Connect with us

solar case

സോളാര്‍ കേസ്: അടിയന്തര പ്രമേയം നിയമസഭ തള്ളി

ദല്ലാള്‍ നന്ദകുമാര്‍ തന്നെ വന്നു കണ്ടു എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | സോളാര്‍ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം നിയമസഭ തള്ളി. മുഖ്യമന്ത്രിയുടെ മറുപടിക്കു ശേഷമാണു പ്രമേയം തള്ളിയത്.  ദല്ലാള്‍ നന്ദകുമാര്‍ തന്നെ വന്നു കണ്ടു എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. മുമ്പൊരിക്കല്‍ കേരളാ ഹൗസില്‍ വച്ചു തന്നെ കാണാന്‍ വന്ന ദല്ലാളിനെ താന്‍ ഇറക്കി വിട്ടതായും പിന്നെ തന്നെ കാണാന്‍ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ ഇറക്കി വിടാന്‍ തനിക്കു സാധിക്കും. എന്നാല്‍ വി ഡി സതീശനു കഴിയില്ല. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്. സി ബി ഐ റിപ്പോര്‍ട്ട് സര്‍ക്കാറിനു ലഭ്യമായിട്ടില്ല. അന്നും ഇന്നും ഉപ്പുതിന്നവര്‍ വെള്ളംകുടിക്കട്ടെ എന്നതാണു നിലപാട്.

സമൂഹം മറന്നു കഴിഞ്ഞ സോളാര്‍ കേസ് എന്തിനാണു വീണ്ടും പ്രതിപക്ഷം ഇങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്നു മനസ്സിലാവുന്നില്ല. ഉമ്മന്‍ചാണ്ടിയെ ആരാണു വേട്ടയാടിയത് എന്നു പരിശോധിക്കുന്നതു നല്ലതാണ്. രാഷ്ട്രീയമായ വേട്ടയാടലിനെക്കുറിച്ച് ഒരു സംവാദം തന്നെ നടത്തുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയാണ് ഗൂഢാലോനയില്‍ പ്രധാനിയെന്നു ചൂണ്ടിക്കാട്ടിയാണ് ഷാഫി പറമ്പില്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചു.  ഉമ്മന്‍ചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. തങ്ങളുട ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ടു പോയതും മുഖ്യമന്ത്രിയാണ്. അധികാരത്തില്‍ വന്നു മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു കത്തു വാങ്ങിയത് ദല്ലാള്‍ നന്ദകുമാര്‍ ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ദല്ലാള്‍ നന്ദകുമാര്‍ വഴി പണം കൊടുത്തത് എല്‍ ഡി എഫാണ്.  കത്ത് ഉപയോഗിച്ച് ആളുകളെ നിരന്തരം അപമാനിക്കാന്‍ ആയിരുന്നു ശ്രമം. സോളാര്‍ തട്ടിപ്പ് കേസില്‍ അന്ന് യു ഡി എഫ് പോലീസ് നടപടി അഭിനന്ദനാര്‍ഹമാണ്. അന്ന് ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും അറിവോടെ ആയിരുന്നു സോളാര്‍ തട്ടിപ്പ് കേസിലെ അറസ്റ്റുകള്‍. സോളാര്‍ കേസില്‍ ആര്‍ക്കെതിരെയും ദാക്ഷിണ്യം കാണിച്ചില്ല.  തട്ടിപ്പ് കേസിനൊപ്പം പീഡന കേസ് കൂടി ചേര്‍ത്തത് ഹൈക്കോടതി തള്ളിയിരുന്നു. കാലം നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കും എന്ന് മുഖ്യമന്ത്രിയോട് ഞാന്‍ പറഞ്ഞിരുന്നു.  സ്വര്‍ണ്ണക്കടത്തിലെ ആരോപണ വിധേയായ എല്‍ ഡി എഫ് നേതാക്കളെ കുറിച്ച് പല പരാതി പറഞ്ഞു. ഞങ്ങള്‍ ഏറ്റെടുത്തില്ല. അതാണ് നിങ്ങളും ഞങ്ങളും തമ്മിലെ വ്യത്യാസമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ചു വ്യാജ കത്തുകളുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ മാപ്പ് പറയണമെന്ന് പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എം എല്‍ എ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.  നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടി. നിയമസഭക്ക് അകത്തുപോലും സി പി എം വേട്ടയാടി.  വി എസ് അച്യുതാനന്ദനെ പോലുള്ളവര്‍ ഹീനമായ ഭാഷയില്‍ വ്യക്തിഹത്യ നടത്തി. സി ബി ഐ റിപ്പോര്‍ട്ടില്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുമ്പോള്‍ മാപ്പ് പറയാതെ പിണറായി അടക്കമുള്ളവര്‍ സംസാരിക്കരുതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ചര്‍ച്ചക്കുശേഷം പ്രമേയം വോട്ടിനിടാതെ തള്ളുകയായിരുന്നു.

 

Latest