Articles
ക്ഷമിക്കണം, സിറിയ ആഘോഷിക്കാനുള്ളതല്ല
സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തിന് സത്യത്തില്‍ അന്ത്യമായോ? അസദ് ഒഴിഞ്ഞ സിറിയയില്‍ അമേരിക്കയും തുര്‍ക്കിയും ഇസ്‌റാഈലും എന്തിനാണ് നിരന്തരം ആക്രമണം നടത്തുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സിറിയയെ കുറിച്ച് ശുഭാപ്തി കൊള്ളുന്നവരെ നിരാശപ്പെടുത്തുക തന്നെ ചെയ്യും.
സിറിയയില്‍ നിന്നുള്ള ആഘോഷ ദൃശ്യങ്ങളില്‍ നിറയുന്നത് ആ ജനതയുടെ പ്രത്യാശയാണ്. അധികാരത്തില്‍ കടിച്ചു തൂങ്ങിയ നേതാവിനെ രാജ്യത്ത് നിന്ന് കെട്ടുകെട്ടിക്കാന്‍ സാധിച്ചതിന്റെ ആവേശം നുരഞ്ഞുപൊങ്ങുന്നു. ലോകത്താകെ അഭയാര്‍ഥികളായി അലയാന്‍ വിധിക്കപ്പെട്ട ഒരു ജനത പല നാടുകളില്‍ നിന്ന് ആശ്വാസ നിശ്വാസം കൊള്ളുന്നു. സ്വന്തം മണ്ണില്‍ തിരിച്ചെത്താനാകുന്ന ദിനം അവര്‍ സ്വപ്‌നം കാണുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുമെന്നും പുതിയ സിറിയയെ സൃഷ്ടിക്കുമെന്നും സ്വാസ്ഥ്യം തിരിച്ചുവരുമെന്നും ബശ്ശാര്‍ അല്‍അസദിനെ താഴെയിറക്കുന്നതില്‍ കലാശിച്ച സായുധ നീക്കത്തിന് നേതൃത്വം നല്‍കിയ അബൂ മുഹമ്മദ് അല്‍ജൂലാനി പ്രഖ്യാപിച്ചിരിക്കുന്നു. ഈ പ്രഖ്യാപനമടക്കം അസദ് വീണ ശേഷം പുറത്തിറക്കിയ എല്ലാ എഴുത്തുകുത്തുകളിലും തന്റെ പേര് തന്നെ മാറ്റിക്കൊണ്ടാണ് ഭൂതകാലത്തെ ജൂലാനി മറികടക്കാന്‍ ശ്രമിക്കുന്നത്. അല്‍ഖാഇദയുടെ കീഴില്‍ ഇറാഖിലടക്കം പ്രവര്‍ത്തിച്ച കാലത്തെ സ്ഥാന പേരാണ് മുഹമ്മദ് അല്‍ജൂലാനി. തന്റെ തനത് പേരായ അഹ്മദ് ഹുസൈൻ അശ്ശറഇനെ തിരികെ വിളിക്കുക വഴി പഴയ നിലപാടുകളല്ല തനിക്കുള്ളതെന്നും ബഹുരാഷ്ട്ര സായുധ ആക്രമണങ്ങള്‍ ഉപേക്ഷിച്ചുവെന്നും ബോധ്യപ്പെടുത്താനാണ് സിറിയയുടെ പുതിയ നേതാവ് ശ്രമിക്കുന്നത്. തീര്‍ച്ചയായും ഈ ഉദ്യമം അവസരോചിതം തന്നെ. പക്ഷേ, അത് എത്രമാത്രം വിശ്വാസയോഗ്യമാണ്? എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണോ ഹയാത് തഹ്‌രീര്‍ അശ്ശാമിന്റെ ഘടന? സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തിന് സത്യത്തില്‍ അന്ത്യമായോ? അസദ് ഒഴിഞ്ഞ സിറിയയില്‍ അമേരിക്കയും തുര്‍ക്കിയും ഇസ്‌റാഈലും എന്തിനാണ് നിരന്തരം ആക്രമണം നടത്തുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സിറിയയെ കുറിച്ച് ശുഭാപ്തി കൊള്ളുന്നവരെ നിരാശപ്പെടുത്തുക തന്നെ ചെയ്യും. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെല്ലാം വൈകാരിക പാരമ്പര്യം പേറുന്ന ഈ നാട്ടില്‍ സുസ്ഥിരതയും ശാന്തിയും തിരിച്ചുവരട്ടെയെന്നും എല്ലാം നല്ലതിനാകട്ടെയെന്നും ആഗ്രഹിച്ചുകൊണ്ടാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നത്.
ചോര ചിന്തിയ ഭൂതകാലം
2011 മുതല്‍ സിറിയയില്‍ അരങ്ങേറിയ ഏറ്റുമുട്ടലുകള്‍ അത്യന്തം സങ്കീര്‍ണമായിരുന്നു. രാസായുധങ്ങള്‍ പ്രയോഗിച്ചത് ബശ്ശാര്‍ അല്‍അസദായിരുന്നെങ്കില്‍ വിമത ഗ്രൂപ്പുകളും ഒട്ടും പിറകിലായിരുന്നില്ല. അവര്‍ മൃതദേഹങ്ങളോട് പോലും ക്രൗര്യം തീര്‍ത്തു. പലായനം ചെയ്യാന്‍ പോലും അനുവദിക്കാതെ മനുഷ്യരെ ബന്ദികളാക്കി. ഒരല്‍പ്പം പോലും ദേശീയ വികാരമില്ലാതെ പരസ്പരം പോരടിച്ചു. യു എസിന്റെയും തുര്‍ക്കിയയുടെയും ഇസ്‌റാഈലിന്റെയും കൈയിലെ പാവകളായി. രാജ്യത്തിന്റെ എണ്ണ സമ്പത്ത് കൊള്ളയടിച്ച് വിറ്റു. ഐ എസ് തീവ്രവാദികള്‍ക്ക് പിടിമുറുക്കാന്‍ അവസരമൊരുക്കി. ശൈഖ് ബൂത്വി രാജ്യത്തിന്റെ ഭാവിയെയോര്‍ത്ത് നിലവിലുള്ള ഭരണകൂടത്തെ അനുകൂലിച്ചപ്പോള്‍ അദ്ദേഹത്തെ വകവരുത്തി. മഹത്തുക്കളുടെ ഖബറിടങ്ങള്‍ തകര്‍ത്തെറിഞ്ഞ് സലഫി ഗ്രൂപ്പുകള്‍ അവരുടെ പ്രത്യയശാസ്ത്രം നടപ്പാക്കി. പാല്‍മിറ പോലെ ചരിത്രപ്രസിദ്ധമായ നഗരങ്ങളിലെ ശേഷിപ്പുകള്‍ മുഴുവന്‍ തച്ചുതകര്‍ത്തു. ബശ്ശാര്‍ അല്‍അസദ് സ്വന്തം ജനതക്ക് മേല്‍ ആയുധം പ്രയോഗിക്കുമ്പോള്‍ വിമതരും അതേ പണി ചെയ്യുകയായിരുന്നു. ആരൊക്കെയോ കൊടുത്ത ആയുധങ്ങളായിരുന്നുവെന്ന് മാത്രം. ഇദ്‌ലിബില്‍ ജൂലാനിയുടെ കീഴില്‍ ഉണ്ടാക്കിയ സിറിയന്‍ സാല്‍വേഷന്‍ സര്‍ക്കാര്‍ അസദ് ഭരണകൂടത്തോളം തന്നെ സ്വേച്ഛാധിപത്യപരമായിരുന്നു. അതുകൊണ്ട് മനുഷ്യത്വത്തോടുള്ള ക്രൂരതയുടെ കാര്യത്തില്‍ ഇന്ന് വിപ്ലവകാരികളെന്നൊക്കെ വിളിക്കപ്പെടുന്നവര്‍ ഒട്ടും പിറകിലായിരുന്നില്ലെന്ന് പറയുന്നത് ബശ്ശാറിന്റെ ജനവിരുദ്ധതയെ ന്യായീകരിക്കലായി വ്യാഖ്യാനിക്കരുത്. ഇന്ന് അധികാരം കൈയാളാന്‍ നിയുക്തരായവര്‍ എന്തായിരുന്നുവെന്ന് ഓര്‍മിക്കലാണത്. രക്തമുറഞ്ഞ് പോകുന്ന ആ ഓര്‍മകള്‍ക്ക് മുന്നിലിരുന്ന് പറയാം, ജൂലാനിക്ക് അഥവാ അഹ്മദ് ഹുസൈൻ അശ്ശറഇന് സിറിയന്‍ ജനതയുടെ മനസ്സ് കീഴടക്കാന്‍ പേര് മാറ്റം മതിയാകില്ല. അദ്ദേഹം ഒരു പാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. അമേരിക്ക ഭീകരതയുടെ പേരില്‍ തലക്ക് വിലയിട്ടയാള്‍ക്ക് അതേ അമേരിക്ക അധികാരത്തിലേക്ക് വഴി തുറന്നുവെങ്കില്‍, ആയുധങ്ങള്‍ നല്‍കിയെങ്കില്‍ ആ മുടക്ക് മുതല്‍ തിരിച്ചു പിടിക്കുക തന്നെ ചെയ്യും. ഒരു ഭാഗത്ത് തന്റെ മുന്‍കാല പ്രതിച്ഛായ. മറുഭാഗത്ത് അമേരിക്കന്‍ ചേരിയുടെ മൂക്കുകയര്‍. ട്രാന്‍സിഷന്‍ സര്‍ക്കാറിനെ നയിക്കാന്‍ അശ്ശറഇന് വല്ലാത്ത മെയ് വഴക്കം പുറത്തെടുക്കേണ്ടി വരും. ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനപ്രകാരം യു എസ് പിന്‍വാങ്ങിയ ശേഷം അഫ്ഗാനില്‍ ഭരണം തുടങ്ങിയ താലിബാനെ അദ്ദേഹത്തിന് മാതൃകയാക്കാവുന്നതാണ്. റഷ്യയോടും ഇറാനോടും ലബനാനോടും പോലും ഊഷ്മള ബന്ധം പുലര്‍ത്തുന്ന സര്‍ക്കാറായിരിക്കണം സിറിയ ഭരിക്കേണ്ടത്.
ഭരണം എന്തായിരിക്കരുത് എന്നതിന് 1970ല്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ച ഹാഫിസ് അല്‍അസദിനെ, ബശ്ശാറിന്റെ പിതാവിനെ “മാതൃകയാക്കാ’വുന്നതാണ്. ജനസംഖ്യയുടെ പത്ത് ശതമാനം മാത്രം വരുന്ന അലവിയ്യ് വിഭാഗക്കാരനായ ഹാഫിസ് രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന സുന്നി വിഭാഗത്തെ അടക്കിഭരിക്കുകയായിരുന്നുവല്ലോ. വിമര്‍ശങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു ഹാഫിസ് അല്‍അസദ്. മകന്‍ ബശ്ശാര്‍ അല്‍അസദ് രാഷ്ട്രീയ പിന്‍ഗാമിയായപ്പോള്‍ ക്രൗര്യത്തിന്റെ പാഠമാണ് ഹാഫിസില്‍ നിന്ന് പകര്‍ത്തിയത്. 2011ലെ ജനകീയ പ്രക്ഷോഭത്തിന് മഴവില്‍ സ്വഭാവം ഉണ്ടായിരുന്നു. തീവ്രവാദികളും മിതവാദികളും സോഷ്യലിസ്റ്റുകളും സലഫി ഗ്രൂപ്പുകളും എല്ലാം ചേര്‍ന്ന ജനകീയ പ്രക്ഷോഭത്തെ ക്രൂരമായി നേരിട്ട ബശ്ശാര്‍ സ്വയം കുഴിതോണ്ടുകയായിരുന്നു. പുറമേ നിന്നുള്ളവര്‍ക്ക് ഇടപെട്ട് രസിക്കാന്‍ പാകത്തില്‍ സായുധ പോരാട്ടമായി അത് വളരെ വേഗം മാറി. ഇന്ന് ബശ്ശാര്‍ അല്‍അസദ് വീണ സിറിയയില്‍ അന്ന് പരസ്പരം പോരടിച്ച എല്ലാ ഗ്രൂപ്പുകളും അതേ ശക്തിയോടെ തുടരുന്നുണ്ട്. എച്ച് ടി എസ് ദമസ്‌കസിലെത്തി അധികാരം പിടിച്ചുവെന്നേയുള്ളൂ. ആഭ്യന്തര സംഘര്‍ഷം അവസാനിച്ചിട്ടില്ല. അസദ് ഭരണകൂടം തങ്ങള്‍ക്ക് അലോസരം സൃഷ്ടിച്ചവരെ പാര്‍പ്പിച്ച ജയിലുകളുടെ വാതിലുകളെല്ലാം ഇന്ന് തുറന്ന് കിടപ്പാണ്. വിപ്ലവകാരികള്‍ ആവേശോജ്ജ്വലമായ മുദ്രാവാക്യം മുഴക്കി സ്വാതന്ത്ര്യത്തിന്റെ ജീവവായുവിലേക്ക് പ്രവേശിച്ചുവെന്നൊക്കെ ചന്തത്തില്‍ പറയാം. വിവിധ വിമത ഗ്രൂപ്പുകളുടെ നേതാക്കള്‍ പുറത്തിറങ്ങി എന്നാണ് ഇതിന് നേരര്‍ഥം.
