Congress Groupism
അഞ്ച് സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ
കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള തിരുത്തല്‍വാദി നേതാക്കളുടെ യോഗം ഇന്ന്
ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് ഇവിടത്തെ പി സി സി അധ്യക്ഷന്‍മാരോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രാജി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് തലവന്മാരോടാണ് രാജി ആവശ്യപ്പെട്ടത്. പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
പി സി സികളുടെ പുനഃസംഘടന സുഗമമാക്കുന്നതിനാണ് കോണ്‍ഗ്രസ് മേധാവികളോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.
എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി രാജി സന്നദ്ധത അറിയിച്ചതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നടപടി.
അതിനിടെ കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള തിരുത്തല്‍വാദി നേതാക്കളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. കപില്‍ സിബലിന്റ വസതിയിലാണ് ജി-23 നേതാക്കള്‍ യോഗം ചേരുന്നത്. നെഹ്‌റു കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് മാറണം എന്ന കപില്‍ സിബലിന്റെ ആവശ്യത്തിന് പിന്നാലെയാണ് യോഗം നടക്കുന്നത്. എത്ര നേതാക്കള്‍ യോഗത്തിലേക്ക് എത്തുമെന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ നിന്ന് ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ക്ക് ക്ഷണമുണ്ടെങ്കിലും എത്തുമോയെന്ന് വ്യക്തമല്ല. നേരിട്ട് പങ്കെടുക്കാന്‍ ബുദ്ധിമുട്ടുള്ള നേതാക്കള്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കാനും അവസരമുണ്ട്.