cover story
'പൊതു'വിനെ എതിർത്ത് നിന്ന ഒരാള്‍
ചരിത്രത്തെ അന്വേഷിച്ചും ചരിത്രത്തെ നിർമിച്ചും ചരിത്രം ആയി മാറുന്നതായിരുന്നു ആ യാത്ര. ജ്ഞാനാന്വേഷണത്തിന് വേണ്ടി സ്വന്തം "ആയുസ്സും വപുസ്സും' വ്യയം ചെയ്തിട്ടുള്ളതായിരുന്നു ആ യാത്രകൾ. അത് സ്വന്തത്തെ എന്നതിനേക്കാൾ സ്വന്തം ജനതയെ അടയാളപ്പെടുത്തുന്നതായിരുന്നു. "കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി ' എന്നെഴുതിയ പൊയ്കയിൽ അപ്പച്ചനോടുള്ള കടം വീട്ടലായിരുന്നു കൊച്ചിന് ജീവിതം. സവർണ ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നവരെ സംബന്ധിച്ച്, ചിന്ത മിച്ചമൂല്യത്തിന്റെ സൗകര്യമായിരുന്നുവെങ്കിൽ, ദളിതരെ സംബന്ധിച്ച് അത് വിഭവരാഹിത്യത്തിന്റെ ഫലമായ ക്ലേശകരമായ ജീവിതസാഹചര്യങ്ങളുടെ ഉത്പന്നം തന്നെയായിരുന്നു.

“ദളിത് ചിന്തകൻ’ എന്ന സംവർഗം ഇപ്പോൾ ഏറെക്കുറെ എല്ലാവർക്കും സുപരിചിതമാണ്. ദളിത് ജ്ഞാനമണ്ഡലം തന്നെ അതിനെ പ്രശ്നവത്കരിക്കാനും തുടങ്ങിയിട്ടും ഉണ്ട്. “ദളിത് ചിന്തകൻ ‘ എന്തിന്? ( പൊതു) ചിന്തകൻ ആകുന്നതിന് എന്താണ് തടസ്സം എന്നത് തന്നെയാണ് ഉന്നയിക്കപ്പെട്ട ചോദ്യം? സായാഹ്ന ചർച്ചകളിൽ ദളിത് ചിന്തകനേയും ( പൊതു) ചിന്തകനേയും അപ്പുറത്തും ഇപ്പറത്തും ഇരുത്തുന്ന മലയാളി ദൃശ്യമാധ്യമപരിസരം ആ ചോദ്യത്തെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ദളിതരുടെ പൊതുവിദ്യാഭ്യാസ പ്രവേശനത്തെ എതിർത്ത് പോത്തിനേയും കാളയേയും ഒരുമിച്ച് ഉഴരുത് എന്ന് മുഖപ്രസംഗമെഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ സ്വതന്ത്ര മാധ്യമ പ്രവത്തനത്തിന്റെ പിതാവായി പരിഗണിച്ച് ആദരിച്ച് ഇരുത്തുന്ന ഒരു ഇടത്ത് നിന്നും ഇതിൽ കൂടുതലൊന്നും നമ്മൾ പ്രതീക്ഷിക്കേണ്ടതില്ലല്ലോ.
പക്ഷേ, പൊതുവിന്റെ പരിലാളനകൾ ഇല്ലാതെ വളർന്നു വന്ന ദളിത് ബുദ്ധിജീവികളുടെ ഒരു നീണ്ട നിര ഇപ്പോൾ കേരളത്തിൽ ദൃശ്യമായി തന്നെയുണ്ട്. ഇത് ഇവിടുത്തെ ഏറ്റവും കരുത്തുള്ള ഇന്റലിജിൻഷ്യ ആയി മാറിയിട്ടും ഉണ്ട്. കെ കെ കൊച്ച് ധൈഷണിക ജീവിതം തുടങ്ങുന്ന സമയത്ത് ഇതായിരുന്നില്ല അവസ്ഥ. അദൃശ്യത്തിൽ നിന്ന് സ്വയം ദൃശ്യപ്പെടുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ആയിരിക്കണം അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് ” ദളിതൻ ‘ എന്നായതും, അദ്ദേഹം ” ദളിത് ചിന്തകൻ ‘ ആയതും.
ചിന്തയുടെ കർതൃത്വ സ്ഥാനത്ത് ദളിതനായി സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു കെ കെ കൊച്ച്. പക്ഷേ, കെ കെ കൊച്ചിനെ സംബന്ധിച്ച് ഇത്തരമൊരു കർതൃത്വ രൂപവത്കരണം ഒരിക്കലും ഒരു സുഖകരമായ പ്രക്രിയയായിരുന്നില്ല. അത്രമേൽ അധീശത്വവ്യവഹാരങ്ങളാൽ അദൃശ്യപ്പെടുത്തപ്പെടുകയായിരുന്നല്ലോ ദളിത് ജ്ഞാനവ്യവഹാരങ്ങൾ. ഇ എം എസ് എഴുതിയ കേരള ചരിത്രത്തിൽ അയ്യങ്കാളിക്ക് ഇടം ഉണ്ടായിരുന്നില്ല. ടി എച്ച് പി ചെന്താരാശ്ശേരി വീണ്ടെടുക്കുന്നത് വരെ അയ്യങ്കാളി അദൃശ്യനായി തന്നെ തുടർന്നു. അടുത്തകാലം വരെ പൊയ്കയിൽ അപ്പച്ചൻ സർവകലാശാലാ സിലബസ്സുകളിൽ പോയിട്ട്, സ്കൂൾ സിലബസിന് പോലും അന്യൻ ആയിരുന്നു. ആ ഒരുകാലത്ത് നിന്നാണ് കെ കെ കൊച്ച് പ്രയാണം ആരംഭിക്കുന്നത്.
