uthra murder case
ഉത്ര വധക്കേസില്‍ സൂരജിനുള്ള ശിക്ഷ ഇന്ന് വിധിക്കും
വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യം
കൊല്ലം | കേരളത്തെ നടുക്കിയ കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവായ പ്രതി സൂരജിനുള്ള ശിക്ഷ ഇന്ന് വിധിക്കും. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് ശിക്ഷ വിധിക്കുക. പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.
ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വര്‍ഷവും അഞ്ച് മാസവും നാല് ദിവസവും പൂര്‍ത്തിയാവുമ്പോഴാണ് വിധി എത്തിയത്. പ്രതി അറസ്റ്റിലായ 82-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍ ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂര്‍ഖന്‍ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിര്‍ണായകമായി.
റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. കോടതിയില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവര്‍ത്തിച്ചു പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹന്‍രാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.