Connect with us

Business

ഖത്വറിലെ കേരള ബിസിനസ് ഫോറവുമായി സൊഹോ കരാറില്‍ ഒപ്പുവച്ചു

ഫോറത്തില്‍ അംഗങ്ങളായ ഖത്വറിലെ മലയാളി സംരംഭകര്‍ക്ക് അതിവേഗം വ്യാപാര പുരോഗതി കൈവരിക്കാന്‍ മികച്ച ക്ലൗഡ് സാങ്കേതിക സേവനങ്ങള്‍ മിതമായ ചെലവില്‍ ലഭ്യമാക്കുന്ന വ്യവസ്ഥയാണ് കെ ബി എഫുമായി കൈകോര്‍ത്ത് സൊഹോ നടപ്പിലാക്കുന്നത്.

Published

|

Last Updated

ദോഹ | പ്രമുഖ ഗ്ലോബല്‍ ടെക്‌നോളജി കമ്പനിയായ സൊഹോയും ഖത്വറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറ (കെ ബിഎഫ്) വും ധാരണയില്‍ ഒപ്പുവച്ചു. കെ ബി എഫ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ ബിസിനസ് വളര്‍ച്ചയും ഡിജിറ്റല്‍ രംഗത്തേയ്ക്കുള്ള മാറ്റങ്ങളും ത്വരിതപ്പെടുത്തുകയാണ് തന്ത്രപ്രധാനമായ ഈ പങ്കാളിത്തത്തിനു പിന്നില്‍.

ഫോറത്തില്‍ അംഗങ്ങളായ ഖത്വറിലെ മലയാളി സംരംഭകര്‍ക്ക് അതിവേഗം വ്യാപാര പുരോഗതി കൈവരിക്കാന്‍ മികച്ച ക്ലൗഡ് സാങ്കേതിക സേവനങ്ങള്‍ മിതമായ ചെലവില്‍ ലഭ്യമാക്കുന്ന വ്യവസ്ഥയാണ് കെ ബി എഫുമായി കൈകോര്‍ത്ത് സൊഹോ നടപ്പിലാക്കുന്നത്. കെ ബി എഫ് അംഗങ്ങളെ നൂതന സാങ്കേതിക സംവിധാനങ്ങളില്‍ ശാക്തീകരിക്കുകയാണ് ഉദ്ദേശ്യമെന്ന് സൊഹോ അറിയിക്കുന്നു.

ധാരണപ്രകാരം കെ ബി എഫ് അംഗങ്ങള്‍ക്ക് സോഹോയുടെ ക്ലൗഡ് അധിഷ്ഠിത ബിസിനസ്സ് ആപ്ലിക്കേഷനുകളുടെ സമഗ്രമായ സ്യൂട്ടിലേയ്ക്ക് പ്രവേശിക്കാനുള്ള സോഹോ വാലറ്റ് ക്രെഡിറ്റുകള്‍ അനുവദിക്കും. സൊഹോയുടെ നൂതന ബിസിനസ്സ് സൊല്യൂഷനുകളായ സി ആര്‍ എം, സോഹോ പീപ്പിള്‍ (എച്ച് ആര്‍ എം എസ്), വാറ്റ് അധിഷ്ഠിത സോഫ്റ്റ് വെയറായ സൊഹോ ബുക്‌സ്, എന്റര്‍പ്രൈസ് കൊളോബറേഷന്‍ സോഫ്റ്റ് വെയര്‍ ആയ സോഹോ വര്‍ക്ക്‌പ്ലെയ്സ് ഇതിന്റെ ഭാഗമായിരിക്കും. ഡിജിറ്റല്‍ വത്ക്കരണത്തിലൂടെ വ്യാപാരം കൂടുതല്‍ കാര്യക്ഷമമാക്കാനും ഉപഭോക്തൃ ഇടപെഴകല്‍ വര്‍ധിപ്പിക്കാനും ഡാറ്റാ അധിഷ്ഠിത തീരുമാനങ്ങള്‍ എടുക്കാനും സൊഹോ സംരംഭകരെ പ്രാപ്തരാക്കും.

എന്റര്‍പ്രൈസ് സാങ്കേതികവിദ്യയെ ജനാധിപത്യവത്ക്കരിക്കുക എന്ന സൊഹോയുടെ ദൗത്യം ചെറുതും വലുതുമായ എല്ലാ ബിസിനസുകള്‍ക്കും ആക്‌സസ് ചെയ്യാവുന്നതും താങ്ങാനാവുന്നതുമാണ്. ഖത്വറിലെ ഊര്‍ജസ്വലരായ സംരംഭക കൂട്ടായ്മ കേരള ബിസിനസ് ഫോറത്തെ ശാക്തീകരിക്കുന്നതില്‍ പങ്കാളിയായതില്‍ ഏറെ സന്തോഷമുണ്ടെന്ന് സൊഹോ കോര്‍പറേഷന്‍ സ്ട്രാറ്റജിക് ഗ്രോത്ത് മിഡിലീസ്റ്റ് ആന്‍ഡ് ആഫ്രിക്ക മേധാവി പ്രേം ആനന്ദ് വേലുമണി പറഞ്ഞു.

അവരുടെ ബിസിനസ് കൂടുതല്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യം കൈവരിക്കുന്നതിനും ആവശ്യമായ സഹായ സഹകരണവും പിന്തുണയും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കെ ബി എഫ് അംഗങ്ങള്‍ക്ക് സൊഹോ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൊഹോയുടെ ക്ലൗഡ് സൊല്യൂഷനുകള്‍ക്ക് സംരംഭകരുടെ ബിസിനസ്സ് രീതികള്‍ മനസിലാക്കാനും അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ നല്‍കാനും കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പ്രേം ആനന്ദ് വേലുമണി കൂട്ടിച്ചേര്‍ത്തു.

യു എ ഇ, സഊദി, ഈജിപ്ത്, ജോര്‍ദാന്‍, ലബനാന്‍ എന്നീ രാജ്യങ്ങളുള്‍പ്പെടെ മധ്യപൂര്‍വദേശത്തെ പൊതു, സ്വകാര്യ കമ്പനികള്‍ക്ക് ഇത്തരത്തില്‍ പിന്തുണ നല്‍കിവരുന്ന സ്ഥാപനമാണ് സൊഹോ.

മലയാളി ബിസിനസ് സംരംഭകര്‍ ഏറ്റവും മിടുക്കന്മാരുടെ സമൂഹമാണെന്നും ബിസിനസ് ലോകത്ത് അത്ഭുതം സൃഷ്ടിക്കാന്‍ കഴിവുള്ളവരാണെന്നും കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് പറഞ്ഞു. അംഗങ്ങളുടെ ബിസിനസ് പരിപോഷിപ്പിക്കുന്നതിന് സൊഹോയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കാമെന്നത് ഏറെ ഗുണകരമാകും. മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് ലോകത്തെ തിരിച്ചറിഞ്ഞ് ഏറ്റവും പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് ഞങ്ങളുടെ അംഗങ്ങളെ അറിയിക്കാനും പരിശീലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതികതയുടെ പിന്തുണയോടൊപ്പം നന്നായി ചിട്ടപ്പെടുത്തിയതും പ്രവര്‍ത്തനസജ്ജവുമായ ഒരു ബിസിനസ് സിസ്റ്റം ഉണ്ടായിരിക്കുക എന്നതുമാണ് വിജയകരമായ ഓരോ ബിസിനസ് യൂണിറ്റിന്റെയും പ്രധാനം. പരിശീലനം സ്വായത്തമാക്കിയും വാണിജ്യ നിബന്ധനകളെ ഉള്‍ക്കൊണ്ടും അവസരങ്ങള്‍ കണ്ടെത്തുക, താത്പര്യമുള്ള അംഗങ്ങളെ പ്രാപ്തരാക്കുക, ബിസിനസ് വര്‍ധിപ്പിക്കുന്നതിന് സൊഹോയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുക എന്നിവയാണ് സൊഹോയുമായുള്ള തങ്ങളുടെ പങ്കാളിത്തമെന്നും അജി കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

അറബിക് ഭാഷയിലുള്ള ഇന്റര്‍ഫേസുകളുടെ വികസനം, അറബിക് ലിപിക്കനുസരിച്ചു ഇടതു നിന്നും വലത്തോട്ടേക്കു എഴുതാനുള്ള ഫീച്ചറുകള്‍, Zoho CRM, Zoho Creator, Zoho Books എന്നിവയുള്‍പ്പെടെയുള്ള മികച്ച ബിസിനസ് സാങ്കേതിക സേവനങ്ങള്‍ ഉള്‍പ്പെടെ പ്രാദേശികവത്ക്കരിക്കുന്നതില്‍ ഖത്വറിലും മറ്റു അറബ് രാജ്യങ്ങളിലും സൊഹോ ഗണ്യമായി നിക്ഷേപിച്ചിട്ടുണ്ട്. അത് മേഖലയിലെ ബിസിനസുകള്‍ നേരിടുന്ന സവിശേഷ വെല്ലുവിളികളെ പരിഹരിക്കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നു. മേഖലയുടെ സാംസ്്കാരികവും വ്യാപാര സംബന്ധിയുമായ ആവശ്യകതകളും മനസ്സിലാക്കുന്നതിലൂടെ, പ്രാദേശിക സംരംഭകരുമായി ഇടപെട്ടു പരിഹാരങ്ങള്‍ നല്‍കാന്‍ സൊഹോക്ക് കഴിയും.

 

---- facebook comment plugin here -----

Latest