Uae
സൊഹാര്‍-അബൂദബി റെയില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും
ഒമാന്‍ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും സംയുക്ത സംരംഭമായ ഒമാന്‍ ആന്‍ഡ് ഇത്തിഹാദ് റെയില്‍ കമ്പനിയാണ് ഗതാഗത പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
![](https://assets.sirajlive.com/2023/04/rail.jpg)
അബൂദബി | യു എ ഇയും ഒമാനും തമ്മില്‍ റെയില്‍വേ ബന്ധം സ്ഥാപിക്കുന്നതിനുള്ള മൂന്ന് ബില്യണ്‍ ഡോളറിന്റെ പദ്ധതി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മേഖലയിലെ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു. ഒമാന്‍ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും സംയുക്ത സംരംഭമായ ഒമാന്‍ ആന്‍ഡ് ഇത്തിഹാദ് റെയില്‍ കമ്പനിയാണ് ഗതാഗത പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ട്രെയിനുകള്‍ അബൂദബിയെയും മസ്‌കത്തിന്റെ വടക്ക് ഭാഗത്തെ സോഹാറിനെയും ബന്ധിപ്പിക്കും. 303 കിലോമീറ്റര്‍ പാതയുടെ വികസനത്തിനായി അബൂദബിയിലെ നിക്ഷേപകരായ മുബദാല കഴിഞ്ഞ മാസം കരാര്‍ ഒപ്പുവച്ചിരുന്നു. മസ്‌കത്തില്‍ നടന്ന യോഗത്തില്‍ അഭിലാഷ പദ്ധതികളുടെ പ്രാധാന്യം ഒമാന്‍-ഇത്തിഹാദ് റെയില്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി.
യു എ ഇ ഊര്‍ജ, അടിസ്ഥാനസൗകര്യ മന്ത്രിയും ഒമാന്‍, ഇത്തിഹാദ് റെയില്‍ കമ്പനി ചെയര്‍മാനുമായ സുഹൈല്‍ അല്‍ മസ്റൂയി, ഒമാന്‍ ഗതാഗത, വാര്‍ത്താവിനിമയ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി സയീദ് അല്‍ മവാലി, ഒമാന്‍, ഇത്തിഹാദ് റെയില്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സഈദ് അല്‍ മവാലിയും പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുതിയ നാഴികക്കല്ലായി ബോര്‍ഡ് അംഗങ്ങള്‍ പുതിയ റെയില്‍ സംരംഭത്തെ പ്രശംസിച്ചുവെന്ന് അബൂദബി മീഡിയ ഓഫീസ് അറിയിച്ചു.
യാത്രക്കാരുടെയും ചരക്കു നീക്കത്തിന്റെയും ഗതാഗതം സുഗമമാക്കുക, ഇരു രാജ്യങ്ങളിലെയും പ്രൊഫഷണലുകള്‍ക്ക് പ്രതിഫലദായകമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഒമാനെയും യു എ ഇയെയും ബന്ധിപ്പിക്കുന്ന സുരക്ഷിതവും കാര്യക്ഷമവുമായ റെയില്‍വേ ശൃംഖലയുടെ വികസനത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും സുസ്ഥിര വികസനവും ശക്തമായ ബന്ധങ്ങളും വളര്‍ത്തിയെടുക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
സംയുക്ത സംരംഭത്തിന്റെ പുരോഗതിയെക്കുറിച്ചും എന്‍ജിനീയറിങ് ഡിസൈന്‍ അവലോകനങ്ങളുടെയും സിസ്റ്റം പഠനങ്ങളുടെയും ഫലങ്ങളും ബോര്‍ഡ് യോഗം അവലോകനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളെ അപേക്ഷിച്ച് സാധാരണയായി ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന മേഖലയിലെ കാലാവസ്ഥയില്‍ നെറ്റ്വര്‍ക്കിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് പഠനങ്ങള്‍ നടത്തിയത്. റെയില്‍ പാതയുടെ സുഗമമായ ഓട്ടം അനുവദിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങളും സംയോജിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ബോര്‍ഡ് ചര്‍ച്ച ചെയ്തു.
യാ്ത്രാ വണ്ടികള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലും ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 120 കിലോമീറ്ററിലും സഞ്ചരിക്കും. അബൂദബിക്കും സോഹാറിനും ഇടയില്‍ യാത്രാ സമയം മസ്‌കത്തിന്റെ വടക്ക് ഭാഗത്തേക്ക് 100 മിനുട്ടായും സോഹാറില്‍ നിന്ന് അല്‍ ഐനിലേക്ക് 47 മിനുട്ടായും കുറയ്ക്കും. യു എ ഇയുടെ നിലവിലുള്ള ചരക്ക് സേവന പാത സുല്‍ത്താനേറ്റിന്റെ ആഴക്കടല്‍ തുറമുഖമായ സോഹാറുമായി ബന്ധിപ്പിക്കുന്നത് പദ്ധതികളില്‍ ഉള്‍പ്പെടുന്നു.