National
ന്യൂസിലാന്റ് പ്രധാനമന്ത്രിയെ പോലെ ഒരാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരണം: ജയ്റാം രമേശ്
പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന ജസീന്തയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം
ന്യൂഡല്‍ഹി| ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനെ പോലെ ഒരാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. പ്രധാനമന്ത്രി സ്ഥാനം താന്‍ രാജിവെക്കുകയാണെന്ന ജസീന്തയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം.
ഇതിഹാസ ക്രിക്കറ്റ് കമന്റേറ്ററായ വിജയ് മര്‍ച്ചന്റ് തന്റെ കരിയറിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ സമയം അദ്ദേഹം പറഞ്ഞത് എന്തുകൊണ്ടാണ് പോകുന്നില്ല എന്നതിന് പകരം എന്തിനാണ് പോകുന്നത് എന്ന് ആളുകള്‍ ചോദിക്കും. ആ സമയത്ത് നമ്മള്‍ പോകണം. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത, വിജയ് മര്‍ച്ചന്റിന്റെ നിയമമനുസരിച്ചാണ് താന്‍ രാജിവയ്ക്കുകയാണെന്ന് പറഞ്ഞത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന് ജസീന്തയെപ്പോലെയുള്ളവരെ ആവശ്യമുണ്ട് – ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
രാജി അടുത്ത മാസം ഉണ്ടാകുമെന്ന് ജസീന്ത തന്നെയാണ് പ്രഖ്യാപിച്ചത്. ന്യൂസിലാന്റില്‍ ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴാണ് ജസീന്ത ആര്‍ഡന്റെ രാജി പ്രഖ്യാപനം. ഒരു തെരഞ്ഞെടുപ്പിനെ കൂടി നേരിടാന്‍ തനിക്ക് ഊര്‍ജമില്ലെന്നും പ്രധാനമന്ത്രി പദം തന്നില്‍ നിന്നും പലതും എടുത്ത് കളഞ്ഞെന്നും വിശദീകരിച്ചുകൊണ്ടാണ് ജസീന്തയുടെ രാജി പ്രഖ്യാപനം. ലേബര്‍ പാര്‍ട്ടിയുടെ നേതൃപദവി സ്ഥാനവും ജസീന്ത ആര്‍ഡന്‍ ഒഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭാവി പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ലെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ മാത്രമാണ് നിലവില്‍ ആഗ്രഹിക്കുന്നതെന്നും ജസീന്ത വ്യക്തമാക്കി.