National
സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ഫെബ്രുവരി 27-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും.

ജയ്പൂര്‍ | കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക നല്‍കി. രാജസ്ഥാനില്‍ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. രാജസ്ഥാനില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ വിജയമുറപ്പുള്ള ഒരു സീറ്റിലാണ് സോണിയ മത്സരിക്കുന്നത്.
സോണിയാ ഗാന്ധിയുടെ പത്രിക സമര്‍പ്പണത്തിനായി കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗഹ്ലോത്, സച്ചിന്‍ പൈലറ്റ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ,സംസ്ഥാനത്തെ പാര്‍ട്ടിയുടെ മറ്റു മുതിര്‍ന്ന നേതാക്കള്‍, എംഎല്‍എ തുടങ്ങിയവര്‍ രാജസ്ഥാന്‍ നിയമസഭയിലെത്തിയിരുന്നു.
ലോക്സഭയിലെ മുന്‍ പ്രതിപക്ഷ നേതാവായ സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകാന്‍ ഒരുങ്ങുന്നത്. 2004 മുതല്‍ റായ്ബറേലിയെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന സോണിയ ഇത്തവണ കളം മാറി ചവിട്ടുകയാണ്. സോണിയക്കു പകരം മകളും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര റായ്ബറേലിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. ഫെബ്രുവരി 27നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബിഹാര്‍,ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരി 27-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും.