National
മകന്‍ ഉദയനിധി ഉപമുഖ്യമന്ത്രിയാകില്ല; അഭ്യൂഹങ്ങള്‍ തള്ളി എം കെ സ്റ്റാലിന്‍
ഉദയനിധിയുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന ഡിഎംകെ യൂത്ത് വിങ് സമ്മേളനത്തെ എതിര്‍ക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് സ്റ്റാലിന്‍
ചെന്നൈ | മകന്‍ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ തള്ളി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഉദയനിധിയുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന ഡിഎംകെ യൂത്ത് വിങ് സമ്മേളനത്തെ എതിര്‍ക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് സ്റ്റാലിന്‍ പറഞ്ഞു
ചിലര്‍ തന്റെ ആരോഗ്യത്തെ സംബന്ധിച്ചുപോലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ അത് താന്‍ തന്നെ പൊളിച്ചു. ഞാന്‍ ആരോഗ്യവാനും സന്തോഷവാനുമാണ്. ഞാന്‍ ജോലിചെയ്യുന്നു- സ്റ്റാലിന്‍ വ്യക്തമാക്കി.തന്റെ ആരോഗ്യത്തെ സംബന്ധിച്ച നുണ പ്രചാരണം പാളിയതോടെ ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന് ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍, മുഖ്യമന്ത്രിയെ സഹായിക്കാന്‍ മന്ത്രിമാര്‍ എല്ലാവരുമുണ്ടെന്നും വിവാദം അവസാനിപ്പിക്കണമെന്നും ഉദയനിധിതന്നെ വ്യക്തമാക്കിക്കഴിഞ്ഞതായും സ്റ്റാലിന്‍ പറഞ്ഞു
ജനുവരി 21ന് സേലത്ത് നടക്കുന്ന യൂത്ത് വിങ് സമ്മേളനത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ അവകാശങ്ങളും ഫെഡറലിസവും സംരക്ഷിക്കുക എന്നതായിരിക്കും സമ്മേളനത്തിന്റെ ലക്ഷ്യം. ജനങ്ങളുടെ പിന്തുണയും പാര്‍ട്ടിപ്രവര്‍ത്തകരുടെ വലിയ പരിശ്രമവുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.പൊങ്കല്‍ ആശംസാ സന്ദേശത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതികരണം.