feature
പ്രകൃതിയെത്തൊട്ട് ചില ജീവിതപാഠങ്ങൾ
ഗോപാലകൃഷ്ണൻ - വിജയലക്ഷ്മി ദമ്പതികളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉൾച്ചേർന്ന താങ്ങാവുന്ന വിദ്യാഭ്യാസം എന്ന പുസ്തകത്തിൽ ആധുനിക വിദ്യാഭ്യാസം എങ്ങനെ ആയിരിക്കണമെന്ന് വിവരിക്കുന്നുണ്ട്. കേരളത്തിലെ പുതിയ പാഠ്യപദ്ധതിയുടെയും ദേശീയ വിദ്യാഭ്യാസ നയ രൂപവത്കരണത്തിന്റെയും ചർച്ചകളിലും സംവാദങ്ങളിലും സജീവമായി പങ്കെടുത്ത് ഇവർ തങ്ങളുടെ കാഴ്ചപ്പാടുകളും നിർദേശങ്ങളും അവതരിപ്പിക്കുന്നുണ്ട്. നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും പുതിയ പാഠങ്ങൾ പുതുതലമുറക്ക് പകർന്നു നൽകി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കലാണ് വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ഇവർ ആഗ്രഹിക്കുന്നതും ലക്ഷ്യം വെക്കുന്നതും.
1982ൽ ആണ് ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേർന്ന് അട്ടപ്പാടിയിൽ സാരംഗ് എന്ന ബദൽ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. സമാനമായ മറ്റൊരു വിദ്യാഭ്യാസ പരീക്ഷണമായിരുന്നു വയനാട്ടിലെ കെ ജെ ബേബിയുടെ നേതൃത്വത്തിലുള്ള കനവ്. വ്യവസ്ഥാപിത വിദ്യാഭ്യാസ രീതിക്ക് ഒരു മറുചിന്തയായിരുന്നു രണ്ടിലും പ്രകടമായിരുന്നത്. പ്രകൃതികൃഷിയുടെ ആചാര്യനായ മസനോബു ഫുക്കുവോക്കയുടെ ഒറ്റ വൈക്കോൽ വിപ്ലവം എന്ന പുസ്തകവും ജപ്പാനിലെ എഴുത്തുകാരിയായ തെൽസുകോ കുറോയാനഗിയുടെ ടോട്ടോചാൻ എന്ന പുസ്തകവും ഉണർത്തിവിട്ട ജൈവ പാരിസ്ഥിതിക മാനവിക ചിന്താധാരകളെ ചേർത്തുപിടിച്ചായിരുന്നു കേരളത്തിന്റെ മണ്ണിലും ഇത്തരം പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്.
പാലക്കാട് ജില്ലയിലെ അഗളിക്കടുത്ത് സാരംഗ് മലയിൽ താമസിക്കുന്ന ഇവർ മക്കൾക്കോ പേരക്കുട്ടികൾക്കോ ഔപചാരിക വിദ്യാഭ്യാസം കൊടുത്തിട്ടില്ല. പഠനഭാരം കൊണ്ടും അധ്വാനഭാരം കൊണ്ടും മാനസിക പിരിമുറുക്കം കൊണ്ടും ഇന്നത്തെ വിദ്യഭ്യാസം കുട്ടികൾക്ക് താങ്ങാവുന്നതിനപ്പുറം അമിത ഭാരമായിരിക്കുന്നു എന്നാണ് ഇവരുടെ ഭാഷ്യം. നിലവിലെ വിദ്യാഭ്യാസം നേടിയവരിൽ ഭൂരിപക്ഷത്തിനും ഇത് ജീവിതത്തിന് താങ്ങും തണലുമാവുന്നില്ല. ഒരു ബദൽ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് ഗോപാലകൃഷ്ണൻ മാഷും വിജയലക്ഷ്മി ടീച്ചറും ചേർന്നെഴുതിയ പുസ്തകമാണ് താങ്ങാവുന്ന വിദ്യാഭ്യാസം. 1977ൽ ആണ് വിജയലക്ഷ്മിയും ഗോപാലകൃഷ്ണനും ടി ടി സിക്ക് ഒരുമിച്ച് പഠിക്കാൻ തുടങ്ങിയത്. തുടർന്ന് വയനാട്ടിലെ അമ്പലവയലിനടുത്തുള്ള നെല്ലറച്ചാലിലെ മൂപ്പൈനാട് ഗവ. എൽ പി സ്‌കൂളിൽ താത്കാലിക അധ്യാപകരായി ജോലിയിൽ പ്രവേശിച്ചു.
