Idukki
മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കി; പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു
ഇടുക്കി രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്.
ഇടുക്കി | മദ്യപിച്ചെത്തിയ മകനും പിതാവും തമ്മിലുണ്ടായ വഴക്കിനിടെ മകന്‍ തലയ്ക്കടിയേറ്റ് മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. സംഭവത്തില്‍ പിതാവ് രവീന്ദ്രന്‍ നായരെ കമ്പം മെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ ഗംഗാധരന്‍ പിതാവ് രവീന്ദ്രനുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇതിനിടെ രവീന്ദ്രന്‍ വടി കൊണ്ട് മകനെ അടിച്ചു. തലയില്‍ അടിയേറ്റ ഗംഗാധരന്‍ ബോധരഹിതനായി വീണു. തുടര്‍ന്ന് രവീന്ദ്രന്‍ അയല്‍വാസികളെ വിവരം അറിയിക്കുകയും ഉടന്‍ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും രക്ഷിയ്ക്കാനായില്ല.
തലയ്‌ക്കേറ്റ ക്ഷതത്തില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം. സ്ഥിരം മദ്യപാനിയായ ഗംഗാധരന്‍ വീട്ടില്‍ നിന്നും മാറിയാണ് താമസിച്ചിരുന്നത്. രണ്ട് മാസം മുമ്പ് മദ്യപാനം നിര്‍ത്തിയതോടെ വീട്ടില്‍ താമസമാക്കി. എന്നാല്‍, വീണ്ടും മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ വഴക്കുണ്ടാക്കിയെന്നാണ് വിവരം.