National
മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റ് അധികാരത്തിലേക്ക്
സോറം പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ലാല്‍ ദുഹോമ മിസോറാം മുഖ്യമന്ത്രിയാകും.
ഐസോള്‍| മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റ് അധികാരത്തില്‍. വന്‍ ഭൂരിപക്ഷത്തോടെയാണ് സോറം പീപ്പിള്‍സ് മൂവ്മെന്റ് അധികാരത്തില്‍ വരുന്നത്. സോറം പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ലാല്‍ ദുഹോമ മിസോറാം മുഖ്യമന്ത്രിയാകും. 2019ല്‍ മാത്രം തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിക്കാണ് വന്‍ ജയം. അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ രൂപം കൊണ്ട സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ജനം.
ഗോവയില്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ലാല്‍ ദുഹോമ. ഹിപ്പികള്‍ക്കും മയക്കുമരുന്നു സംഘങ്ങള്‍ക്കുമെതിരെ 80 കളുടെ തുടക്കത്തില്‍ നടപടിയെടുത്ത് ശ്രദ്ധേയനായ ലാല്‍ ദുഹോമയെ ഇന്ദിരാഗാന്ധി തന്റെ സുരക്ഷാ സംഘത്തില്‍ കൂട്ടിയിരുന്നു. പിന്നാലെ ഐപിഎസില്‍ നിന്ന് രാജിവെച്ച് മിസോറം കോണ്‍ഗ്രസ് പ്രസിഡന്റായി. 84 ല്‍ ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ലാല്‍ ദുഹോമയെ 88 ല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കി.
ഈ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട രാജ്യത്തെ ആദ്യ ജനപ്രതിനിധിയാണ് അദ്ദേഹം. 2018ല്‍ സോറം പീപ്പിള്‍സ് മുന്നണി സ്ഥാനാര്‍ത്ഥിയായി ജയിച്ച ലാല്‍ദുഹോമയെ പിന്നീട് സോറം പീപ്പിള്‍സ് മൂവ്‌മെന്റ് രൂപീകരിച്ചപ്പോള്‍ വീണ്ടും അയോഗ്യനാക്കി. തൊട്ടടുത്ത ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയാണ് ദുഹോമ കരുത്തു കാട്ടിയത്.