udf
സോളാര്‍: കോണ്‍ഗ്രസ് ഒളിച്ചോട്ടത്തില്‍ അണികള്‍ക്ക് കടുത്ത അസംതൃപ്തി
രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ഉമ്മന്‍ചാണ്ടിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ ആഗ്രഹിച്ചു എന്ന ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ നേതൃത്വം ഭയപ്പാടിലായി.
തിരുവനന്തപുരം | സോളാര്‍ പീഡനക്കേസിന് പിന്നില്‍ ഗൂഢാലോചനയെന്ന സി ബി ഐ കണ്ടെത്തലില്‍ അന്വേഷണ വേണമെന്ന നിലപാടില്‍നിന്ന് പിന്നാക്കം പോകാനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ അസംതൃപ്തി പുകയുന്നു.
സി ബി ഐ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിയമസഭയില്‍ ചര്‍ച്ചയാക്കി സര്‍ക്കാരിനും എല്‍ ഡി എഫിനുമെതിരേ ഉപയോഗിക്കാന്‍ ഇറങ്ങിയ പ്രതിപക്ഷം പൊടുന്നനെ പിന്നോട്ടടിച്ചത് പാര്‍ട്ടി അണികളില്‍ കടുത്ത അസംതൃപ്തി സൃഷ്ടിച്ചു. അപ്രതീക്ഷിതമായി സര്‍ക്കാര്‍ അടിയന്തിര പ്രമേയത്തിന് അനുമതിനല്‍കിയതോടെ ചര്‍ച്ചയില്‍ കനത്തതിരിച്ചടിയും പ്രതിപക്ഷം നേരിടേണ്ടിവന്നു.
ഉമ്മന്‍ചാണ്ടിക്കെതിരേ ആരോപണമുയര്‍ത്തിയതിനുപിന്നില്‍ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുമുണ്ടായെന്നായിരുന്നു സി ബി ഐ കണ്ടെത്തല്‍. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശനും പുറത്ത് പാര്‍ട്ടിയും ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണം ഉണ്ടായാല്‍ പാര്‍ട്ടിക്കു തന്നെ തിരിച്ചടിയാവുമെന്ന് പിന്നീട് നേതൃത്വം തിരിച്ചറിഞ്ഞു. രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ഉമ്മന്‍ചാണ്ടിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ ആഗ്രഹിച്ചു എന്ന ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ നേതൃത്വം ഭയപ്പാടിലായി.
സ്വതന്ത്ര ഏജന്‍സി അന്വേഷിച്ചാല്‍ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ പുറത്തു വരുന്നത് വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരിഞ്ഞു കൊത്തുമെന്നു കോണ്‍ഗ്രസ് ഭയപ്പെടുന്നു. നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ഒടുവില്‍ അന്വേഷണമല്ല നടപടിയാണ് വേണ്ടതെന്ന ആവശ്യത്തിലെത്തി. ചൊവ്വാഴ്ച ചേര്‍ന്ന കെ പി സി സി സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ബുധനാഴ്ച യു ഡി എഫ് യോഗം ചേര്‍ന്നപ്പോള്‍ അന്വേഷണം വേണ്ട നടപടിമതിയെന്ന നിലപാടിലേക്കു മാറുകയായിരുന്നു. എന്ത് നടപടിയാണു വേണ്ടത് എന്ന കാര്യത്തില്‍ നേതാക്കള്‍ക്കു വ്യക്തതയും ഉണ്ടായിരുന്നില്ല.
അന്വേഷണം വേണമെങ്കില്‍ എഴുതിത്തരൂവെന്ന് മുഖ്യമന്ത്രി സഭയില്‍ പ്രഖ്യാപിച്ചതോടെയാണു പ്രതിപക്ഷംകുഴങ്ങിയത്. ഇതോടെ മുഖ്യമന്ത്രിയാണു മുഖ്യപ്രതിയെന്ന കോണ്‍ഗ്രസ് ആരോപണത്തിന്റെ മുനയൊടിഞ്ഞു. അന്വേഷണമുണ്ടായാല്‍ ഫലം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായി മാറുമെന്ന സംശയമാണു പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കിയതെന്നു വന്നതോടെ പാര്‍ട്ടി അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ നേതൃത്വം പാടുപെടുകയാണ്.