ഗോപാലകൃഷ്ണൻ മാഷിന് 29 വയസ്സും വിജയലക്ഷ്മി ടീച്ചർക്ക് 22 വയസ്സും ആയിരുന്നു അന്നത്തെ പ്രായം. അക്കാലത്തെ വിദ്യാഭ്യാസ അന്തരീക്ഷവും അക്കാദമിക പ്രവർത്തനങ്ങളും അവരെ ഒട്ടും സംതൃപ്തരാക്കിയില്ല.
ഒരു ജീവി എന്ന നിലയിൽ മനുഷ്യൻ സ്വയം ശിക്ഷണം ചെയ്യുന്നുണ്ട്. ഒരു നവജാത ശിശു ആദ്യമായി പരിചയപ്പെടുന്ന സാമൂഹിക പരിസരം തന്റെ ഗൃഹാന്തരീക്ഷവും രണ്ടാമത്തേത് വിദ്യാലയവുമാണ്. ശരീരവും മനസ്സും ആരോഗ്യത്തോടെ സൂക്ഷിക്കാനുള്ള പരിശീലനം മുതിർന്നവരാണ് കുട്ടികളെ ശീലിപ്പിക്കേണ്ടത്. എല്ലായ്‌പ്പോഴും കുട്ടികൾക്ക് മാതൃകയാകേണ്ടതും മുതിർന്നവരാണ്. മാതാപിതാക്കൾ പരസ്പര ബഹുമാനത്തോടെ പെരുമാറണം. മക്കൾക്ക് അവരുടെ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ തുറന്ന് പറയാനും പരിഹാരം കാണാനും ഉള്ള സ്വാതന്ത്ര്യവും കുടുംബത്തിൽ ഉണ്ടായിരിക്കണം.
1980ൽ ആദ്യ കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ വിദ്യഭ്യാസം, ഭാവി എന്നിവയെല്ലാം ചർച്ച ചെയ്തു തുടങ്ങി. ഗൗതം എന്നാണ് ആദ്യ കുഞ്ഞിന് പേരിട്ടത്. നിലവിലെ സാഹചര്യത്തിൽ സർക്കാർ – പ്രൈവറ്റ് സ്‌കൂളുകളിൽ കുട്ടിയെ പഠിപ്പിക്കാൻ തയ്യാറല്ലാത്തതുകൊണ്ടാണ് സ്വന്തമായൊരു വിദ്യാലയം എന്ന ആശയം പിറവിയെടുത്തത്.
ഈ സമയത്താണ് വിജയലക്ഷ്മിക്ക് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ അഗളി ഗവ. എൽ പി സ്‌കൂളിൽ അധ്യാപികയായി സ്ഥിരനിയമനം കിട്ടുന്നത്. ഗോപാലകൃഷ്ണൻ മാഷ് സാരംഗ് ബേസിക് സ്‌കൂൾ തുടങ്ങുന്നതും ഈ അവസരത്തിലാണ്. സാരംഗ് ഒരു വിദ്യാഭ്യാസ പരീക്ഷണ കേന്ദ്രമാണ്. വിദ്യാലയങ്ങളിൽ അധ്യാപകരും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെ മറികടക്കാനുള്ള പുതുവഴികളായിരുന്നു സാരംഗിലെ പ്രധാന പരീക്ഷണങ്ങൾ. ഒപ്പം തന്നെ ആരോഗ്യം, കൃഷി, പരിസ്ഥിതി, കലാപഠനം, സാങ്കേതികപഠനം, തൊഴിൽപരിശീലനം, കായിക പ്രവർത്തനങ്ങൾ തുടങ്ങി ജീവിതത്തിനാവശ്യമായതെല്ലാം തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ ഭയരഹിതമായി മുന്നേറാൻ കെൽപ്പുള്ള മനുഷ്യരായി വളർന്ന് പുറത്തിറങ്ങുന്ന രീതിയിലാണ് പഠന പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്. തികഞ്ഞ ഉത്തരവാദിത്വത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും നാളത്തെ സമൂഹത്തെ നയിക്കേണ്ടത് അവരായിരിക്കണം. ഇതായിരുന്നു സാരംഗിനെക്കുറിച്ചുള്ള ഇരുവരുടെയും സ്വപ്‌നങ്ങൾ.
