Kerala
കോഴിക്കൂട് പൊളിച്ചെന്നാരോപിച്ച് മകന്‍ അമ്മയുടെ കയ്യും കാലും കോടാലികൊണ്ട് അടിച്ചൊടിച്ചു
ഇടുക്കി കട്ടപ്പനയില്‍ കുന്തളംപാറ കൊല്ലപ്പള്ളില്‍ കമലമ്മയെയാണ് മകന്‍ പ്രസാദ് കോടാലി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചത്

ഇടുക്കി | കോഴിക്കൂട് കേടുവരുത്തിയെന്നാരോപിച്ച് മകന്‍ അമ്മയുടെ കയ്യും കാലും കോടാലി കൊണ്ട് അടിച്ചൊടിച്ചു. ഇടുക്കി കട്ടപ്പനയില്‍ കുന്തളംപാറ കൊല്ലപ്പള്ളില്‍ കമലമ്മയെയാണ് മകന്‍ പ്രസാദ് കോടാലി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കമലമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതി വിധിയെ തുടര്‍ന്ന മകന്‍ പ്രസാദും കുടുംബവും താമസിക്കുന്ന വീട്ടിലെ പ്രത്യേക മുറിയിലാണ് കമലമ്മ കഴിഞ്ഞിരുന്നത്.
സമീപത്തുള്ള ഇളയ മകന്റെ വീട്ടിലാണ് കമലമ്മയുടെ ഭര്‍ത്താവ് ദിവാകരന്‍ താമസിക്കുന്നത്. അച്ഛനും അമ്മയും നടക്കുന്ന വഴിയില്‍ കഴിഞ്ഞ ദിവസം പ്രസാദും ഭാര്യയും ചേര്‍ന്ന് ഒരു കോഴിക്കൂട് സ്ഥാപിച്ചു. കോഴിക്കൂടിന്റെ മേല്‍ക്കൂര കമലമ്മ കേടു വരുത്തിയെന്നാരോപിച്ചുണ്ടായ തര്‍ക്കത്തിനിടിയിലാണ് പ്രസാദ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്.
സംഭവമറിഞ്ഞെത്തിയ കട്ടപ്പന പോലീസ് പ്രസാദിനെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് പ്രസാദിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് സമീപവാസിയും രണ്ടു മക്കളുടെ അമ്മയുമായ രജനി പ്രസാദിനൊപ്പം താമസമാക്കിയിരുന്നു. അന്നുമുതല്‍ മാതാപിതാക്കളുമായി ഇരുവരും വഴക്കിടുന്നത് പതിവായിരുന്നു. തുടര്‍ന്നാണ് കോടതി ഉത്തരവ് പ്രകാരം കമലമ്മക്ക് വീട്ടില്‍ പ്രത്യേക മുറി പണിത് നല്‍കിയത്. കമലമ്മയുടെ മൊഴി എടുത്ത ശേഷം ആവശ്യമെങ്കില്‍ രജനിയെയും പ്രതി ചേര്‍ക്കുമെന്ന് കട്ടപ്പന പോലീസ് പറഞ്ഞു.