International
സൗരക്കാറ്റ് ഭൂമിയിലേക്ക്; ഉപഗ്രഹ സിഗ്നലുകളെ പ്രതികൂലമായി ബാധിച്ചേക്കും
സൗരക്കാറ്റ് ഇന്ന് ഭൂമിയില്‍ വീശുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. മണിക്കൂറില്‍ 18 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റാണ് ഭൂമിയെ സമീപിക്കുന്നത്.
വാഷിങ്ടണ്‍ | സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍. ഇന്ന് സൗരക്കാറ്റ് ഭൂമിയില്‍ വീശുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. മണിക്കൂറില്‍ 18 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റാണ് ഭൂമിയെ സമീപിക്കുന്നത്. ഉപഗ്രഹങ്ങള്‍, ബഹിരാകാശ വാഹന വിക്ഷേപണം, വ്യോമയാനം, ആശയ വിനിമയ ചാനലുകള്‍ എന്നിവയെ സൗരക്കാറ്റ് പ്രതികൂലമായി ബാധിക്കും.
ഭൂമിയെക്കാള്‍ 20 മടങ്ങ് വലുപ്പത്തിലുള്ള ദ്വാരം (കൊറോണല്‍ ഹോള്‍) സൂര്യനു ചുറ്റും രൂപപ്പെട്ടിട്ടുണ്ടെന്ന് ശാസ്ത്ര ഗവേഷകര്‍ പറയുന്നു. ഒരാഴ്ചക്കിടെ പ്രത്യക്ഷമാകുന്ന രണ്ടാമത്തെ ദ്വാരമാണിത്. ഇക്കഴിഞ്ഞ് 23ന് ഭൂമിയെക്കാള്‍ 30 ഇരട്ടി വലുപ്പമുള്ള ദ്വാരം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. സൂര്യനെ കുറിച്ച് പഠിക്കുന്ന നാസയുടെ സോളാര്‍ ഡയനാമിക്‌സ് ഒബ്‌സര്‍വേറ്ററി ആണ് രണ്ട് ദ്വാരങ്ങളും കണ്ടെത്തിയത്.
സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന് ഉത്ഭവിക്കുന്ന സൗരക്കാറ്റ് ഉപരിതലത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കില്ലെങ്കിലും ഭൂമിയുടെ കാന്തിക വലയങ്ങളടങ്ങിയ സ്പേസില്‍ (മാഗ്‌നറ്റോസ്ഫിയര്‍) കാര്യമായ മാറ്റങ്ങളുണ്ടാക്കും. സൂര്യന്റെ അന്തരീക്ഷത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ചാര്‍ജ്ഡ് കണങ്ങളുടെ വന്‍ പ്രവാഹവും സൗരക്കാറ്റും സൃഷ്ടിക്കുന്നുവെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
ഭൂമിയുടെ ബാഹ്യ അന്തരീക്ഷം ശക്തമായി ചൂടാകുന്നതു കൊണ്ടാണ് ഉപഗ്രഹ സിഗ്‌നലുകളെ ബാധിക്കുന്നത്. ജി പി എസ് നാവിഗേഷന്‍, മൊബൈല്‍ സിഗ്‌നല്‍, സാറ്റലൈറ്റ് ടി വി സിഗ്‌നല്‍ എന്നിവയിലും പ്രശ്നങ്ങളുണ്ടായേക്കാം. വൈദ്യതി ലൈനുകളില്‍ കറണ്ട് പെട്ടെന്ന് ഉയരുന്നതിനാല്‍ ട്രാന്‍സ്ഫോര്‍മറുകളിലും പ്രശ്നങ്ങളുണ്ടായേക്കാന്‍ നേരിയ സാധ്യതയുണ്ടെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.