ഒടുങ്ങുന്നില്ല ആഭ്യന്തര യുദ്ധം
ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന കുര്‍ദിഷ് വംശീയ ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് സര്‍വായുധ സജ്ജരായി അവിടെയുണ്ട്. ഐ എസിനെതിരായ പോരാട്ടത്തില്‍ പ്രധാന പ്രാദേശിക പങ്കാളിയെന്ന് പ്രഖ്യാപിച്ച് അമേരിക്ക ഇവര്‍ക്ക് ആളും അര്‍ഥവും നല്‍കുന്നു. 2019ല്‍ ഐ എസ് ക്ഷയിച്ച ശേഷം ഈ വിഭാഗം വടക്കുകിഴക്കന്‍ നഗരങ്ങളുടെ നിയന്ത്രണം ഏകീകരിക്കുകയും അവിടെ സ്വയംഭരണ മേഖല സജ്ജമാക്കുകയും ചെയ്തു. ഈ ഗ്രൂപ്പിന് എച്ച് ടി എസിന്റെ നേതൃത്വത്തില്‍ വരുന്ന സര്‍ക്കാറിനോടുള്ള സമീപനമെന്തായിരിക്കും? സിറിയന്‍ നാഷനല്‍ ആര്‍മിയെന്ന പേരില്‍ തുര്‍ക്കിയയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മിലീഷ്യകളുടെ കൂട്ടായ്മയുണ്ട്. ദേശീയ താത്പര്യത്തിലേക്ക് ഇവരെ കൊണ്ടുവരുന്നതും ശ്രമകരമായിരിക്കും. ദുറൂസ് മിലീഷ്യകള്‍, അല്‍ഖാഇദയുമായി ബന്ധം സ്ഥാപിച്ച പഴയ ഗ്രൂപ്പുകളുടെ പുതിയ രൂപങ്ങള്‍, ഇസില്‍ ഭീകരവാദികള്‍ (ലതാകിയ, ഹോംസ് പോലെ അസദ് സൈന്യത്തിന് മേല്‍ക്കൈയുണ്ടായിരുന്ന പ്രദേശങ്ങളില്‍ ഇസില്‍ സംഘം തിരിച്ചുവരുന്നുവെന്ന് റിപോര്‍ട്ടുണ്ട്), എച്ച് ടി എസിനോട് സഹകരിക്കാത്ത നിരവധി തീവ്ര സലഫി, ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍, അസദിനെ പിന്തുണച്ചിരുന്ന ശിയാ ഗ്രൂപ്പുകള്‍… ഇവയെല്ലാം സ്വന്തം ശക്തി കേന്ദ്രങ്ങളില്‍ ആയുധ സജ്ജരായി നിലയുറപ്പിക്കുമ്പോള്‍ സിറിയ സംഘര്‍ഷരഹിതമായ പ്രഭാതത്തിലേക്ക് ഉണര്‍ന്നുവെന്ന് എങ്ങനെ ആശ്വാസംകൊള്ളും?
