Kerala
ഏ കെ ആന്റണിയെയാണ് മകന്‍ അനില്‍ കെ ആന്റണി കാലഹരണപ്പെട്ട നേതാവെന്ന് വിശേഷിപ്പിച്ചത് : എം എം ഹസ്സന്‍
നാല് വോട്ടിന് വേണ്ടി പിതൃത്വത്തെ പോലും തള്ളി പറയുന്ന അനില്‍ ആന്റണി പത്തനംതിട്ടയില്‍ ജയിക്കില്ലെന്ന് ഉറപ്പാണ്.
പത്തനംതിട്ട | തന്നെയോ, വി ഡി സതീശനയോ അല്ല, ഏ കെ ആന്റണിയെയാണ് മകന്‍ അനില്‍ കെ ആന്റണി കാലഹരണപ്പെട്ട നേതാവെന്ന് വിശേഷിപ്പിച്ചതെന്ന് കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏ കെ ആന്റണി വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു അനില്‍ കെ ആന്റണിയുടെ പരാമര്‍ശം. എന്നാല്‍ എല്ലാവരും അംഗീകരിക്കുന്ന സംശുദ്ധ നേതാവും തങ്ങള്‍ ആദരവോട് കാണുന്നയാളുമാണ് ഏ കെ ആന്റണി. മുപ്പത് വെള്ളിക്കാശിന് ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യഥാര്‍ഥ അവതാരമാണ് അനില്‍ കെ ആന്റണി. മാതാപിതാക്കളെ ദൈവമായി കണക്കാക്കുന്നവരാണ് നമ്മള്‍. ‘നാല് വോട്ടിന് വേണ്ടി പിതൃത്വത്തെ പോലും തള്ളി പറയുന്ന അനില്‍ ആന്റണി പത്തനംതിട്ടയില്‍ ജയിക്കില്ലെന്ന് ഉറപ്പാണ്. കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപകമായി വന്‍ സ്വീകാര്യത നേടിയ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ ജിന്നാ ലീഗിന്റെ മുദ്രയെന്നാണ് മോദി വിശേഷിപ്പിച്ചത്. പിണറായി വിജയനാകട്ടെ, മോദിയേക്കാള്‍ പതിന്‍മടങ്ങ് വര്‍ഗീയത ചേര്‍ത്തു പറഞ്ഞ് പ്രകടന പത്രികയെ എതിര്‍ക്കുന്നു. കേരളത്തില്‍ ബി ജെ പി രണ്ടിടത്ത് വിജയിക്കുമെന്നാണ് മോദി ആവര്‍ത്തിക്കുന്നത്. ബി ജെ പി – സി പി എം അന്തര്‍ധാര ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണത്. സ്വന്തം പാര്‍ട്ടിയുടേതല്ലാത്ത രണ്ട് സ്ഥാനാര്‍ത്ഥികളെ ബലിയാടാക്കിയിട്ടാണെങ്കിലും മോദിയുടെ പ്രതീക്ഷ നിറവേറ്റാനായി പിണറായി വിജയന്‍ പരമാവധി ശ്രമിക്കുന്നതും ഇന്ത്യാ സഖ്യത്തെ നഖശിഖാന്തം എതിര്‍ക്കുന്നതുമാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് തെളിഞ്ഞു കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാ കരി നിയമങ്ങളും എടുത്തുകളയും. ബി ജെ പി അധികാരത്തില്‍ വരില്ല. അവര്‍ക്ക് 200 സീറ്റില്‍ താഴെ മാത്രമാകും ലഭിക്കുക. ആര്‍ എസ് എസ് സര്‍വെയിലും ഇത് വ്യക്തമായിട്ടുണ്ട്. അധികാരത്തില്‍ വരില്ലെന്നറിഞ്ഞ മോദിയും ബി ജെ പിയും ഇപ്പോള്‍ കിതയ്ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ കേരളത്തിലെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുകയാണ്. ദേശീയ തലത്തില്‍ നരേന്ദ്രമോദിയും ബി ജെ പിയും പറയുന്നതിനേക്കാള്‍ പതിന്മടങ്ങ് വര്‍ഗീയ പ്രചാരണമാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത്. മോദിയുടെ പ്രീതി സമ്പാദിക്കുകയെന്നതാണ് ഇതിലൂടെ പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആറാം തവണയും കേരളത്തിലെത്തുന്ന നരേന്ദ്രമോദി ഇവിടേക്ക് വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങള്‍ തന്നെയാണ് പിണറായി വിജയന്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.