ed notice to sonia and rahul
സോണിയയും രാഹുലും ചോദ്യം ചെയ്യലിന് ഹാജരാകണം; ഇ ഡി നോട്ടീസയച്ചു
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഈ മാസം ഹാജരാകാന്‍ നോട്ടീസ് അയച്ചത്.
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഈ മാസം ഹാജരാകാന്‍ നോട്ടീസ് അയച്ചത്. രാഹുല്‍ ഗാന്ധി നാളെയും സോണിയ ജൂണ്‍ എട്ടിനുമാണ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്.
അതേസമയം, രാജ്യത്തില്ലാത്തതിനാല്‍ ജൂണ്‍ അഞ്ചിന് ശേഷം ഹാജരായാല്‍ മതിയോയെന്ന് അന്വേഷണ ഏജന്‍സിയോട് രാഹുല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇരുവരും ഇ ഡിക്ക് മുമ്പാകെ ഹാജരാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും നിയമപരവുമായ പോരാട്ടമാണിതെന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കലിനോ പണം കൈമാറ്റം ചെയ്തതിനോ യാതൊരു തെളിവുമില്ലെന്ന് കോണ്‍ഗ്രസ് എം പിയും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.
രാഷ്ട്രീയ പ്രതികാരമാണ് ഇതെന്നും പ്രതിപക്ഷത്തെ വേട്ടയാടാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള കളികളാണിത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ അടക്കമുള്ള രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.