നെതന്യാഹു ചിരിക്കുന്നു
അസദിന്റെ പതനത്തിന് ശേഷം ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് സിറിയന്‍ മണ്ണില്‍ നടത്തിയ ആക്രമണങ്ങള്‍ മാത്രം മതിയാകും ആ രാജ്യത്തിന്റെ ഭാവിയോര്‍ത്ത് നടുങ്ങാന്‍. ജൂലാന്‍ കുന്ന് പ്രദേശം പൂര്‍ണമായി ഇസ്‌റാഈല്‍ കൈക്കലാക്കി. അമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു അധിനിവേശം സാധ്യമാകുന്നത്. 1967ലെ യുദ്ധത്തില്‍ ഇസ്‌റാഈല്‍ കീഴടക്കുകയും പിന്നീട് സിറിയ തിരിച്ചു പിടിക്കുകയും ചെയ്ത, ബഫര്‍ സോണായി വെച്ച പ്രദേശവും ഇസ്‌റാഈല്‍ അധീനതയിലായി. ദമസ്‌കസില്‍ വരെ ജൂതരാഷ്ട്രത്തിന്റെ ആക്രമണമെത്തി. സിറിയന്‍ സൈന്യത്തിന്റെ ആയുധശേഷിയുടെ 80 ശതമാനത്തിലേറെ തകര്‍ത്തുവെന്നാണ് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഊറ്റം കൊണ്ടത്. അത്യന്തം സന്തോഷകരമായ ദിനങ്ങളെന്ന് ബെഞ്ചമിന്‍ നെതന്യാഹു എക്‌സില്‍ കുറിച്ചു. വ്യോമാക്രമണമല്ല, കരയാക്രമണം തന്നെ നടന്നുവെന്നോര്‍ക്കുമ്പോഴാണ് സിറിയ എത്രമേല്‍ അരക്ഷിതമായിരിക്കുന്നുവെന്ന് ബോധ്യമാകുക. അസദിന്റെ ആയുധങ്ങള്‍ തീവ്രവാദികളുടെ കൈയില്‍ എത്താതിരിക്കാനാണത്രേ ജൂതരാഷ്ട്രത്തിന്റെ ആക്രമണം. തങ്ങള്‍ക്ക് ഭീഷണിയായ ഹിസ്ബുല്ല, ഇറാന്‍, ലബനാന്‍ അച്ചുതണ്ട് തകര്‍ക്കുകയാണ് സിറിയയെ “നിരായുധീകരിക്കുക’ വഴി ജൂതരാഷ്ട്രം ചെയ്യുന്നത്. അഥവാ ഫലസ്തീന്‍ അധിനിവേശം ശക്തമാക്കുക തന്നെ.
ഇനി അമേരിക്കയെന്താണ് ചെയ്യുന്നത്? പൊടുന്നനെ യു എസിന് ഇസില്‍ സംഘത്തെ ഓര്‍മ വന്നിരിക്കുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍, മധ്യ ഭാഗങ്ങളില്‍ രൂക്ഷമായ വ്യോമാക്രമണമാണ് ബി 52, എഫ് 15, എ 10 എന്നീ യു എസ് യുദ്ധവിമാനങ്ങള്‍ നടത്തിയത്. ഈ പരിവര്‍ത്തന ഘട്ടത്തില്‍ ഐ എസ് അതിന്റെ ശക്തി പുനഃസ്ഥാപിക്കുന്നത് നോക്കി നില്‍ക്കില്ലെന്ന് ബൈഡന്‍ പറയുന്നു. റഷ്യ കൈയൊഴിഞ്ഞ സിറിയയില്‍ യു എസ് പിടിമുറുക്കുന്നുവെന്ന് ചുരുക്കം. നാറ്റോ അംഗമായ തുര്‍ക്കിയ, ഹയാത്ത് തഹ്‌രീര്‍ അശ്ശാമിനെ പിന്തുണച്ചത് വെറുതെയല്ല. കുര്‍ദ് ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യലാണ് അവരുടെ ലക്ഷ്യം. തുര്‍ക്കിയയിലെ കുര്‍ദ് വിഘടനവാദികളെ സഹായിക്കുന്നത് സിറിയയിലെ കുര്‍ദ് സായുധ സംഘങ്ങളാണെന്ന് തുര്‍ക്കിയ കരുതുന്നു. ഇക്കാര്യത്തില്‍ യു എസിനെപ്പോലും മറികടന്നാണ് തുര്‍ക്കിയയുടെ പോക്ക്. കൂബാനി കേന്ദ്രീകരിച്ചാണ് അവരുടെ ആക്രമണം.
യുക്രൈന്‍ അധിനിവേശത്തിന്റെ തിരക്കിലാണ് റഷ്യ. ശിയാ ഗ്രൂപ്പുകളുടെ ക്ഷീണകാലം ഇറാനെയും തത്കാലം സിറിയയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. ഏത് നിമിഷവും ഇക്കൂട്ടരും ദമസ്‌കസ് ലക്ഷ്യമാക്കി കുതിക്കും. സ്വേച്ഛാധിപത്യത്തെ അടിച്ചോടിച്ച സിറിയന്‍ ജനത പലരാല്‍ പങ്കിടപ്പെട്ട ഒരു രാജ്യത്തെയല്ല തേടിയത്. ഗദ്ദാഫിയൊഴിഞ്ഞ ലിബിയ മുന്നിലുണ്ട്. ആര്‍ക്കും കയറി കൊള്ളയടിക്കാവുന്ന അരക്ഷിതമായ ലിബിയ, മിലീഷ്യാ ഗ്രൂപ്പുകള്‍ പകുത്തെടുത്ത ലിബിയ.