Connect with us

National

സോണിയ ഇന്ന് രാജ്യസഭയിലേക്ക് പത്രിക നല്‍കും; ലോക്‌സഭയിലേക്ക് പ്രിയങ്ക മത്സരിച്ചേക്കും

രാജസ്ഥാനില്‍ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് പത്രിക നല്‍കും. രാജസ്ഥാനില്‍ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുക. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം ജയ്പൂരിലെത്തി സോണിയ പത്രിക നല്‍കും.

ലോക്‌സഭയിലെ മുന്‍ പ്രതിപക്ഷ നേതാവായ സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകാന്‍ ഒരുങ്ങുന്നത്. 2004 മുതല്‍ റായ്ബറേലിയെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന സോണിയ ഇത്തവണ കളം മാറി ചവിട്ടുകയാണ്. സോണിയക്കു പകരം മകളും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര റായ്ബറേലിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. ഫെബ്രുവരി 27ന്ാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സോണിയ തങ്ങളുടെ സംസ്ഥാനങ്ങളില്‍ നിന്ന് മത്സരിക്കണമെന്ന് കര്‍ണാടക, തെലങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി ഘടകങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും ചെവിക്കൊള്ളാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം തയ്യാറായില്ല. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകക്കാരനാണെന്നതും രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നുള്ള എം പിയാണെന്നുമുള്ള വിഷയം മുന്‍നിര്‍ത്തിയാണിത്.

ഹിന്ദി ഹൃദയഭൂമിയെ കോണ്‍ഗ്രസ് ഉപേക്ഷിച്ചിട്ടില്ലെന്നതിന്റെ സന്ദേശം കൂടിയാകും സോണിയ രാജസ്ഥാനില്‍ നിന്ന് മത്സരിക്കുന്നത് എന്ന് കോണ്‍ഗ്രസിലെ ആഭ്യന്തര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2019ല്‍ അമേതി, വയനാട് എന്നീ രണ്ട് ലോക്‌സഭാ സീറ്റുകളില്‍ ജനവിധി തേടാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.

 

 

 

 

Latest