ഗോപാലകൃഷ്ണൻ വിജയലക്ഷ്മി ദമ്പതികളുടെ ആദ്യപുത്രൻ ഗൗതം സാരംഗിലെ ആദ്യ വിദ്യാർഥികളിൽ ഒരാളായിരുന്നു. പിന്നീട് ബന്ധുക്കളുടെയും അയൽ വീടുകളിലേയും കുട്ടികൾ പഠിക്കാനെത്തി. അവരെല്ലാവരും ചേർന്ന് പാട്ടുപാടിയും കഥകൾ പറഞ്ഞും തരിശുഭൂമിയിൽ കൃഷി ചെയ്തും ജീവിത പാഠങ്ങൾ പകർന്ന് പ്രകൃതിയോട് ഇണങ്ങിവളർന്നു.
വിദ്യാലയങ്ങളിലും വീടുകളിലും തന്നത്താൻ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ അവർക്ക് പലതും കണ്ടെത്തി പഠിക്കാനാകുന്നു. സാരംഗിലെ വിദ്യാഭ്യാസ പദ്ധതിയിൽ നിത്യജീവിതവുമായി ബന്ധപ്പെട്ട പലതരം പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളെ അതിലെല്ലാം പങ്കാളികളാക്കുകയും ചെയ്തിരുന്നു. കളികളിലൂടെ വ്യായാമവും മാനസികോല്ലാസവും ഒപ്പം തന്നെ ആത്മവിശ്വാസവും കൂട്ടായ്മയും വളർത്തിയെടുക്കാനാവുന്നു എന്നത് എടുത്തുപറയേണ്ട സംഗതിയാണ്. കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് സാരംഗിലെ കൃഷിയിടത്തിൽ കൃഷിചെയ്യാൻ അവസരം കൊടുത്തിരുന്നു. കൃഷി ബോധവത്കരണ പരിപാടികൾ വിപുലപ്പെടുത്തിക്കൊണ്ട് നാടും നാട്ടറിവുകളും പരിസ്ഥിതിയും ജൈവവൈവിധ്യങ്ങളും പഠിക്കാൻ കുട്ടികൾക്ക് കഴിഞ്ഞിരുന്നു.
സാരംഗിന്റെ പ്രവർത്തനങ്ങളും ബദൽ ജിവിത രീതികളും നാടൻ ഭക്ഷണ ശീലങ്ങളും എല്ലാം പുറം ലോകത്തെ അറിയിക്കാനായി യുട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. കേട്ടറിഞ്ഞവർ പല ഭാഗങ്ങളിൽ നിന്നായി പുതിയ അറിവും അനുഭവങ്ങളും തേടി സാരംഗിലെത്തുന്നുണ്ട്.
വരുന്നവരെ സന്തോഷപൂർവം സ്വീകരിക്കാൻ ഗോപാലകൃഷ്ണൻ മാഷും വിജയലക്ഷ്മി ടീച്ചറും മക്കളും മരുമക്കളുമെല്ലാം റെഡി. മുൻകൂട്ടി വിവരം അറിയിച്ച് സൗകര്യങ്ങൾ നോക്കി വരണമെന്നു മാത്രം.
ഗോപാലകൃഷ്ണൻ വിജയലക്ഷ്മി ദമ്പതികളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉൾച്ചേർന്ന താങ്ങാവുന്ന വിദ്യാഭ്യാസം എന്ന പുസ്തകത്തിൽ ആധുനിക വിദ്യാഭ്യാസം എങ്ങനെ ആയിരിക്കണമെന്ന് വിവരിക്കുന്നുണ്ട്. കേരളത്തിലെ പുതിയ പാഠ്യപദ്ധതിയുടെയും ദേശീയ വിദ്യാഭ്യാസ നയ രൂപവത്കരണത്തിന്റെയും ചർച്ചകളിലും സംവാദങ്ങളിലും സജീവമായി പങ്കെടുത്ത് ഇവർ തങ്ങളുടെ കാഴ്ചപ്പാടുകളും നിർദേശങ്ങളും അവതരിപ്പിക്കുന്നുണ്ട്. നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും പുതിയ പാഠങ്ങൾ പുതുതലമുറക്ക് പകർന്നു നൽകി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കലാണ് സാരംഗിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ഈ കുടുംബം ആഗ്രഹിക്കുന്നതും ലക്ഷ്യം വെക്കുന്നതും.