ചരിത്രത്തെ അന്വേഷിച്ചും ചരിത്രത്തെ നിർമിച്ചും ചരിത്രം ആയി മാറുന്നതായിരുന്നു ആ യാത്ര.
ഒരിക്കൽ വ്യക്തിപരമായ സംഭാഷണത്തിനിടയിൽ, പ്രാചീന കേരള ചരിത്രം അന്വേഷിച്ച് കോയമ്പത്തൂരിലെസെക്കൻഡ് ഹാൻഡ് ബുക്ക് ഷോപ്പുകൾ മുഴുവൻ കയറിയിറങ്ങിയ കഥ പറഞ്ഞതോർക്കുന്നു. ജ്ഞാനാന്വേഷണത്തിന് വേണ്ടി സ്വന്തം “ആയുസ്സും വപുസ്സും ‘ വ്യയം ചെയ്തിട്ടുള്ളതായിരുന്നു ആ യാത്രകൾ. അത് സ്വന്തത്തെ എന്നതിനേക്കാൾ സ്വന്തം ജനതയെ അടയാളപ്പെടുത്തുന്നതായിരുന്നു. ” കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി ‘ എന്നെഴുതിയ പൊയ്കയിൽ അപ്പച്ചനോടുള്ള കടം വീട്ടലായിരുന്നു കൊച്ചിന് ജീവിതം. സവർണ ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നവരെ സംബന്ധിച്ച്, ചിന്ത മിച്ചമൂല്യത്തിന്റെ സൗകര്യമായിരുന്നുവെങ്കിൽ, ദളിതരെ സംബന്ധിച്ച് അത് വിഭവരാഹിത്യത്തിന്റെ ഫലമായ ക്ലേശകരമായ ജീവിതസാഹചര്യങ്ങളുടെ ഉത്പന്നം തന്നെയായിരുന്നു.
കെ കെ കൊച്ചിനെ സംബന്ധിച്ച്, കഷ്ടപ്പാടുകളുടെ ഘോഷയാത്ര തന്നെയായിരുന്നു ജീവിതം. അടിയന്തരാവസ്ഥാ കാലത്തെ ജയിൽ ജീവിതം ഉൾപ്പെടെ അതിസാഹസികതകളാൽ സമ്പന്നമായിരുന്നല്ലോ അദ്ദേഹത്തിന്റെ ആദ്യകാല രാഷ്ട്രീയ ജീവിതം പോലും. അവിടെ നിന്ന് അദ്ദേഹം വളരെ വേഗം തന്നെ വേരുകളിലേക്ക് മടങ്ങി എന്ന് വേണം കരുതാൻ. അംബേദ്കർ പറഞ്ഞത് ഗ്രാമത്തെ ഉപേക്ഷിക്കണം എന്നായിരുന്നുവെങ്കിൽ, അനിവാര്യതകളാൽ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. പക്ഷേ, ആ ഗ്രാമത്തിലേക്ക് തന്നെയാണ് അദ്ദേഹം മടങ്ങിവരുന്നത്. അതൊരിക്കലും പഴയ കൊച്ച് ആയിട്ടല്ലാ. ആർജിച്ചെടുത്ത ജ്ഞാനത്തിന്റെ പിൻബലം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അവസാന കാലത്ത് ആത്മകഥക്കുള്ള സാഹിത്യ അക്കാദമിയുടെ അവാർഡും അദ്ദേഹത്തെ തേടിയെത്തി. മുഖ്യധാര അദ്ദേഹത്തെ ആദ്യമായി അംഗീകരിക്കുന്ന സന്ദർഭവും അതായിരിക്കണം.
ഒരിക്കലും മുഖ്യധാരയുടെ അംഗീകാരത്തിന് വേണ്ടി കാത്തുനിന്ന ഒരാൾ ആയിരുന്നില്ല അദ്ദേഹം. എക്കാലത്തും മുഖ്യധാരക്ക് എതിരിൽ തന്നെയായിരുന്നു ആ സ്ഥാനം. പൊതുവിന് എതിരിൽ ഒരു പുതിയ ലോകം സൃഷ്ടിക്കുക തന്നെയായിരുന്നു അദ്ദേഹം. “സ്വർഗം നിഷേധിക്കപ്പെട്ട ഒരാൾക്ക് വേണ്ടി സ്വന്തമായി സ്വർഗം നിർമിച്ച് നൽകിയ കഥ ഇന്ത്യൻ മിഥോളജിയിൽ വിശ്വാമിത്രന്റെ പേരിലാണ്. സവർണർ വിഭാവനം ചെയ്ത സ്വർഗങ്ങൾക്ക് പുറകിൽ കാത്ത് നിൽക്കാതെ സ്വന്തം ജനതക്ക് വേണ്ടി സ്വന്തം നിലക്ക് സ്വർഗം വിഭാവനം ചെയ്ത ഒരാൾ ആയി കൊച്ചിനെ ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും.
