Malappuram
വിതുമ്പുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യം; മലപ്പുറം ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ എസ് വൈ എസ് വിചാര സദസ്സ്
മലപ്പുറത്ത് ജില്ലാ തല ഉദ്ഘാടനം കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍ നിര്‍വ്വഹിച്ചു.
മലപ്പുറം | ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഏകപക്ഷീയവും മനുഷ്യത്വരഹിതവുമായ കൂട്ടക്കുരുതിക്കെതിരെ ‘വിതുമ്പുന്ന ഫലസ്തീന്‍ ജനതക്കൊപ്പം’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ 12 സോണ്‍ കേന്ദ്രങ്ങളില്‍ വിചാര സദസ്സ് സംഘടിപ്പിച്ചു.
മലപ്പുറത്ത് ജില്ലാ തല ഉദ്ഘാടനം കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍ നിര്‍വ്വഹിച്ചു. എസ്.വൈ.എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സിദ്ദീഖ് മുസ്‍ലിയാര്‍ മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രികള്‍ക്ക് നേരെപോലും ഒരു ദയയുമില്ലാതെ ബോംബ് വര്‍ഷിച്ച് പിഞ്ചുകുരുന്നുകളടക്കം കൊല ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത സംഭവങ്ങളാണ് ഫലസ്തീനികള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഫലസ്തീനിനെ സ്വതന്ത്ര രാജ്യമാക്കി പ്രഖ്യാപിക്കുക, ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കുക, വംശഹത്യയുടെ ഇരയായവര്‍ക്ക് മതിയായ ചികിത്സയും ഭക്ഷണ സാമഗ്രികളും എത്തിക്കാന്‍ യു.എന്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.വൈ.എസ് വിചാര സദസ്സ് സംഘടിപ്പിച്ചത്.
മലപ്പുറത്ത് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍, അബ്ബാസ് സഖാഫി കോഡൂര്‍ കൊളത്തൂരില്‍ ശൗക്കത്ത് സഖാഫി, പെരിന്തല്‍മണ്ണയില്‍ മുഹമ്മദലി ബുഖാരി, മഞ്ചേരി ഈസ്റ്റില്‍ ശാക്കിര്‍ സിദ്ദീഖി പയ്യനാട്, മഞ്ചേരി വെസ്റ്റില്‍ ഇല്യാസ് ബുഖാരി, കൊണ്ടോട്ടിയില്‍ സി.കെ ശക്കീര്‍ അരിമ്പ്ര, വണ്ടൂരില്‍ ബഷീര്‍ ചെല്ലക്കൊടി, അരീക്കോട് മുഷതാഖ് സഖാഫി, പുളിക്കലില്‍ ഉമൈര്‍ ബുഖാരി, എടവണ്ണപ്പാറയില്‍ ഇബ്‌റാഹീം മുണ്ടക്കല്‍, എടക്കരയില്‍ അബ്ദുല്‍ കരീം മാസ്റ്റര്‍, നിലമ്പൂരില്‍ ജമാലുദ്ദീന്‍ അസ്ഹരി എന്നിവര്‍ വിചാര സദസ്സിന് നേതൃത്വം നല്‍കി.