Connect with us

Articles

ചില ന്യൂനപക്ഷ വിചാരങ്ങള്‍

ഐക്യരാഷ്ട്ര സഭയാണ് 1992 ഡിസംബര്‍ 18 ലോക ന്യൂനപക്ഷ അവകാശ ദിനമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്ന് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും തുല്യ നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള പോരാട്ടത്തിലാണ് ലോകമെമ്പാടുമുള്ള ന്യൂനപക്ഷ ജനവിഭാഗം.

Published

|

Last Updated

സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ എം ജോസഫ് നടത്തിയ ഒരു നിരീക്ഷണം സുപ്രധാനമാണ്. “അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും വിവേചനരഹിതമായി ഉറപ്പാക്കാന്‍ കഴിയുന്നതാണ് ജനാധിപത്യം. എന്നാല്‍ വര്‍ത്തമാന കാലത്ത് നടക്കുന്നത് എന്താണ്? ന്യൂനപക്ഷങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുന്നു. അര്‍ഹതപ്പെട്ടത് പോലും ലഭിക്കാന്‍ അവര്‍ക്ക് കാതങ്ങള്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ദുര്‍ബലമായ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കാന്‍ പലര്‍ക്കും വിമുഖതയാണ്. നിരന്തരമായ വേട്ടയാടപ്പെടലിന് ശേഷം അവര്‍ നിശബ്ദമായി ഭൂമിയിലേക്ക് മറയുന്നു.’

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ 1948ലെ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം സുപ്രധാനമായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 12 മുതല്‍ 32 വരെ മൗലികാവകാശങ്ങളെ സംബന്ധിച്ച് പറയുന്നുണ്ട്. അമിതാധികാര പ്രയോഗത്തിനും വിവേചനത്തിനും അടിച്ചമര്‍ത്തലിനും എതിരെ വ്യക്തമായ സംരക്ഷണം നല്‍കുന്നതാണിത്. അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ അനുവദിക്കുന്ന പ്രത്യേകാവകാശത്തിന് ഓരോ പൗരനും അര്‍ഹതയുണ്ടെന്ന് ഭരണഘടന ഉറപ്പാക്കുന്നു. ഈ അവകാശങ്ങള്‍ വാഗ്ദാനം ചെയ്താല്‍ മാത്രം പോരാ, മറിച്ച് അവ വിട്ടുകൊടുക്കുകയും വേണം. അതിനാണ് ന്യൂനപക്ഷ കമ്മീഷന്‍ പോലുള്ള അവകാശ സംരക്ഷണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഐക്യരാഷ്ട്ര സഭയാണ് 1992 ഡിസംബര്‍ 18 ലോക ന്യൂനപക്ഷ അവകാശ ദിനമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്ന് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും തുല്യ നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള പോരാട്ടത്തിലാണ് ലോകമെമ്പാടുമുള്ള ന്യൂനപക്ഷ ജനവിഭാഗം.
ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനും ഭരണഘടനയും പാര്‍ലിമെന്റും സംസ്ഥാന നിയമസഭകളും ന്യൂനപക്ഷ സംരക്ഷണത്തിനും സമഗ്ര വികസനത്തിനുമായി രൂപം നല്‍കിയിട്ടുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് 1992ലെ നാഷനല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ് ആക്ട് പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മീഷന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് 2013ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഓര്‍ഡിനന്‍സും 2014ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ടും പ്രകാരം കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപവത്കരിച്ചിട്ടുള്ളത്.

നാലാമത് കമ്മീഷനാണ് സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഒരു പരാതി പരിഹാര ഫോറം എന്നതില്‍ നിന്ന് ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ പ്രായോഗിക തലത്തിലേക്ക് പറിച്ചുനട്ട് നിസ്സഹായരും ദുര്‍ബലരുമായ ജനവിഭാഗത്തിന്റെ ജീവിതോന്നതിക്ക് വേണ്ടി ഫലപ്രദമായ നടപടികള്‍ നടപ്പാക്കുക എന്നതാണ് നാലാമത് ന്യൂനപക്ഷ കമ്മീഷന്റെ സുപ്രധാന ലക്ഷ്യം.

