From the print
ജിഫ്‌രി തങ്ങളെ മറയാക്കി ചില സഖാക്കള്‍ ലീഗിനെതിരെ പ്രവര്‍ത്തിക്കുന്നു: പി എം എ സലാം
തട്ടം വിവാദത്തില്‍ കുടുങ്ങിക്കിടക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ രക്ഷിക്കാനാണ് ശ്രമം. ഇതിന് ചിലര്‍ക്ക് നക്കാപ്പിച്ച കിട്ടിക്കാണും.
മുക്കം (കോഴിക്കോട്) | ഇ കെ വിഭാഗത്തെ വീണ്ടും കടന്നാക്രമിച്ച് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ജിഫ്‌രി തങ്ങളെ മറയാക്കി ചില സഖാക്കള്‍ ലീഗിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരെ ഇതേ രീതിയില്‍ നേരിടാനറിയാമെന്നും അദ്ദേഹം പറഞ്ഞു. മുക്കത്ത് നടന്ന വയനാട് പാര്‍ലിമെന്റ് മണ്ഡലം മുസ്ലിം ലീഗ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തട്ടം വിവാദത്തില്‍ കുടുങ്ങിക്കിടക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ രക്ഷിക്കാനാണ് ശ്രമം. ഇതിന് ചിലര്‍ക്ക് നക്കാപ്പിച്ച കിട്ടിക്കാണും. മുസ്ലിം സ്ത്രീകളുടെ തട്ടം മാറ്റിയത് സി പി എം ആണോ എന്ന മുസ്ലിം ലീഗിന്റെ ചോദ്യത്തെ ഗതിമാറ്റി അപ്രസക്തമാക്കുകയാണ് ചിലയാളുകള്‍ വിവാദത്തിലൂടെ ചെയ്തത്. അവരുടെ ലക്ഷ്യം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെയും നേതാക്കളെയും രക്ഷിക്കലാണ്.
ജിഫ്‌രി തങ്ങള്‍ വലിയ പണ്ഡിതനും നേതാവുമാണ്. അദ്ദേഹം ഒരിക്കലും ലീഗിനെതിരെ നിലപാടെടുക്കുന്ന ആളല്ല. എം എസ് എഫ് കാലത്ത് അദ്ദേഹവുമായി ഒരുപാട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് പറഞ്ഞ് ചില ‘സഖാക്കള്‍’ അപ്പുറത്ത് പണിയെടുക്കുകയാണ്. അവര്‍ വേറൊരു സംഘടനയുടെ പേര് പറഞ്ഞ് ലീഗിനെ ആക്രമിക്കാന്‍ വന്നാല്‍ തിരിച്ച് വിമര്‍ശിക്കാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്കുണ്ട്. ലീഗിനും പാണക്കാട് കുടുംബത്തിനും എതിരെ ആരോപണങ്ങളുമായി ആരെങ്കിലും രംഗത്തുവന്നാല്‍ അവര്‍ക്കെതിരെ മുസ്ലിം ലീഗ് ശക്തമായ രീതിയില്‍ മറുപടി നല്‍കും. അത് മതസംഘടനയായാലും സാംസ്‌കാരിക സംഘടനയായാലും ലീഗിന്റെ നിലപാട് പറയും. താന്‍ പറയുന്നത് ഒരു സംഘടനക്ക് എതിരല്ല.
മത സംഘടനകള്‍ അവരുടെ മേഖലയില്‍ നന്നായി പ്രവര്‍ത്തിക്കണം. അതിന് വിപരീതമായി സി പി എമ്മിനെ സഹായിച്ച് ആരെങ്കിലും തട്ടത്തിന് പിന്നില്‍ ഒളിച്ചാല്‍ ആ തട്ടം മാറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്തു.