Ongoing News
ദക്ഷിണാഫ്രിക്കന്‍ പര്യടനം: ടി20, ഏകദിന, ടെസ്റ്റ് സ്‌ക്വാഡുകളെ പ്രഖ്യാപിച്ച് ബി സി സി ഐ
കെ എല്‍ രാഹുല്‍ നയിക്കുന്ന ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുക. ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ തന്നെ ടീമിനെ നയിക്കും.
ന്യൂഡല്‍ഹി | ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടി20, ഏകദിന, ടെസ്റ്റ് സ്‌ക്വാഡുകളെ പ്രഖ്യാപിച്ച് ബി സി സി ഐ. കെ എല്‍ രാഹുല്‍ നയിക്കുന്ന ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ഈ മാസം പത്ത് മുതല്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുക.
17, 19, 21 തിയതികളിലാണ് ഏകദിന പരമ്പരയിലെ മത്സരങ്ങള്‍. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ തന്നെ ടീമിനെ നയിക്കും. ഈ മാസം 26 മുതല്‍ 30 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കും.
വിശ്രമം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രോഹിത് ശര്‍മയെയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെയും ടി20, ഏകദിന പരമ്പരകളില്‍ ഉള്‍പ്പെടുത്താത്തതെന്ന് ബി സി സി ഐ വൃത്തങ്ങള്‍ അറിയിച്ചു.
ടെസ്റ്റ് സ്‌ക്വാഡില്‍ മുതിര്‍ന്ന താരങ്ങളായ അജിങ്ക്യ രഹാനെയെയും ചേതശ്വര്‍ പുജാരയെയും ഉള്‍പ്പെടുത്തിയിട്ടില്ല. മുഹമ്മദ് ഷമിയെ സ്‌ക്വാഡില്‍ പ്രഖ്യാപിച്ചെങ്കിലും വിശ്രമത്തിലുള്ള താരത്തിന് ബി സി സി ഐയുടെ മെഡിക്കല്‍ ക്ലിയറന്‍സ് ലഭ്യമാകേണ്ടതുണ്ട്. ശ്രേയസ്സ് അയ്യരും ഋതുരാജ് ഗെയ്ക്വാദും മൂന്ന് ഫോര്‍മാറ്റിലും കളിക്കും.
ഏകദിന സ്‌ക്വാഡ്
കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാടീദാര്‍, റിങ്കു സിംഗ്, ശ്രേയസ്സ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ദീപക് ചഹാര്‍.
ടി20 സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, റിങ്കു സിംഗ്, ശ്രേയസ്സ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍മാര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചഹാര്‍.
ടെസ്റ്റ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ്സ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി.
പാണ്ഡ്യ കാത്തിരിക്കണം
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കാലിന് പരുക്കേറ്റ് പുറത്തായ ഹാര്‍ദിക് പാണ്ഡ്യ ഇനിയും കാത്തിരിക്കണം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആള്‍ റൗണ്ടറായ ഹാര്‍ദിക് കളിക്കില്ലെന്നാണ് റിപോര്‍ട്ട്. പരുക്ക് പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ അടുത്ത ജനുവരി അവസാനം നടക്കുന്ന അഫ്ഗാനിസ്താനെതിരായ പരമ്പരയില്‍ മാത്രമേ ഇന്ത്യന്‍ ടീമില്‍ താരം തിരിച്ചെത്തൂവെന്നാണ് വിവരം.