2011ലെ കാനേഷുമാരി കണക്കനുസരിച്ച് സംസ്ഥാനത്തെ മൂന്നര കോടിയോളം വരുന്ന ജനസംഖ്യയില്‍ ഒന്നര കോടിയോളം പേര്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളാണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 42 ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളാണ് ഭൂരിപക്ഷമുള്ളത് (മുസ്‌ലിം- 59 ശതമാനം, ക്രിസ്ത്യന്‍ – 40 ശതമാനം).
കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേമത്തിനുമായി സര്‍ക്കാര്‍ തലത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ന്യൂനപക്ഷ ഡയറക്ടറേറ്റ്, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍, വഖ്ഫ് ബോര്‍ഡ്, ഹര്‍ജ്ജ് തീര്‍ഥാടനം, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങള്‍, മദ്‌റസകളുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിപുലമായ അധികാരങ്ങളും ചുമതലകളുമാണ് കമ്മീഷനില്‍ നിക്ഷിപ്തമായിട്ടുള്ളത്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെ വികസനത്തിലുണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തുക, ന്യൂനപക്ഷങ്ങള്‍ക്ക് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ഭാഷാപരവുമായുള്ള അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നത് സംബന്ധിച്ചുള്ള പ്രത്യേക പരാതികളിന്മേല്‍ അന്വേഷണം നടത്തുകയും തെളിവെടുപ്പ് നടത്തുകയും പരിഹാര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്യുക തുടങ്ങി ന്യൂനപക്ഷങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും കമ്മീഷന് നേരിട്ടിടപെട്ട് പരിഹാരം നിര്‍ദേശിക്കാവുന്നതാണ്. ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന സിവില്‍ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മീഷന് അതിന്റെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ വിനിയോഗിക്കാവുന്നതാണ്. സര്‍ക്കാര്‍ തലത്തില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പുകളുടെ വിതരണം, സംവരണം ഇവയെല്ലാം കമ്മീഷന്‍ ജാഗ്രതയോടെ നിരീക്ഷണ വിധേയമാക്കാറുണ്ട്. നാലാമത് കമ്മീഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നടത്തിയ 110 സിറ്റിംഗുകളില്‍ പരിഗണിച്ച 910 ഹരജികളില്‍ 350 എണ്ണം തീര്‍പ്പ് കല്‍പ്പിച്ചു.
സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷ (ബുദ്ധ, ജൈന, സിഖ്, പാഴ്സി) വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാലാമത് കമ്മീഷന്‍ രൂപം നല്‍കി. സംസ്ഥാനത്ത് അധിവസിക്കുന്ന സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവര ശേഖരണമെന്ന പ്രാഥമിക ചുവടുവെപ്പിലേക്ക് കമ്മീഷന്‍ കടക്കുകയുണ്ടായി. ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത നിലവാരം, വിദ്യാഭ്യാസ പശ്ചാത്തലം, സാമൂഹിക നിലവാരം എന്നിവ സംബന്ധിച്ച് പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള മീഡിയ അക്കാദമിയുമായി കമ്മീഷന്‍ ധാരണാപത്രം ഒപ്പിടുകയും മീഡിയ അക്കാദമി സമയബന്ധിതമായി പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ കൃത്യമായ കണക്ക് നിലവിലില്ലാതിരുന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ മുന്‍കൈയെടുത്ത് വിപുലമായ സര്‍വേ നടത്തിയത്. സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പഠന റിപോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി തുടക്കം കുറിച്ച സംരഭമാണ് “സമന്വയം’. പ്ലസ്ടുവോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 59നും മധ്യേ പ്രായമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരുലക്ഷം പേര്‍ക്ക് ഒരു വര്‍ഷം കൊണ്ട് സ്വകാര്യ തൊഴിലോ വിദേശ തൊഴിലോ ലഭ്യമാക്കുകയോ ലഭ്യമാക്കുന്നതിനുള്ള തൊഴില്‍ പരിശീലനമോ ഭാഷാ പരിജ്ഞാനമോ നല്‍കുകയാണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ തൊഴില്‍ നൈപുണി പരിശീലന പരിപാടിയും തൊഴില്‍ മേളകളും സംഘടിപ്പിച്ചുവരികയാണ്.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ നിന്ന് കമ്മീഷന്‍ വാട്സ്ആപ്പിലൂടെയും പരാതി സ്വീകരിക്കും. ലോകത്തിന്റെ ഏത് കോണില്‍ നിന്നും സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് കമ്മീഷനില്‍ പരാതി സമര്‍പ്പിക്കാനാകും. അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമവും ഉന്നമനവും ഉറപ്പുവരുത്തുകയെന്ന നിക്ഷിപ്തമായ കടമയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് കമ്മീഷന്‍ ലക്ഷ്യം വെക്കുന്നത്.

(ചെയര്‍മാന്‍, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍)

Latest