Connect with us

Web Special

ചില ആനക്കാര്യങ്ങള്‍

ഇന്ന് ലോക ആനസംരക്ഷണ ദിനം

Published

|

Last Updated

ആനയും മനുഷ്യനും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചിലപ്പോൾ സന്തത സഹചാരിയും കൂട്ടുകാരനുമാകുന്ന ആന മറ്റുചിലപ്പോൾ ജീവൻ തുമ്പിക്കൈയിൽ കോർത്തെടുക്കുന്ന കലിപ്പനാകും. കാട്ടാനയെ മയക്കി നാട്ടാനയാക്കി ഒരു തോട്ടിയുടെ മുൾമുനയിൽ നിർത്തി വരുതിക്ക് നിർത്താറുണ്ട് നമ്മൾ മനുഷ്യർ. എന്നാൽ ഒരു കാട്ടാന നാട്ടിലിറങ്ങിയാൽ ചിത്രം മാറും. നാടും നഗരവും ഭീതിയിലാകും. സമീപകാലത്ത് അത്തരം സംഭവങ്ങൾ നിത്യസംഭവങ്ങളായി മാറുകയാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ അരിക്കൊമ്പനെ സംസ്ഥാന അതിര്‍ത്തി കടത്തിവിട്ടതിന്‍റെ പ്രതിഷേധ അലയൊലികള്‍ പൂര്‍ണ്ണമായി നിലച്ചിട്ടില്ല. പത്രത്താളില്‍ ചക്കക്കൊമ്പനും പടയപ്പയും അത്ര അപ്രധാനമല്ലാത്ത വാര്‍ത്തയാണിപ്പോഴും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കില്ലെന്ന തീരുമാനത്തിനെതിരേയുള്ള പ്രതിഷേധം രാജിയിലെത്തിയിട്ടും അധികകാലമായിട്ടില്ലല്ലോ. ഈ പശ്ചാത്തലത്തിലാണ് ലോക ആന സംരക്ഷണ ദിനം കടന്നുപോകുന്നത്. ആനകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതിയാണ് ഏപ്രിൽ 16 ലോക ആന സംരക്ഷണ ദിനമായി ആചരിക്കുന്നത്.

ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും എഴുന്നള്ളിക്കുന്ന ആനകളെ ആസ്വദിക്കുന്നതാണോ അതോ, ആന എന്ന ജീവിവര്‍ഗ്ഗത്തെ അതിന്‍റെ സ്വാഭാവികമായ അന്തരീക്ഷത്തില്‍ ജീവിക്കാൻ വിടുന്നതാണോ ആന പ്രേമം എന്ന ചോദ്യം ഈ കാലത്ത് പ്രസക്താമാണ്. അങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ ആന കണക്കുകള്‍ ഒട്ടും ആശ്വാസ്യമല്ലെന്നതാണ് വസ്തുത.

വനംവകുപ്പിന്റെ കണക്കുപ്രകാരം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ 280, ദേവസ്വം ബോർഡ് അടക്കം സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ 109, വനംവകുപ്പിന്റെ നേരിട്ടുള്ള പരിപാലനത്തിൽ 41 എന്നിങ്ങനെയാണു നാട്ടാനകളുടെ എണ്ണം. ഇതിൽ നാൽപതിനും അറുപതിനും ഇടയിൽ പ്രായമുള്ള ആനകളുടെ എണ്ണം 215 വരും. ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതൽ ആനകളുള്ളത് സാംസ്കാരിക നഗരമായ തൃശ്ശൂരിൽ തന്നെയാണ്. തീരെയില്ലാത്തത് സപ്തഭാഷ സംഗമഭൂമിയായ കാസര്‍ക്കോട്ടും.

അരിക്കൊമ്പനും പടയപ്പക്കും ധാരാളം ഫാന്‍സുള്ള നമ്മുടെ നാട്ടില്‍ ഈ കണക്ക് അത്ര കൗതുകം തരുന്നതല്ല. വനത്തിന് സമീപമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയും മറ്റു വനമേഖല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ചു ധാരാളം ആനകള്‍ക്ക് വംശനാശം സംഭവിച്ചിട്ടുണ്ടെന്ന് ആനപ്രേമികൾ പറയുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ 1600 കാട്ടാനകൾ കേരളത്തിൽ അസ്വാഭാവികമായി ചരിഞ്ഞെന്നാണു കണക്ക്. പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കൽ, വൈദ്യുതാഘാതം, ട്രെയിൻ തട്ടൽ, , നായാട്ടിനിരയാകല്‍ സ്ഫോടകവസ്തുക്കൾ തുടങ്ങിയവ മരണകാരണമായി. അരിക്കൊമ്പനായി ഹര്‍ത്താലിന് ആഹാനം ചെയ്യുമ്പോള്‍ ഈ കണക്കുകള്‍ കൂടി നാം അറിയാതെ പോകരുത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ തലയെടുപ്പിനെക്കുറിച്ച് അഭിമാനത്തോടെ പറയുമ്പോള്‍ നാട്ടാനകള്‍ നേരിടുന്ന പ്രശ്നങ്ങളുടെ ആഴവുമറിയേണ്ടതുണ്ട്. ദീര്‍ഘനേരത്തെ നില്‍പും സമീകൃതമല്ലാത്ത ഭക്ഷണവും തീക്ഷ്ണമായ ശബ്ദവും വെളിച്ചവും കഠിനാദ്ധ്വാനവുമെല്ലാം രോഗാതുരമാക്കുന്ന ആനകളുടെ ദുരിതം ഭീകരമാണ്.

കഴിഞ്ഞ 5 വർഷത്തിനിടെ ആരോഗ്യപ്രശ്നങ്ങൾ മൂലം നൂറോളം നാട്ടാനകൾ ചരിഞ്ഞുവെന്നാണ് കണക്ക്. എരണ്ടക്കെട്ട് എന്നറിയപ്പെടുന്ന മലബന്ധം , പാദങ്ങളിലെ അണുബാധ എന്നിവയായിരുന്നു പ്രധാന കാരണങ്ങള്‍. വനം വകുപ്പിന്‍റെ കണക്കനുസരിച്ച് 2018ൽ 521 ആയിരുന്നു കേരളത്തിലെ നാട്ടാനകളുടെ എണ്ണം. ഇപ്പോഴത് വെറും 389 മാത്രമാണെന്ന കണക്കില്‍ തന്നെ നാട്ടാന ജീവിതത്തിന്‍റെ ദുരന്തചിത്രം നമുക്ക് കാണാനാവും. കാട്ടാനകൾ നാട്ടിലിറങ്ങി ഭീതി വിതയ്ക്കുന്നത് ഒഴിവാക്കുന്നതിനൊപ്പം തന്നെ നാട്ടാനകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ടെന്നതിന്റെ ഓർമപ്പെടുത്തലാണ് ലോക ആനസംരക്ഷണ ദിനാചരണം നൽകുന്നത്.

Latest