫോണില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ നിത്യേനയെന്നോണം ഉള്ള പുതിയ കൂട്ടിച്ചേര്‍ക്കലുകളാണ് നടത്തി വരേണ്ടത്.

സോഫ്റ്റ് വെയര്‍ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നത് വര്‍ക്കർമാരുടെ ജോലിഭാരം ഇരട്ടിയാക്കുകയാണ്. സോഫ്റ്റ് വെയര്‍ മാറുമ്പോള്‍ അപ്‌ലോഡ്‌ ചെയ്ത ഡാറ്റകളും നഷ്ടപ്പെടുകയാണ്. വര്‍ഷം തോറും വിവരങ്ങള്‍ ശേഖരിക്കുക എന്നത് ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് ഇവർ പറയുന്നു.
സെര്‍വര്‍ വേഗത കുറയുന്നത് കാരണം ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. കാസ് ഫോണില്‍ അപ് ലോഡ് ചെയ്യുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വര്‍ക്കർമാര്‍ക്ക് പെര്‍ഫോമന്‍സ് അലവന്‍സ് നൽകുന്നത്. സെര്‍വര്‍ പണിമുടക്കിലായതോടെ ചെയ്യുന്ന ജോലിക്ക് വേതനം ലഭിക്കാത്ത അവസ്ഥയാണ്. വളരെ കുറഞ്ഞ വേതനത്തിന് കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നു എന്ന പരാതി ഉന്നയിക്കുമ്പോഴാണ് ചെയ്ത ജോലിക്ക് ലഭിക്കേണ്ട വേതനം പോലും മുടങ്ങുന്ന അവസ്ഥയെന്ന് വര്‍ക്കർമാര്‍ കുറ്റപ്പെടുത്തുന്നു. കാസ് ഫോണിന്റെ സെര്‍വര്‍ തകരാര്‍ പരിഹരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

---- facebook comment plugin here -----

Latest