അവസാന കാലത്ത് വൈക്കം സത്യഗ്രഹത്തെക്കുറിച്ച് തമിഴ്നാട് സർക്കാർ ഇറക്കിയ സ്മരണികയിൽ സ്വന്തം ലേഖനം കൂടി ഉൾപ്പെട്ടത് ആവേശത്തോടുകൂടി സംസാരിച്ചത് ഇപ്പോൾ ഓർത്ത് പോകുന്നു. ഒരു പക്ഷേ, ജീവിത സായാഹ്നത്തിൽ മാത്രമാണ് അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയത്. അവസാനത്തെ ബസിൽ മാത്രം അംഗീകാരങ്ങൾ എത്തിച്ചേരുക എന്നത് അദ്ദേഹത്തിന്റെ മാത്രം അല്ല ദളിതരുടെ മൊത്തം ദുർവിധി ആയി വേണം കാണാൻ. എന്റെ മരണത്തിന്റെ കാരണം എന്റെ ജനനമാണെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിവെക്കുകയായിരുന്നു രോഹിത് വെമുലെ “ചില ജീവിതങ്ങൾ നീട്ടിവെക്കപ്പെട്ട ആത്മാഹുതികൾ ആണെന്ന് പറയാറും ഉണ്ടല്ലോ.’ സ്വന്തം ജനതക്ക് വേണ്ടിയുള്ള ആത്മാഹുതി തന്നെയായിരുന്നു ആ ജീവിതം.
ഭരണകൂടത്തെ തന്നെ അട്ടിമറിക്കുക എന്ന കാൽപ്പനികതയിൽ ആയിരുന്നല്ലോ , ആ കൗമാരം. ഇത്തരം കലാപപരിശ്രമങ്ങളിൽ കാലാളുകൾ മാത്രം ആണ് ദളിതർ എന്ന തിരിച്ചറിവിലേക്ക് അദ്ദേഹം എത്തുന്നുണ്ട്. അപ്പോഴേക്കും അദ്ദേഹത്തിൽ അംബേദ്കർ ആവേശിക്കുന്നും ഉണ്ട്. ഭരണകൂടവുമായി നിരന്തര സമരത്തിന് അംബേദ്കറും എതിരായിരുന്നല്ലോ. നിസ്സഹകരണ സമരത്തോട് നിസ്സഹകരിച്ച ആ നിലപാട് പ്രശസ്തവും ആയിരുന്നല്ലോ. അതിനെ തന്നെയാണ് , അംബേദ്കറിൽ നിന്നും അദ്ദേഹം സ്വാംശീകരിച്ചതും. കേവല സമരജീവികൾ എന്നതിൽ നിന്ന് പല നിലകളിലേക്ക് ഉള്ള ദളിത് വളർച്ചകളെ വിഭാവനം ചെയ്യുന്നതായിരുന്നു, അദ്ദേഹം രൂപവത്കരിച്ച നവസൗന്ദര്യശാസ്ത്രം.
ഭരണകൂടത്തിനെതിരിൽ തുടങ്ങിയ പോരാട്ടജീവിതത്തിന്റെ അവസാനം ഭരണകൂടത്തിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചായത് യാദൃച്ഛികം ആണെന്ന് പറയാൻ ആകില്ലാ. ആശയം ഭൗതികശക്തിയായി മാറുന്നു എന്ന് പറഞ്ഞത് മാർക്സ് ആണ്. മുഖ്യധാരാ മാർക്സിസം അധീശത്വ വ്യവഹാരമായ ഒരു ഇടത്തിൽ സമരം ചെയ്ത് സ്വയം സ്വാധീനശക്തിയായി മാറുകയായിരുന്നു കെ കെ കൊച്ച്. ആ സ്വാധീനത്തെയാണ് സർക്കാർ സംവിധാനങ്ങൾക്ക് അടക്കം അംഗീകരിക്കേണ്ടി വന്നത്. ജ്ഞാനനിർമാണത്തിലൂടെ പുതിയ ഒരു അധികാരം ആർജിച്ചെടുക്കുകയായിരുന്നു അദ്ദേഹം. പക്ഷേ, ഒരിക്കലും ഒരു ജ്ഞാനവൃദ്ധനാകാൻ ഒരുക്കമായിരുന്നില്ല അദ്ദേഹം എന്ന് കൂടി പറയേണ്ടിവരും. ചെറുപ്പം ആയിരുന്നു ആ ചിന്തയുടെയും പ്രയോഗത്തിന്റെയും മുഖമുദ്ര.