Kerala
എന്തോ പന്തികേടുണ്ടല്ലോ...? അതൊരു തോന്നലായിരുന്നില്ല, ടിക്കറ്റെടുത്തിട്ടും ബോട്ടില്‍ കയറാന്‍ തോന്നിയില്ല
ടിക്കറ്റ് എടുത്ത ശേഷം ബോട്ടിന്റെ പന്തികേട് കണ്ടാണ് കയറാതിരുന്നത്. ശംസുദ്ദീന്‍ അടക്കം ഒമ്പത് പേരാണ് അപകടത്തില്‍ നിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ടത്.
തിരൂരങ്ങാടി | 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ നിന്ന് ശംസുദ്ദീന്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. ടിക്കറ്റ് എടുത്ത ശേഷം ബോട്ടിന്റെ പന്തികേട് കണ്ടാണ് കയറാതിരുന്നത്. ശംസുദ്ദീന്‍ അടക്കം ഒമ്പത് പേരാണ് അപകടത്തില്‍ നിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ടത്.
എ ആര്‍ നഗര്‍ പാലമഠത്തില്‍ചിന മാട്ടറ ശംസുദ്ദീനും കുടുംബവും വൈകിട്ട് 4.30 ഓടെയാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരം ബീച്ചില്‍ എത്തിയത്. മൂന്നിയൂര്‍ കുന്നത്ത്പറമ്പിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഇവര്‍ കുട്ടികളുടെ താത്പര്യം മാനിച്ചാണ് ബീച്ചില്‍ പോയത്.
ശംസുദ്ദീന് പുറമേ ഭാര്യ ഹഫ്സത്ത്, മക്കളായ ഫാത്വിമ റഫ, ശഹ്ദാന്‍, സഹോദരന്റെ മക്കളായ ശാമില്‍, ഹാശിര്‍, സുഹൃത്ത് ബാസിത്ത്, ബാസിത്തിന്റെ കുടുംബം എന്നിവരടങ്ങുന്നതായിരുന്നു സംഘം. ഒരാള്‍ക്ക് 100 രൂപയായിരുന്നു ബോട്ടിന്റെ ചാര്‍ജ്.
ചാര്‍ജ് കൂടുതലായതിനെ തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കിച്ചപ്പോള്‍ മുതിര്‍ന്നവര്‍ക്ക് മാത്രം ടിക്കറ്റ് എടുത്താല്‍ മതിയെന്ന് പറഞ്ഞ് നാല് ടിക്കറ്റ് എടുത്തു. 100 രൂപ ടിക്കറ്റിന് 10/15 മിനുട്ട് ബോട്ട് യാത്രയാണ് കിട്ടുന്നത്. ബോട്ട് ഒരു ഭാഗത്തേക്ക് ചെരിഞ്ഞുകൊണ്ടാണ് നീങ്ങുന്നത്. ഇതൊക്കെ കണ്ടതോടെ ബോട്ടില്‍ കയറാതെ തങ്ങള്‍ തിരിച്ചുപോരുകയായിരുന്നുവെന്ന് ശംസുദ്ദീന്‍ പറഞ്ഞു. അവിടെ നിന്ന് മടങ്ങി മിനുട്ടുകള്‍ക്കകമാണ് ബോട്ട് അപകടത്തില്‍പെട്ടുവെന്നറിയുന്നത്.