prathivaram story
പുളിത്തണൽ
സുധാകരൻ ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്. അവിടെയുള്ള ഒരു വലിയ പുളിമരത്തിന്റെ തണലിലേക്കാണ് അദ്ദേഹത്തിന്റെ നേത്രങ്ങൾ പതിക്കുന്നത്. തന്റെ വിജയപരാജയങ്ങൾ അവിടെ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. പക്ഷേ, വർഷങ്ങൾക്കു മുമ്പ് ആ പുളിഞ്ചോട്ടിൽ താനിറക്കിയിട്ടുപോയ അമ്മയെ മാത്രം കണ്ടില്ല. കണ്ണിൽ നിന്നും കണ്ണുനീർ ശക്തിയായി കുത്തിയൊലിക്കുകയാണ്.
രാത്രിയിലെ പെരുമഴ തോർന്നിട്ടുണ്ടെങ്കിലും, കടവത്തെ ആദ്യ ഉദ്യോഗസ്ഥൻ സുധാകരന്റെ കണ്ണിൽ നിന്നും അശ്രുകണങ്ങൾ ഇപ്പോഴും പൊടിഞ്ഞു കൊണ്ടിരിക്കുകയാണ്. കോലായിലെ ചാരുകസേരയിൽ അവശനായിരിക്കുമ്പോൾ, മകന്റെ ചെറുപ്രായത്തിലുള്ള ഓർമകളദ്ദേഹത്തെ കൊത്തിവലിക്കുന്നുണ്ട്. അഞ്ചാം വയസ്സിലെ കുത്തിവെപ്പ് അവന്റെയുള്ളിലേക്ക് പകർന്നത്, ഒരു “സൂചിക്കാരൻ’ ആകണമെന്ന ദൃഢനിശ്ചയമായിരുന്നു. പിന്നീട് ആ മോഹം അതുക്കും മേലെയുള്ള ഡോക്ടറിലേക്ക് മാറി. അവനെ പഠിപ്പിച്ചു വലുതാക്കി അവന്റെ സ്വപ്നം പൂവണിയിച്ചു. അതിനുള്ള പ്രതിഫലമായി മകൻ തരുന്നത് പക്ഷേ ഇതായിരിക്കും എന്ന് സുധാകരൻ ഒരിക്കലും നിനച്ചിരുന്നില്ല.
അകത്തെ കാൽപെരുമാറ്റം കേട്ട് സുധാകരൻ ധൃതിയിൽ കണ്ണും കവിളും തുടച്ചു. “വാ… പോകാം’ കൈയിൽ വലിയ രണ്ട് ബാഗുമായി മകൻ സതീഷ് പുറത്തേക്ക് വന്ന് അച്ഛനെ വിളിച്ചു.
സുധാകരൻ മെല്ലെ എഴുന്നേറ്റു. സതീഷ് അദ്ദേഹത്തിന്റെ കൈപിടിച്ചുകൊണ്ട് കാറിൽ ചെന്നിരുത്തി. വസ്ത്രക്കെട്ടെല്ലാം ഡിക്കിയിൽ വെച്ച് സീറ്റിൽ വന്നിരുന്നപ്പോൾ, ചില്ലുപാളിയിലൂടെ വീട്ടിലേക്ക് കണ്ണും നട്ടിരിക്കുന്ന അച്ഛനെയാണ് കണ്ടത്. “എന്തിനാ.. ച്ഛാ ത്ര വെഷ്മം… ഇവിടുത്തേക്കാൾ ഹൈ ഫെസിലിറ്റേറ്റും കെയറിംഗുമൊക്കെയുള്ള ഹോം കെയറിലേക്കല്ലെ ങ്ങളെ കൊണ്ടുപോണത്’. ഡോ. സതീഷ് കാർ സ്റ്റാർട്ടാക്കിക്കൊണ്ടു പറഞ്ഞു.
