Kerala
സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം നാട്ടിലെത്തിക്കും; സംസ്‌കാരം നാളെ
നാളെ സൈനിക ബഹുമതികളോടെ സംസ്‌കാര ചടങ്ങ് ഇലന്തൂരില്‍ നടക്കും.
പത്തനംതിട്ട| ഹിമാചല്‍പ്രദേശിലെ രോത്താങ്ങ് ചുരത്തില്‍ സൈനികവിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹം നാട്ടിലെത്തിക്കും. ഇന്ന് ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ സൈന്യം തോമസ് ചെറിയാന്റെ മൃതദേഹം ഏറ്റുവാങ്ങും. നാളെ സൈനിക ബഹുമതികളോടെ സംസ്‌കാര ചടങ്ങ് ഇലന്തൂരില്‍ നടക്കും.
ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തിരച്ചിലിലാണ് 56 വര്‍ഷം മുന്‍പ് സൈനിക വിമാനം തകര്‍ന്ന് കാണാതായ തോമസ് ചെറിയാന്‍ ഉള്‍പ്പടെ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രോത്താങ് പാസിലെ മഞ്ഞുമലയില്‍ നിന്നും ചൊവ്വാഴ്ചയാണ് പ്രത്യേക തിരച്ചില്‍ സംഘം മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഇലന്തൂര്‍ ഒടാലില്‍ ഒ എം തോമസിന്റെ മകനാണ് തോമസ് ചെറിയാന്‍. കൊല്ലപ്പെടുമ്പോള്‍ 21 വയസായിരുന്നു തോമസിന്. മല്‍ഖന്‍ സിങ്, ശിപായി ആയിട്ടുള്ള നാരായണ്‍ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് തോമസ് ചെറിയാന്റെ ഭൗതിക അവശിഷ്ടങ്ങള്‍ക്കൊപ്പം ലഭിച്ചിട്ടുള്ളത്. നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ മല്‍ഖാന്‍ സിങ്, ശിപായി നാരായണ്‍ സിങ്, ക്രാഫ്റ്റ്‌സ്മാന്‍ തോമസ് ചെറിയാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാത്ത ഒരു മൃതദേഹം റാന്നി കാട്ടുര്‍ സ്വദേശിയായ സൈനികന്റെതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
1968 ഫെബ്രുവരി ഏഴിന് ചണ്ഡിഗഡില്‍ നിന്നും ലേയിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എ എന്‍-12 വിമാനമാണ് കാണാതായത്. 102 യാത്രക്കാരാണ് ഇരട്ട എന്‍ജിനുള്ള ടര്‍ബോ പ്രൊപ്പല്ലര്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ ക്രാഫ്ടില്‍ ഉണ്ടായിരുന്നത്. തിരംഗ മൗണ്ടന്‍ റസ്‌ക്യൂ ടീമും ഇന്ത്യന്‍ ആര്‍മിയുടെ ഡോഗ്ര സ്‌കൗട്ട്സും ചേര്‍ന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് ഭൗതിക അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
2003 ല്‍ എ ബി വാജ്പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങില്‍ നിന്നുള്ള പര്‍വതാരോഹകരാണ് ഈ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. നിരവധി ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു ഇത്. 2005, 2006, 2013, 2019 വര്‍ഷങ്ങളിലും ഡോഗ്ര സ്‌കൗട്ട്സ് തിരച്ചില്‍ തുടര്‍ന്നിരുന്നു. 2019 വരെ അഞ്ചു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ചന്ദ്രഭാഗ പര്‍വത പര്യവേഷക സംഘമാണ് ഇപ്പോള്‍ നാലു മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്.
തോമസ് ചെറിയാന്‍ കൊല്ലപ്പെടുമ്പോള്‍ പത്തനംതിട്ട ജില്ല ഉണ്ടായിരുന്നില്ല. ഇലന്തൂരും പത്തനംതിട്ടയുമടക്കം കൊല്ലം ജില്ലയിലാണ് ഉള്‍പ്പെട്ടിരുന്നത്. ആര്‍മി രേഖകളില്‍ ഇപ്പോഴും തോമസിന്റെ അഡ്രസ് കൊല്ലം ജില്ല വച്ചാണ്. ഇ എം എ കോര്‍പ്സിലെ സി എഫ് എന്‍ ആയിരിക്കുമ്പോഴാണ് തോമസ് കൊല്ലപ്പെടുന്നത്.