solar case
സോളാര്‍ പീഡന കേസ്: ഹൈബി ഈഡനെ സി ബി ഐ കുറ്റവിമുക്തനാക്കി
ഗൂഢാലോചന കേസില്‍ ഗണേഷ്‌കുമാര്‍ നേരിട്ട് ഹാജരാവണം
തിരുവനന്തപുരം | സോളാര്‍ പീഡന കേസില്‍ കോണ്‍ഗ്രസ് എം പി ഹൈബി ഈഡനെതിരെ തെളിവില്ലെന്ന സി ബി ഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സി ജെ എം കോടതി അംഗീകരിച്ചു. ഇതോടെ ഹൈബി ഈഡന്‍ കേസില്‍ കുറ്റവിമുക്തനായി.
അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി തള്ളിയാണു കോടതി നടപടി. എം എല്‍ എ ഹോസ്റ്റലില്‍ വെച്ച് ഹൈബി പീഡി പ്പിച്ചുവെന്നായിരുന്നു പരാതി. പരാതിയില്‍ സാക്ഷികളോ തെളിവുകളോ ഇല്ലെന്നും കഴമ്പില്ലാത്ത പരാതി കെട്ടിച്ചമച്ചതാണെന്നും സി ബി ഐ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാറിര്‍ നേരിട്ട് ഹാജരാകണമെന്നു കാണിച്ചു കോടതി നോട്ടീസ് അയച്ചു. അടുത്ത മാസം 18 ന് ഹാജരാകണമെന്നാവശ്യപ്പെട്ടു കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് നല്‍കിയത്. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമന്‍സ് അയച്ചിട്ടുണ്ട്.
കെ ബി ഗണേഷ് കുമാര്‍ എം എല്‍ എക്കും പരാതിക്കാരിക്കും എതിരെയാണ് സോളാര്‍ പീഡന ഗൂഢാലോചനക്കേസ്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ വ്യാജ രേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കൊട്ടാരക്കര കോടതിയെടുത്ത കേസില്‍ പരാതിക്കാരിയാണ് ഒന്നാം പ്രതി. കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ രണ്ടാം പ്രതിയാണ്. സമണ്‍സിന് ഹൈക്കോടതി അനുവദിച്ച സ്റ്റേ ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കൊട്ടാരക്കര കോടതി കേസ് വീണ്ടും പരിഗണിച്ചത്.
അടുത്ത മാസം 18 ന് ഗണേഷ് കുമാറും പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് ഹാജരാകണം. കോണ്‍ഗ്രസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. സുധീര്‍ ജേക്കബാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.