Idukki
കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റും; എം എം മണിക്കെതിരെ സി പി ഐ നേതാവ്
തലവെട്ടിക്കളഞ്ഞാൽ മതിയല്ലോയെന്നും അദ്ദേഹം സി പി എം നേതാവ് എം എം മണിയെ പരിഹസിച്ച് പറഞ്ഞു.

ഇടുക്കി | ഇടുക്കിയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റുമെന്ന് സി പി ഐ നേതാവ് കെ കെ ശിവരാമൻ. ഒഴിപ്പിക്കാൻ വരുന്നവരുടെ കൈയും വെട്ടും കാലും വെട്ടും നാവും പിഴുതെടുക്കും എന്നൊക്കെയാണ് പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്? തലവെട്ടിക്കളഞ്ഞാൽ മതിയല്ലോയെന്നും അദ്ദേഹം സി പി എം നേതാവ് എം എം മണിയെ പരിഹസിച്ച് പറഞ്ഞു.
ജില്ലയിലെ കൈയേറ്റ മാഫിയയെ തളക്കണം എന്ന ശീർഷകത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ശിവരാമൻ എം എം മണിക്കും സി പി എമ്മിനുമെതിരെ രൂക്ഷ വിമർശം ഉന്നയിച്ചത്. കാലും കൈയും വെട്ടി നാവും പിഴുതെടുക്കുവാൻ കുറേ സമയം എടുക്കുമല്ലോ. ചിന്നക്കനാൽ പഞ്ചായത്തിൽ 100 കണക്കിനേക്കർ സർക്കാർ ഭൂമി കൈയേറി കുരിശ് കൃഷി നടത്തുന്നവർ കുടിയേറ്റക്കാരാകുന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ല. ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി കൈയേറ്റ മാഫിയയുടെ കൈയിലാണ്.