International
ഇന്ത്യയെ ഏഴ് വിക്കറ്റിന് വീഴ്ത്തി പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
288 റണ്‍സ് വിജയലക്ഷ്യം പതിനൊന്ന് പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു

പാള്‍ | ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചു. 288 റണ്‍സ് വിജയലക്ഷ്യം പതിനൊന്ന് പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി. 85 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ ലോകേഷ് രാഹുല്‍ 55 റണ്‍സെടുത്ത് പുറത്തായിരുന്നു.
രാഹുലും ഋഷഭ് പന്തും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച പന്ത് അനായാസം ബൗണ്ടറി ക്ലിയര്‍ ചെയ്തു. ഈ സമയത്ത് രാഹുലിന്റെ മെല്ലെപ്പോക്ക് മറച്ചുനിര്‍ത്തിയത് പന്തിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സായിരുന്നു. 43 പന്തില്‍ പന്ത് ഫിഫ്റ്റി തികച്ചു. മൂന്ന് തവണ ഫീല്‍ഡര്‍മാര്‍ ജീവന്‍ നല്‍കിയ രാഹുല്‍ 71 പന്തിലും ഫിഫ്റ്റി തികച്ചു. 115 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടിനു ശേഷം രാഹുല്‍ മടങ്ങി. 55 റണ്‍സെടുത്ത രാഹുലിനെ മഗാലയുടെ പന്തില്‍ വാന്‍ ഡെര്‍ ഡസ്സന്‍ പിടികൂടുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ പന്തും മടങ്ങി. പന്ത് തബ്രൈസ് ഷംസിയുടെ പന്തില്‍ മാര്‍ക്രത്തിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 71 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 85 റണ്‍സെടുത്ത് പുറത്തായ പന്ത് ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ഇന്ന് കുറിച്ചത്.