national herald case
സോണിയാ ഗാന്ധി 21ന് ഇ ഡിക്ക് മുമ്പില്‍ ഹാജരാകും
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സോണിയയേയും ചോദ്യം ചെയ്യുന്നത്
ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇ ഡിക്ക് മുന്നിലേക്ക്. നേരത്തെ പല തവണ നോട്ടീസ് നല്‍കിയിട്ടും സോണിയാ ഗാന്ധി അനാരോഗ്യം കാരണം ഹാജരായിരുന്നില്ല. പുതിയ സാഹചര്യത്തില്‍ ഇ ഡി നല്‍കിയ നോട്ടീസ് പ്രകാരം ഈ മാസം 21ന് സോണിയ ഹാജരാകുമെന്നാണ് അറിയുന്നത്. സോണിയ 21ന് ഹാജരാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.
രാഹുലിനെ ചോദ്യം ചെയ്ത സമയത്ത് നടത്തിയത് പോലുള്ള വലിയ പ്രതിഷേധം സോണിയയെ ചോദ്യം ചെയ്യുമ്പോഴും രാജ്യവ്യാപകമായി നടത്താനാണ് കോണ്‍ഗ്രസ് നീക്കം. ഇന്നത്തെ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനങ്ങളുണ്ടാകും. രാഹുല്‍ ഗാന്ധിയെ നാല് ദിവസമാണ് ഇ ഡി ചോദ്യം ചെയ്തത്. ഈ സമയങ്ങളില്‍ ഡല്‍ഹി എ ഐ സി സി ആസ്ഥാനത്ത് നിന്നും ഇ ഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഇ ഡി ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധം നടന്നിരുന്നു.