Connect with us

national herald case

സോണിയാ ഗാന്ധി ഇ ഡി ഓഫീസിസില്‍; ചോദ്യം ചെയ്യല്‍ ആരംഭിച്ചു

എ ഐ സി സി ആസ്ഥാനത്ത് വന്‍ പ്രതിഷേധം: നേതാക്കളേയും പ്രവര്‍ത്തകരേയും കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നീക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി, കനത്ത സുരക്ഷാ വലയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തി. സോണിയാ ഗാന്ധിക്കൊപ്പം കാറില്‍ പ്രിയങ്ക ഗാന്ധി മാത്രമാണ് ഉണ്ടായിരുന്നത്. സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി എ ഐ സി സി ഓഫീസില്‍ നിന്ന് പുറപ്പെട്ട ഉടന്‍ ഇ ഡിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിയിരുന്നു. നിരോധനാജ്ഞയും അവഗണിച്ചായിരുന്നു പ്രതിഷേധം.

നാടകീയ രംഗങ്ങളാണ് എ ഐ സി സി ഓഫീസിന് മുന്നിലുണ്ടായത്. സോണിയ പുറപ്പെട്ട ഉടന്‍ ജാഥയായി അനുഗമിച്ച നേതാക്കളേയും പ്രവര്‍ത്തകരേയും എ ഐ സി സി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകരെ വിലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. നിരവധി വാഹനങ്ങളിലായാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
സോണിയ ഇ ഡി ഓഫീസിലെത്തിയെങ്കിലും കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. എം പിമാരടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു.

എ ഐ സി സി ആസ്ഥാനത്തും ഇ ഡി ഓഫീസ് പരിസരത്തുമെല്ലാം കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. ബാരിക്കേഡ് ഉപയോഗിച്ച് വാഹനങ്ങളെല്ലാം തടഞ്ഞു. പോലീസിന്റെ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടത്.

നേരത്തെ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സോണിയാ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. ഇന്ന് ഹാജരാകാന്‍ സോണിയക്ക് നേരത്തെ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മുമ്പും സോണിയ ഗാന്ധിക്ക് ഇഡി സമന്‍സ് അയച്ചിരുന്നുവെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി അവര്‍ ഇഡിയോട് സമയം തേടുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. 40 മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.