സുധാകരൻ ഒന്നും മിണ്ടിയില്ല. എന്ത് ചെയ്യാൻ. അവന് നോക്കാൻ ആഗ്രഹമില്ലെങ്കിൽ അവനെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ. എങ്കിലും സുധാകരന്റെ കൈകാലുകൾ കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. റോഡെല്ലാം വിജനമാണ്. അരികിലുള്ള കടകളും കെട്ടിടങ്ങളും ഉറങ്ങി. മഴ പോയി മഞ്ഞു പെയ്യാൻ തുടങ്ങിയിരിക്കുന്നു. അടുത്ത് എവിടെയും അല്ല തന്നെ കൊണ്ടിടുന്നതെന്ന് സതീഷിന്റെയും ഭാര്യയുടെയും സംഭാഷണത്തിൽ നിന്ന് ഒളിഞ്ഞു കേട്ടപ്പോൾ വ്യക്തമായിരുന്നു.
തന്റെ മകനെന്തേയ് ഇങ്ങനെയൊരു തോന്നൽ വരാൻ കാരണമെന്ന് ചിന്തിച്ചു കൊണ്ടിരിക്കെ ഓർമകൾ സുധാകരനെയും കൂട്ടി അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് യാത്രതിരിച്ചു. അപ്പോൾ മാത്രമാണ് തനിക്കൊരു അമ്മയുണ്ടായിരുന്ന കാര്യം സുധാകരൻ ഓർത്തത്. അച്ഛൻ മരിച്ചപ്പോൾ അന്യരുടെ വീട്ടിൽ പോയി തൂത്തുവാരിയും പാത്രം കഴുകിയും പീഡനങ്ങൾ സഹിച്ചും തന്നെ ഉന്നതിയിലെത്തിച്ചതാണ് അമ്മ. അങ്ങനെ കടവത്തെ ആദ്യ ഗുമസ്തനായപ്പോൾ വലിയ പ്രൗഢിയായിരുന്നു. കൃഷിപ്പണിയും കച്ചവടവും മാത്രം ചെയ്തു ജീവിക്കുന്ന നാട്ടുകാർക്കിടയിൽ വലിയ കാര്യമായിരുന്നു. നല്ല ബഹുമാനമായിരുന്നു. പക്ഷേ, അതെല്ലാം എപ്പോഴോ കെട്ടുപോയി. അപ്പോൾ തന്റെ ഭാര്യയെയും കൊണ്ട് വീടു മാറി താമസിച്ചു.
“നിർത്ത്… വണ്ടി നിർത്ത്’ – പെട്ടെന്നുള്ള സുധാകരന്റെ അലർച്ച കേട്ട് സതീഷ് സഡൻ ബ്രേക്കിട്ടു.
“ന്താ അച്ഛാ…’ – കാര്യമറിയാൻ സതീഷ് ചോദിച്ചു.
സുധാകരൻ ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്. അവിടെയുള്ള ഒരു വലിയ പുളിമരത്തിന്റെ തണലിലേക്കാണ് അദ്ദേഹത്തിന്റെ നേത്രങ്ങൾ പതിക്കുന്നത്. തന്റെ വിജയപരാജയങ്ങൾ അവിടെ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. പക്ഷേ, വർഷങ്ങൾക്കു മുമ്പ് ആ പുളിഞ്ചോട്ടിൽ താനിറക്കിയിട്ടുപോയ അമ്മയെ മാത്രം കണ്ടില്ല. കണ്ണിൽ നിന്നും കണ്ണുനീർ ശക്തിയായി കുത്തിയൊലിക്കുകയാണ്.
“എന്തിനാ…അച്ഛാ.. നിർത്താൻ പറഞ്ഞത് ? പുറത്തെന്താ ?’
“എന്റെ തോൽവി’ ഗുമസ്തൻ സുധാകരന് അത്രമാത്രമേ പറയാൻ കഴിഞ്ഞുള്ളൂ.