Connect with us

Kerala

അവധിക്ക് നാട്ടിലേക്ക് തിരിച്ച സൈനികനെ കാണാതായെന്ന് പരാതി

കണ്ണൂരില്‍ എത്തിയെന്നാണ് അവസാനമായി ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞത്

Published

|

Last Updated

കോഴിക്കോട് | അവധിക്ക് നാട്ടിലേക്ക് തിരിച്ച സൈനികനെ കണ്ണൂരില്‍ നിന്നു ഫോണ്‍ ചെയ്ത ശേഷം കാണാതായെന്ന് പരാതി. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകന്‍ വിഷ്ണുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായത്.

പൂണെയിലെ ആര്‍മി സപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ട സൈനികനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. അവിധി ആയതിനാല്‍ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞത് കണ്ണൂരില്‍ എത്തിയെന്നാണ്. ചൊവ്വാഴ്ച പകല്‍ 2.15നാണ് വിഷ്ണു അവസാനമായി വീട്ടിലേക്ക് വിളിച്ചത്. എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു.

പിന്നീടാണ് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവിന്റെ ഫോണ്‍ ലൊക്കേഷന്‍ പൂണെയില്‍ തന്നെയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. എ ടി എം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തില്‍ പൂണെയിലും അന്വേഷണം പുരോഗമിക്കുകയാണ്.